go

ഒറിജിനലിനെ വെല്ലുന്ന വ്യാജ നോട്ട് നിർമാണം; പൊലീസ് സംഘം കണ്ടത്...

Kozhikode News
പ്രതികളായ രാജേഷ് (മുത്തു), വൈശാഖ്, വിൽബർട്ട്
SHARE

ബാലുശ്ശേരി∙ വീടു കേന്ദ്രീകരിച്ചു കള്ളനോട്ടുണ്ടാക്കുന്നതിനിടെ 3 പേർ പൊലീസ് പിടിയിൽ. എറണാകുളം വൈറ്റില തെങ്ങുമ്മൽ വിൽബർട്ട് (43), ബാലുശ്ശേരി മീത്തലെമണിഞ്ചേരി രാജേഷ് (മുത്തു–45), നല്ലളം താനില വൈശാഖ് (24) എന്നിവരെയാണു സിഐ കെ.സുഷീറും സംഘവും അറസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫിസ് റോഡിലുള്ള രാജേഷിന്റെ ഇരുനില വീട്ടിലായിരുന്നു കള്ളനോട്ട് നിർമാണം.

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിർമിക്കാനുള്ള സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. മാനിനെ വേട്ടയാടി ഇറച്ചി വിൽപന നടത്തിയ കേസിൽ നേരത്തേ രാജേഷ് വനപാലകരുടെ പിടിയിലായിരുന്നു. ഈ കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോഴാണു രാജേഷ് കള്ളനോട്ട് കേസിൽ മലപ്പുറത്തു നിന്നു പിടിയിലായ പ്രതി വിൽബർട്ടും ബോംബേറ് കേസിലെ പ്രതി വൈശാഖുമായി പരിചയത്തിലാകുന്നത്.

ജാമ്യത്തിൽ ഇറങ്ങിയ ശേഷം മൂവരും കള്ളനോട്ട് നിർമിക്കാൻ പദ്ധതിയിട്ട് ഒരുമിക്കുകയായിരുന്നെന്നു പൊലീസ് പറ‍ഞ്ഞു. ഏതാനും ദിവസങ്ങളായി ഇവർ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കള്ളനോട്ട് നിർമാണത്തിന്റെ ബുദ്ധികേന്ദ്രം വിൽബർട്ടായിരുന്നു. ഇയാളാണു പ്രിന്റിങ് മെഷീൻ, വിവിധ തരം മഷികൾ, നോട്ടിന്റെ വലുപ്പമുള്ള കടലാസുകൾ എന്നിവ സംഘടിപ്പിച്ചത്.

നോട്ടടിക്കാൻ പാകത്തിലുള്ള 200 എണ്ണം വീതമുള്ള കടലാസുകളുടെ 76 കെട്ടുകൾ, നിർമിച്ച കള്ളനോട്ടുകൾ, മറ്റു സാമഗ്രികൾ എന്നിവ പൊലീസ് കണ്ടെടുത്തു. പിടികൂടിയ രാസസംയുക്തങ്ങൾ ഫൊറൻസിക് സംഘം പരിശോധിച്ചു. എഎസ്ഐമാരായ കെ.എസ്.ശിവദാസൻ, സുധാകരൻ, കെ.സി.പൃഥ്വീരാജ്, സി.സുരേഷ്, സീനിയർ സിപിഒ ശ്രീജ തുടങ്ങിയവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

കള്ളനോട്ടടി വിപുലമായ സംവിധാനങ്ങളോടെ

ബാലുശ്ശേരി ∙ കള്ളനോട്ട് നിർമാണത്തിനിടെ പിടിയിലായ മൂവരും സൗഹൃദത്തിലായത് ജയിൽവാസത്തിനിടെ. എറണാകുളം വൈറ്റില തെങ്ങുമ്മൽ വിൽബർട്ട് (43), ബാലുശ്ശേരി മീത്തലെമണിഞ്ചേരി രാജേഷ് (മുത്തു–45), നല്ലളം താനില വൈശാഖ് (24) എന്നിവരാണ് പോസ്റ്റ് ഓഫിസ് റോഡിലുള്ള രാജേഷിന്റെ ഇരുനില വീട്ടിൽനിന്ന് അറസ്റ്റിലായത്.

രഹസ്യ വിവരം ലഭിച്ച പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ കണ്ടത് ഒറിജിനലിനെ വെല്ലുന്ന വ്യാജ നോട്ട് നിർമിക്കാനുള്ള സംവിധാനങ്ങൾ. 2 നില വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിലായിരുന്നു കള്ളനോട്ട് നിർമാണത്തിനായി ഒരുക്കങ്ങൾ നടത്തിയത്. മുറി നിറയെ കള്ളനോട്ട് നിർമാണത്തിനു വേണ്ട സാമഗ്രികളായിരുന്നു. കള്ളനോട്ട് പ്രിന്റ് എടുക്കുന്ന രീതി വിൽബർട്ട് പൊലീസിനു കാണിച്ചുകൊടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു സിഐ കെ. സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനക്കെത്തിയത്.

മാനിറച്ചി കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ രാജേഷിന്റെ വീട്ടിൽ അപരിചിതരായ ചിലർ എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം ഇവിടെ നിരീക്ഷണം നടത്തി വരികയായിരുന്നു. മുൻപ് കള്ളനോട്ട് കേസുകളിൽ പ്രതിയായ വിൽബർട്ടിനെയും കുറ്റ്യാടി ബോംബേറ് കേസിൽ പ്രതിയായ നല്ലളം സ്വദേശി വൈശാഖിനെയും പൊലീസിന് തിരിച്ചറിയാനായത് നിർണായകമായി. സാങ്കേതിക വൈദഗ്ധ്യം അമ്പരിപ്പിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത രാസ സംയുക്തങ്ങൾ ഫോറൻസിക് പരിശോധനക്കായി ലാബിലേക്ക് അയക്കും.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama