go

പണിമുടക്ക് ഭാഗികം

Kozhikode News
ദേശീയ പണിമുടക്കു ദിനത്തിൽ കോഴിക്കോട്ട് സംയുക്ത സമര സമിതി നടത്തിയ പ്രകടനം. ചിത്രം: മനോരമ
SHARE

കോഴിക്കോട് ∙ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്കിൽ ഇന്നലെ നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഓടി. കടകമ്പോളങ്ങൾ ഭൂരിഭാഗവും തുറന്നിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് മാവൂർ ഭാഗത്തേക്ക് ഒരു സ്വകാര്യ ബസ് സർവീസ് നടത്തി.

തുടർന്നു കോഴിക്കോട് – കൊളത്തറ, പെരുമണ്ണ– കോഴിക്കോട് റൂട്ടുകളിലേക്കും ബസ് സർവീസ് നടത്തിയിരുന്നു. ചില ഓട്ടോറിക്ഷകളും സർവീസ് നടത്തി. സ്വന്തം വാഹനമുള്ളവർ ഓഫിസുകളിലെത്തി. വലിയങ്ങാടിയിലും മിഠായിത്തെരുവിലും പകുതിയിലധികം കടകൾ തുറന്നു പ്രവർത്തിച്ചു. എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ഉച്ചയ്ക്ക് ശേഷം ചില പെട്രോൾ പമ്പുകളും തുറന്നു.

പണിമുടക്കിന്റെ രണ്ടാം ദിവസവും സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചില്ല. കലക്ടറേറ്റിൽ എഡിഎം ഉൾപ്പെടെ 4 ഡപ്യൂട്ടി കലക്ടർമാരും മറ്റ് ഏതാനും ജീവനക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. കോർപറേഷൻ ഓഫിസിൽ എൻജിനീയറിങ് വിഭാഗത്തിൽ ഒരു ക്ലാർക്കും ഫോൺ ഓപ്പറേറ്ററുമാണു എത്തിയത്.

സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫിസുകളിൽ 2 ദിവസവും ഏതാനും പേർ മാത്രമാണു ജോലിക്ക് എത്തിയത്.  നഗരത്തിലെ മറ്റു സർക്കാർ ഓഫിസുകളിലും ഇതേ അവസ്ഥയായിരുന്നു. പല ബാങ്കുകളും തുറന്നെങ്കിലും ഇടപാടുകാർ കുറവായിരുന്നു. കോഴിക്കോട്ട് ട്രെയിൻ ഗതാഗതം തടസ്സമില്ലാതെ നടന്നു.

ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

കോഴിക്കോട് ∙ പണിമുടക്ക് അനുകൂലികൾ കടകൾ ബലം പ്രയോഗിച്ചും ഫോൺ വഴി ഭീഷണിപ്പെടുത്തിയും അടപ്പിച്ചുവെന്നു ഹർത്താൽ വിരുദ്ധ മുന്നണി യോഗം ആരോപിച്ചു. പണിമുടക്കു മറ്റു സംസ്ഥാനങ്ങളിൽ നാമമാത്രമായപ്പോൾ കേരളത്തിൽ ഹർത്താൽ ആക്കി മാറ്റി ജനജീവിതം ദുസ്സഹമാക്കി.

ബലം പ്രയോഗിച്ചു കടകൾ അടപ്പിക്കുകയും ട്രെയിനും മറ്റു വാഹനങ്ങളും തടയുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ജോൺസൺ വില്യംസ് ആധ്യക്ഷ്യം വഹിച്ചു.

പ്രകടനം നടത്തി

ദേശീയപണിമുടക്കിന്റെ ഭാഗ മായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നഗരത്തി‍ൽ പ്രകടനം നടത്തി. മുതലക്കുളത്ത് നിന്ന് ആരംഭിച്ച മാർച്ച് ലിങ്ക് റോഡിൽ സമാപിച്ചു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി പി.നന്ദകുമാർ, എം. രാജൻ, പി.കെ. മുകുന്ദൻ, ജാഫർ സക്കീർ, പി.കെ.നാസർ, കെ.രാജീവൻ, കെ.പി.സനൽ കുമാർ എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ കോളജ് ഒപി തിരക്കു കുറഞ്ഞു

കോഴിക്കോട് ∙ ദേശീയ പണിമുടക്കിനെ തുടർ‌ന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചില ഒപി വിഭാഗങ്ങളിൽ എത്തിയ രോഗികൾ കുറവ്. പണിമുടക്കിൽ പങ്കെടുത്തുകൊണ്ടാണ് ഒപി ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാർ സേവനം ചെയ്തത്. ഇതു രോഗികൾക്ക് ഏറെ സഹായകമായി.

ഒപി ഫാർമസിയും മുടക്കമില്ലാതെ പ്രവർത്തിച്ചു. ഡോക്ടർ കുറിച്ചു നൽകിയ മിക്ക മരുന്നുകളും ഇവിടെ നിന്നു ലഭിച്ചിരുന്നു.  ഉദരരോഗ ശസ്ത്രക്രിയാ വിഭാഗത്തിൽ നല്ല തിരക്കനുഭവപ്പെട്ടു. മെഡിസിൻ‌ ഒപിയിൽ 150 പേർ ചികിത്സ തേടി. ഇപ്പോൾ ശശാശരി 250 മുതൽ 300 വരെ പേരാണ് മെഡിസിൻ ഒപിയിൽ എത്താറുള്ളത്.

ഡോക്ടർമാർ‌, നഴ്സുമാർ, ഫാർമസിസ്റ്റ്, മറ്റു ജീവനക്കാർ തുടങ്ങിയവരെല്ലാവരും ജോലിക്കെത്തിയിരുന്നു. ഇതിൽ തന്നെ പലരും പണിമുടക്കിൽ പങ്കെടുത്തുകൊണ്ടാണ് ജോലി ചെയ്തത്. അത്യാഹിത വിഭാഗത്തിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ശസ്ത്രക്രിയ തിയറ്ററും പ്രവർത്തിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama