go

കൂരാച്ചുണ്ടിൽ ഭൂനികുതി സ്വീകരിച്ച് റവന്യുരേഖകളുടെ കൈമാറൽ നാളെ

SHARE

കൂരാച്ചുണ്ട് ∙ കാന്തലാട്, കൂരാച്ചുണ്ട്, ചക്കിട്ടപാറ വില്ലേജുകളിലെ 1977ന് മുൻപ് കൈവശാവകാശ രേഖയുള്ള കർഷകരുടെ ഭൂനികുതി സ്വീകരിച്ച്, കൈവശാവകാശ സർട്ടിഫിക്കറ്റും മറ്റു റവന്യു രേഖകളും നൽകുന്നതിന്റെ ഉദ്ഘാടനവും നാളെ 2ന് കൂരാച്ചുണ്ട് ഹിബാസ് ഓഡിറ്റോറിയത്തിൽ നടക്കും. കൂരാച്ചുണ്ട് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും കൂരാച്ചുണ്ട് വില്ലേജ് പരിധിയിലാക്കി വില്ലേജ് ഏകീകരണത്തിന്റെ പ്രഖ്യാപനവും ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2016 ഓഗസ്റ്റ് 3ന് ചേർന്ന ഉന്നതതല യോഗതീരുമാനത്തിന്റെ  അടിസ്ഥാനത്തിൽ നികുതി നിഷേധിച്ച കർഷകരുടെ 1977 ജനുവരി 1 ന് മുൻപുള്ള കൈവശ രേഖകൾ പരിശോധിച്ച് 2017ൽ വില്ലേജുകളിൽ നികുതി സ്വീകരിച്ചു. എന്നാൽ കൈവശ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള റവന്യു രേഖകൾ അനുവദിച്ചിരുന്നില്ല. വനംവകുപ്പ് തർക്കം ഉന്നയിച്ച കൃഷി ഭൂമിയിൽ വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത സർവേ നടത്തി റിപ്പോർട്ട് സർക്കാരിന് നൽകി.

2018 മാർച്ച് 21 ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത രണ്ടാമത്തെ യോഗത്തിൽ നികുതി സ്വീകരിച്ച കർഷകർക്ക് റവന്യു രേഖകൾ നൽകാൻ തീരുമാനിച്ചു. ഈ തീരുമാന പ്രകാരം 2018 മേയ് 24 ന് റവന്യു രേഖകൾ നൽകുന്നതിന് വില്ലേജ് ഓഫിസർമാർക്ക് ഉത്തരവും നൽകി. 20 വർഷത്തിലേറെയായി മലയോര മേഖലയിലെ കർഷകർ അനുഭവിച്ചിരുന്ന കൃഷി ഭൂമിയുടെ രേഖകൾ സംബന്ധിച്ച പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എംപി, പുരുഷൻ കടലുണ്ടി എംഎൽഎ, ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ജനപ്രതിനിധികൾ, കലക്ടർ, ഡിഎഫ്ഒ, വിവിധ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കളും, കർഷക നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർപഴ്‌സൺ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് വിൻസി തൊണ്ടിയിൽ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഒ.ഡി. തോമസ് എന്നിവർ അറിയിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama