go

പെട്രോൾ പമ്പിൽ തോക്കു ചൂണ്ടി മോഷ്ടാവ്; പണം നിലത്തുവീണ് കവർച്ച പൊളിഞ്ഞു

Kozhikode news
കവർച്ചാശ്രമം നടന്ന കൊളായിത്താഴത്തെ പെട്രോൾ പമ്പ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.പി. അശോകനും സംഘവും സന്ദർശിക്കുന്നു.
SHARE

കുന്നമംഗലം∙ കാരന്തൂർ–മെഡിക്കൽ കോളജ് റോഡിൽ പെട്രോൾ പമ്പിൽ അർധരാത്രി തോക്കു ചൂണ്ടി പണം തട്ടാനുള്ള ശ്രമം ജീവനക്കാരുടെ ഇടപെടൽ മൂലം വിഫലമായി. പണം സൂക്ഷിച്ചിരുന്ന ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവും ജീവനക്കാരും തമ്മിലുള്ള പിടിവലിക്കിടെ ബാഗിൽനിന്നു പണം താഴെ വീഴുകയായിരുന്നു. കൊളായിത്താഴത്തെ സി. ദേവദാസൻ ആൻഡ് ബ്രദേഴ്സ് എന്ന ഭാരത് പെട്രോളിയം പമ്പിലാണു മോഷണശ്രമമുണ്ടായത്.

തിങ്കളാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ കലക്‌ഷൻ തുകയായ 1,70,000 രൂപ ബാഗിലാക്കി ജീവനക്കാരൻ തൊട്ടടുത്തുള്ള വീട്ടിലെത്തിക്കാൻ ശ്രമിക്കുമ്പോഴാണു  സംഭവം. മുഖം മറച്ചെത്തിയ ആൾ ബാഗ് കൈക്കലാക്കി. ജീവനക്കാരനും മോഷ്ടാവും തമ്മിൽ പിടിവലിയായി. തൊട്ടടുത്ത മുറിയിൽ വിശ്രമിക്കുകയായിരുന്ന മറ്റൊരു ജീവനക്കാരൻ ബഹളം കേട്ട്  എത്തിയപ്പോഴേക്കും മോഷ്ടാവ് ബാഗുമായി രക്ഷപ്പെട്ടു. സിപ്പ് ഇടാതിരുന്ന ബാഗിൽനിന്നു പിടിവലിക്കിടെ പണം നിലത്തു വീണിരുന്നു.

ജീവനക്കാർക്കു നേരെ മോഷ്ടാവ് തോക്കു ചൂണ്ടിയതായി പറയുന്നു. ഭീതിയിലായ ജീവനക്കാർ പൊലീസിനെയും ഉടമയെയും വിവരമറിയിച്ചു.പുലരുംവരെ പൊലീസിന്റെ നേതൃത്വത്തിൽ പരിസരങ്ങളിൽ വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വെള്ള ടീ ഷർട്ട് ധരിച്ച് ഉയരം കുറഞ്ഞ ആളാണു മോഷ്ടാവെന്നു ജീവനക്കാർ വിവരം നൽകി.

പമ്പും പണവും തോക്കിൻമുനയിൽ

Kozhikode news
1. പെട്രോൾ പമ്പ്

ഏഴ് മാസത്തിനിടെ പെട്രോൾ പമ്പിൽനിന്ന് തോക്ക് ചൂണ്ടി പണം കവരുന്ന സംഭവം ആവർത്തിച്ചതോടെ ഉടമകളും ജീവനക്കാരും ഭീതിയിൽ. കഴിഞ്ഞ മേയ് 9ന് കട്ടാങ്ങലിലെ ഭാരത് പെട്രോളിയം ഔട്ട്‌ലെറ്റായ ഇ.കെ. ഫ്യുവൽസിൽനിന്ന് 108,000രൂപയാണ് തോക്കുധാരിയായ മോഷ്ടാവ് കവർന്നത്.

Kozhikode news
2. അക്രമിയും ജീവനക്കാരനും തമ്മിൽ പിടിവലി നടക്കുന്നു. ഇതിനിടയിൽ ബാഗിൽനിന്ന് പണം നിലത്തേക്കു വീഴുന്നു

ഓഫിസനികത്ത് മേശപ്പുറത്ത് എണ്ണി തിട്ടപ്പെടുത്തി വെച്ച തുക ഉടമയായ യുവതിയെയും ജീവനക്കാരനെയും ഭീഷണിപ്പെടുത്തി കൈക്കലാക്കുകയായിരുന്നു.  അസി.കമ്മീഷണർ(നോർത്ത്) ഇ.പി. പൃഥിരാജിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് വിവിധ സംസ്ഥാനങ്ങളും മെട്രോ നഗരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നുമുണ്ടായിട്ടില്ല.

kozhikode-using-gun
3. തോക്കു ചൂണ്ടി അക്രമി രക്ഷപ്പെടുന്നു. ബാഗിൽനിന്നു നിലത്തുവീണതിനാൽ പണം നഷ്ടമായില്ല.

പെട്രോൾ പമ്പിലെ സിസിടിവി മിന്നലിനെ തുടർന്ന് പ്രവർത്തിക്കാതിരുന്നതും പരിസരത്തെ കടകളിലും മറ്റും സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ നിന്ന് കാര്യമായ സൂചനകളൊന്നും ലഭിക്കാതിരുന്നതും തുടർ അന്വേഷണത്തിന് തടസമായി. ഇന്നലെ പണം കവരാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും തോക്കുചൂണ്ടി ജീവനക്കാരെ ഭയപ്പെടുത്താൻ മോഷ്ടാവിനു കഴിഞ്ഞു. 

പമ്പുകൾ അടച്ചിടേണ്ടി വരും

രാത്രിയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് നേരെ നിരന്തരമായുണ്ടാകുന്ന കവർച്ചാ ശ്രമങ്ങളുടെ സാഹചര്യത്തിൽ ആവശ്യമായ സുരക്ഷ ലഭിക്കാത്തതു മൂലം വൈകീട്ട് 6ന് ശേഷം പെട്രോൾ പമ്പുകളുടെ പ്രവർത്തനം നിർത്തി വെക്കേണ്ടി വരുമെന്ന് കോഴിക്കോട് ജില്ലാ പെട്രോളിയം ഡീലേർസ് അസോസിയേഷൻ അറിയിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama