go

പഠന വൈകല്യ സർട്ടിഫിക്കറ്റ്: ജില്ലയിൽ കാത്തിരിക്കുന്നത് രണ്ടായിരത്തോളം പേർ

SHARE

കോഴിക്കോട് ∙ ഭിന്നശേഷിക്കാർക്കുള്ള പഠന വൈകല്യ സർട്ടിഫിക്കറ്റിനായി ജില്ലയിൽ കാത്തിരിക്കുന്നത് രണ്ടായിരത്തോളം എസ്എസ്എൽസി വിദ്യാർഥികൾ. മലപ്പുറത്ത് നാലായിരത്തോളം വിദ്യാർഥികളുമുണ്ട്. വിദ്യാർഥികളുടെ ഐ ക്യൂ പരിശോധന പൂർത്തിയാക്കേണ്ടത് സൈക്കോളജിസ്റ്റാണ്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റ് വേണം സർട്ടിഫിക്കറ്റ് നൽകാൻ. കോഴിക്കോട്ട് മെഡിക്കൽ കോളജ് കാംപസിലുള്ള ഇംഹാൻസിൽ സൈക്കോളജിസ്റ്റുകൾ ലഭ്യമാണെങ്കിലും സൈക്യാട്രിസ്റ്റുകളില്ല.

മെഡിക്കൽ കോളജ് കാംപസിൽ തന്നെ പ്രവർത്തിക്കുന്ന കോംബസിറ്റ് റീജനൽ സെന്റർ ഫോർ പഴ്സൺസ് വിത്ത് ഡിസബിലിറ്റീസിലും സൈക്കോളജിസ്റ്റ് ഉണ്ടെങ്കിലും സൈക്യാട്രിസ്റ്റില്ല. കോഴിക്കോട് ജില്ലയിലെ രണ്ടായിരത്തോളം വരുന്ന കുട്ടികളിൽ ആയിരം പേരുടെ ഐ ക്യൂ പരിശോധന ഈ രണ്ട് സ്ഥാപനങ്ങളിലുമായാണ് പൂർത്തിയാക്കിയിട്ടുള്ളത്. ബാക്കി ആയിരം പേരുടെ പരിശോധനയുടെ പ്രാരംഭ നടപടി പോലുമായിട്ടില്ല.

കോഴിക്കോട്ടെ ഐ ക്യൂ പരിശോധന പൂർത്തീകരിച്ച 1000 പേർക്ക് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു സർ‌ട്ടിഫിക്കറ്റ് നൽകാനാകാത്ത അവസ്ഥയാണുള്ളത്. അതേസമയം പ്രശ്നത്തിനു പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണെന്നാണ് ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികളുടെ ചുമതലയുള്ള കോഴിക്കോട് എസ്എസ്എ പ്രോഗ്രാം ഓഫിസർ എ.കെ. അബ്ദുൽ ഹക്കിം പറയുന്നത്.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാലായിരത്തോളം വിദ്യാർഥികളാണ് എൽഡി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നത്. ഇവരിൽ എസ്എസ്എ നടത്തിയ സ്ക്രീനിങ്ങിൽ 2015 കുട്ടികൾക്ക് പഠനവൈകല്യം സംശയിക്കുന്നതായി കണ്ടെത്തി പട്ടിക തയാറാക്കി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പ്രശ്നത്തിന്റെ ഗൗരവം വിശദീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ടെന്നും കലക്ടറുമായി കൂടിയാലോചന നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കലക്ടർ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം അധികൃതരോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവിന്റെ കൂടി പശ്ചാത്തലത്തിൽ എസ്എസ്എൽസി വിദ്യാർഥികളുടെ എൽഡി സർട്ടിഫിക്കറ്റ് നൽകാനുള്ള സമയം നീട്ടണമെന്നാണ് ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama