go

മൂരാടിന്റെ പ്രതീക്ഷ

 മൂരാട് പാലം
മൂരാട് പാലം
SHARE

കോഴിക്കോട്∙ മൂരാട് പാലം പൊളിച്ചുപണിയെണമെന്നാവശ്യപ്പെട്ട്  സമരംചെയ്യുന്ന നാട്ടുകാർക്ക് പുതിയ പ്രതീക്ഷ നൽകുകയാണു കേന്ദ്രമന്ത്രിയുടെ വാക്കുകൾ. പദ്ധതി അടുത്ത സാമ്പത്തികവർഷം ആരംഭിക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി മൻസുഖ് മാണ്ഡവ്യ മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയെ അറിയിച്ചിരിക്കുന്നത്. ദേശീയപാത 66 വികസിപ്പിക്കുന്നതിനായി സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാതെ പാതയുടെ ഭാഗമായ പാലം പുനർനിർമിക്കാനാകില്ല എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് പദ്ധതി വൈകിപ്പിക്കുകയായിരുന്നു. എന്നാൽ ഈ തടസ്സം മാറുമെന്ന പ്രതീക്ഷയാണ് മന്ത്രിയുടെ വാക്കുകളിൽ തെളിയുന്നത്. കോരപ്പുഴ പാലവും പുനർനിർമിക്കുന്നതോടെ ദേശീയപാതയിലെ ഗതാഗതം സുഗമമാകുമെന്നാണ് കരുതുന്നത്. 

പുതിയപാലം വരുന്ന വഴി 

  മൂരാട് പാലം
മൂരാട് പാലം

എംപിയുടെ ചോദ്യത്തിനു മന്ത്രി നൽകിയ മറുപടി അനുസരിച്ച് സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗം നൽകിയ പദ്ധതിനിർദേശം അനുസരിച്ച് പാലം പണിയുമെന്നാണ് വ്യക്തമാകുന്നത്. റോഡ് 6 വരിയാക്കാനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാൻ കാത്തിരിക്കാതെ അടിയന്തര സ്വഭാവം പരിഗണിച്ച് പാലത്തിന്റെ നിർമാണം 2019–20ൽ തുടങ്ങും.  സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഇതുസംബന്ധിച്ച് പലതവണ കേന്ദ്രമന്ത്രാലയവുമായി നേരത്തേ ചർച്ച നടത്തിയിട്ടുമുണ്ട്. സ്റ്റാൻഡ് എലോൺ പദ്ധതിയായി മൂരാട് പാലത്തെ പരിഗണിക്കാമെന്ന് അദ്ദേഹത്തിനും ഉറപ്പുലഭിച്ചിരുന്നു.

സംസ്ഥാന പിഡബ്ല്യുഡി ദേശീയപാത വിഭാഗം പാലത്തിനുള്ള വിശദമായ റിപ്പോർട്ട് 2017ലാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിനു സമർപ്പിച്ചത്.  ഇതനുസരിച്ച് കേന്ദ്രസർക്കാർ ഫണ്ടിലായിരിക്കും പാലം നിർമിക്കുന്നത്. ദേശീയപാതാ വികസന പദ്ധതി അനുസരിച്ച്  35 മീറ്റർ വീതിയിലാണ് ആറുവരിപ്പാലം പണിയേണ്ടതെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇപ്പോൾ 16 മീറ്റർ വീതിയിൽ മൂന്നുവരിപ്പാലമാണ് സംസ്ഥാന പൊതുമരാമത്തുവകുപ്പ് നിർദേശിച്ചിരിക്കുന്നത്. ഇപ്പോഴുള്ള പാലം നിലനിർത്തുകയും ചെയ്യും. ദേശീയപാതാ വികസനം യാഥാർഥ്യാകുമ്പോൾ പഴയപാലത്തിന്റെ സ്ഥാനത്ത് 16  മീറ്ററിലുള്ള ഒരു മൂന്നുവരിപ്പാലംകൂടി വരും. 3 വരി പാലം നിർമാണത്തിനും സ്ഥലമേറ്റെടുപ്പിനുമായി 50 കോടിയാണ് 2 വർഷം മുൻപ് കണക്കാക്കിയിരുന്നത്. 

കാലഹണപ്പെട്ട പാലം 

1940ൽ പൂർത്തിയാക്കിയതാണു 145 മീറ്റർ നീളവും അഞ്ചര മീറ്റർ വീതിയുമുള്ള മൂരാട് പാലം. 26 വർഷം മുൻപ് ഇതു കാലഹരണകാലം (ഗാരന്റി പീരിയഡ്) കടന്നു.  ഉപരിതലം കുഴിയാകുന്ന അവസ്ഥയ്ക്കപ്പുറം ഇപ്പോൾ പാലത്തിന്റെ അടിഭാഗവും അരികുകളും കൂടി തകർന്നുതുടങ്ങിയിരിക്കുന്നു. പാലത്തിന്റെയും പ്രതലം ദുർബലമാണെന്ന് പല തവണ റിപ്പോർട്ടുകളും വന്നു.  കോൺക്രീറ്റിനു മുകളിൽ ടാറിങ് നടത്തിയ ഭാഗം പൊളിയുന്നതാണു പ്രധാന പ്രശ്‌നം. 

ഏഴുമീറ്റർ വീതിയുള്ള പാതയിൽ അഞ്ചര മീറ്റർ വീതിയിലുള്ള പാലമുണ്ടാക്കുന്ന ഗതാഗതക്കുരുക്കാണ് മറ്റൊരു പ്രതിസന്ധി. പല ഊഴങ്ങളായി പാലത്തിന്റെ ഇരുകരയിലും നിൽക്കുന്ന പൊലീസ് ഒരു വശത്തേക്കു മാത്രമായി വാഹനങ്ങളെ നിയന്ത്രിച്ചു കടത്തിവിട്ടാണു കുരുക്കുണ്ടാകാതെ ശ്രദ്ധിക്കുന്നത്. എതിർദിശകളിൽനിന്നുള്ള രണ്ടു വലിയ വാഹനങ്ങൾക്കു പാലത്തിലൂടെ ഒന്നിച്ചു കടന്നുപോകാനാവില്ല എന്നതുകൊണ്ടാണ് ഈ സംവിധാനം.

ഇങ്ങനെ തടഞ്ഞിടുന്ന വാഹനങ്ങളുടെ നിര പാലത്തിന് ഇരുഭാഗത്തും കിലോമീറ്ററുകളോളം നീളുന്നു. പാലത്തിനടുത്തെത്താൻ എത്ര നേരമെടുക്കുമെന്ന് ആർക്കും പറയാനാവില്ല. ഈ കുരുക്കിൽ ആംബുലൻസുകളും കുടുങ്ങിപ്പോകുന്നതു വഴി നഷ്ടമാകുന്ന ജീവനുകളും ഏറെയാണ്. പൊലീസിന്റെ കാവലില്ലെങ്കിൽ പാലത്തിനു മുകളിൽ പലപ്പോഴും വാഹനങ്ങൾ കുടുങ്ങിപ്പോകുകയും ചെയ്യും. ഇനി ഈ പാലം ഒഴിവാക്കണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റണം. വടകരയിൽനിന്ന് മണിയൂർ വഴി തുറശ്ശേരിക്കടവ് പാലമോ അട്ടക്കുണ്ടുകടവ് പാലമോ കടന്ന്  പയ്യോളി അങ്ങാടിയിലേക്കുള്ള വഴിയാണുള്ളത്. മൂരാട് പാലം പുതുക്കിപ്പണിയാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 2007ൽതന്നെ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനം സമർപ്പിച്ച പദ്ധതി അനുസരിച്ച് മൂരാട് പാലം നിർമാണം അടുത്ത സാമ്പത്തികവർഷം തുടങ്ങുമെന്നാണ് കേന്ദ്രമന്ത്രി പാർലമെന്റിലെ ചോദ്യത്തിനു മറുപടി നൽകിയത്. ദേശീയപാതയിലെ കുരുക്കിന് വലിയ ആശ്വാസമുണ്ടാകുന്നതാണു പദ്ധതി. മുല്ലപ്പള്ളി രാമചന്ദ്രൻ എംപി 

മൂരാട് പാലത്തിന്റെ നടപടി പുരോഗമിക്കുന്നുണ്ട്. പാലോളി പാലത്തിന്റെ വിഷയത്തിൽ പുരോഗതിയില്ല. ദേശീയപാതയുടെ വികസനത്തിന് കേന്ദ്രത്തിന് കേരളത്തിന്റെയത്ര വേഗമില്ല. എന്നാൽ പൊതുവേ കേന്ദ്രഗതാഗത മന്ത്രാലയം കേരളത്തോടു നല്ലസമീപനമാണു പുലർത്തുന്നത് മന്ത്രി ജി.സുധാകരൻ ( കോരപ്പുഴ പാലത്തിന്റെ നിർമാണോദ്ഘാടനവേദിയിൽ പറഞ്ഞത്) 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama