ബാലുശ്ശേരി ∙ കള്ളനോട്ടടി കേസിൽ അറസ്റ്റിലായ രാജേഷ് വീട് കള്ളനോട്ടടി കേന്ദ്രമാക്കിയത് അമ്മയെ വിദഗ്ധമായി കബളിപ്പിച്ച്. വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ വച്ചുള്ള കള്ളനോട്ട് നിർമാണത്തെക്കുറിച്ച് അമ്മ അറിയുന്നത് പൊലീസ് എത്തിയപ്പോൾ മാത്രം. അന്വേഷണത്തിന്റെ ഭാഗമായി വീട് പൂട്ടി സീൽ ചെയ്തതിനാൽ ഇവർ മൂത്ത മകനൊപ്പമാണ് ഇപ്പോൾ താമസം. ബഹ്റൈനിൽ നിന്നു വന്ന സുഹൃത്താണെന്നു പറഞ്ഞാണ് രാജേഷ് കൂട്ടുപ്രതി വിൽബർട്ടിനെ അമ്മയ്ക്ക് പരിചയപ്പെടുത്തിയത്.
വിൽബർട്ടിന്റെ വസ്തു സംബന്ധമായ കേസ് കോടതിയിൽ നടക്കുന്നതിനിനാൽ ഇടയ്ക്ക് അവൻ ഇവിടെ താമസിക്കാനെത്തുമെന്നാണ് അമ്മയോട് പറഞ്ഞത്. 5 മാസം മുൻപാണ് വിൽബർട്ട് ഇവിടെ എത്തുന്നത്. വീട്ടിലെ ജോലിക്കാരിയോട് വിൽബർട്ട് വാടകയ്ക്ക് താമിക്കാനെത്തിയതാണെന്നാണ് ഇവര് പറഞ്ഞത്. രാജേഷ് അസുഖ ബാധിതനായപ്പോൾ ആശുപത്രിയിൽ വച്ചാണ് മറ്റൊരു പ്രതിയായ വൈശാഖിനെ അമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.
അതിനു ശേഷം വൈശാഖും ഇടയ്ക്ക് ഇവിടെ എത്തിയിരുന്നു. മുത്തുവിന്റെ ഭാര്യയും 2 കുട്ടികളും ബഹ്റൈനിലാണ്. നേരത്തെ മുത്തു അവിടെ നിന്ന് അവധിക്കു നാട്ടിലെത്തിയപ്പോഴാണ് മാനിനെ വേട്ടയാടിയ കേസിൽ അറസ്റ്റിലായത്. കുടുംബ സുഹൃത്തുക്കളെ പോലെയായിരുന്നു വില്ബര്ട്ടും വൈശാഖും പെരുമാറിയിരുന്നത്. രാജേഷ് അടിപിടിക്ക് നേതൃത്വം നല്കിയ ഒട്ടേറെ സംഭവങ്ങളുണ്ട്. അറസ്റ്റിലാകുന്നതിനു തലേന്ന് ഉത്സവ സ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.