go

കനോലി കനാൽ തെളിയുന്നു

Kozhikode News
SHARE

കോഴിക്കോട്∙ കനോലി കനാൽ ശുചീകരണ പരിപാടികളും മാലിന്യം ഒഴുക്കുന്നതിനെതിരെയുള്ള നടപടികളും ഫലം കാണുന്നു. സിഡബ്ല്യുആർഡിഎം നടത്തിയ പരിശോധനയിൽ കനാലിലെ ജലനിലവാരത്തിൽ നേരിയ പുരോഗതിയുണ്ടെന്നാണു കണ്ടെത്തൽ. എര‍ഞ്ഞിക്കൽ മുതൽ മൂരിയാട് വരെയുള്ള 8 സെക്ടറുകളിൽനിന്ന് ഒക്ടോബർ 10നും നവംബർ 3നും ശേഖരിച്ച 12 സാംപിളുകളുടെ പരിശോധനാ ഫലങ്ങളുടെ താരതമ്യമാണ് പുറത്തുവന്നിരിക്കുന്നത്. 

ജലനിലവാരം നിർണയിക്കുന്ന ഘടകങ്ങൾ വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ പരിശോധിച്ചിട്ടുണ്ട്. വെള്ളത്തിന്റെ നിലവാരം നേരിയ തോതിലാണ് ഉയർന്നിട്ടുള്ളതെങ്കിലും ഒരുമാസത്തെ പ്രവർത്തനംകൊണ്ടുണ്ടായ മാറ്റം പ്രതീക്ഷനൽകുന്നതാണെന്ന് സിഡബ്ല്യുആർഡിഎം സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി.എസ്.ഹരികുമാർ പറഞ്ഞു. ശക്തമായ പ്രവർത്തനങ്ങൾ തുടർന്നാൽ ജലത്തിന്റെ ഗുണനിലവാരം കൂടുതൽ ഉയർത്താനാകുമെന്നും അഭിപ്രായപ്പെട്ടു. 

ഒഴുക്കു വർധിപ്പിക്കണം 

കനാൽ വെള്ളത്തിന്റെ നിലവാരമുയർത്താൻ ഒഴുക്കുസുഗമമാക്കുകയാണു വേണ്ടതെന്ന് ഡോ. പി.എസ്. ഹരികുമാർ പറയുന്നു. ഇതിനായി മൂരിയാട് ഭാഗത്ത് അടിഞ്ഞുകൂടിയ ചെളി നീക്കണം. അഴുക്കുചാലുകളിലെ വെള്ളം സംസ്കരിച്ചതിനുശേഷമാണു കനാലിലേക്കുവരുന്നതെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞു.

ശുചീകരണത്തിനായി ബോട്ട് 

കനോലി കനാലിൽ ഇറങ്ങിയുള്ള  ശുചീകരണത്തിനായി ബോട്ട് വാങ്ങുന്നത് അടുത്ത സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കോർപറേഷൻ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ കെ.വി.ബാബുരാജ്. 20 ലക്ഷം രൂപയിൽ താഴെ ചെലവിൽ ഡീസൽ എൻജിൻ ബോട്ട് വാങ്ങുന്നതാണ് ലക്ഷ്യമിടുന്നത്. ഡിപിസി അംഗീകാരം ലഭിച്ചാൽ പദ്ധതി നടപ്പാകും. ഇതോടെ കനാൽ ശുചീകരണത്തിനുള്ള സ്ഥിരം സംവിധാനമാകുമെന്നും പറഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama