go

ബസ് സമരം തുടങ്ങിയിട്ട് 10 ദിവസം പിന്നിട്ടു

 യാത്രാ ദുരിതം രൂക്ഷമായ മേപ്പയൂരിൽ നിന്നുള്ള കാഴ്ച.
യാത്രാ ദുരിതം രൂക്ഷമായ മേപ്പയൂരിൽ നിന്നുള്ള കാഴ്ച.
SHARE

മേപ്പയൂർ ∙ തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിയോജക മണ്ഡലത്തിൽ ബസ് പണിമുടക്ക് തുടങ്ങിയിട്ട് പത്തു ദിവസം പിന്നിട്ടു. എന്നാൽ സമരം അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാവുന്നില്ല. പേരാമ്പ്ര– പയ്യോളി –വടകര റൂട്ടിൽ നടക്കുന്ന ബസ് സമരം കാരണം യാത്രക്കാർ കഷ്ടപ്പെടുകയാണ്. ദിവസവും ആയിരക്കണക്കിനാളുകൾ യാത്രചെയ്യുന്ന റൂട്ടാണിത്.

വടകര ബസ്‌ സ്റ്റാൻഡിൽ നടപ്പിലാക്കിയ പുതിയ ട്രാഫിക് പരിഷ്ക്കാരങ്ങൾ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി ജനുവരി ഒന്ന് മുതലാണ് പണിമുടക്ക് തുടങ്ങിയത്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഈ റൂട്ടിൽ വിദ്യാർഥികളും തൊഴിലാളികളും സ്ത്രീകളുമാണ് ഏറെ കഷ്ടപ്പെടുന്നത്. ജീവനക്കാർക്ക് സമയത്ത് ഓഫിസുകളിൽ  എത്തിച്ചേരാൻ കഴിയുന്നില്ല. സമാന്തര സർവീസുകൾ അമിതമായ ചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. ഗതാഗത പരിഷ്കാരങ്ങൾ അംഗീകരിക്കില്ലെന്ന് പറയുന്ന ബസുടമകളെ അറസ്റ്റ് ചെയ്ത്, ബസ് കണ്ടു കെട്ടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

ബസ് സമരം; വിദ്യാർഥികൾ വലയുന്നു

മേപ്പയൂർ ∙ പേരാമ്പ്ര–പയ്യോളി വടകര റൂട്ടിലെ ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തിവരുന്ന പണിമുടക്ക് കാരണം യാത്ര ചെയ്യാൻ കഴിയാതെ വിദ്യാർഥികൾ വലയുകയാണ്. നാലായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ സലഫി കോളജ്, ബിഎഡ് സെന്റർ, പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ, പയ്യോളി ഗവ. ഹയർ സെക്കൽഡറി സ്കൂൾ, എൽപി, യുപി സ്കൂളുകൾ, പാരലൽ കോളജുകൾ എന്നിവിടങ്ങളിലായി പഠിക്കുന്ന വിദ്യാർഥികളാണ് കഴിഞ്ഞ 10 ദിവസമായി യാത്ര ചെയ്യാൻ കഴിയാതെ കഷ്ടപ്പെടുന്നത്.

വൻതുക നൽകി സമാന്തര സർവീസുകളെ ആശ്രയിച്ചാണ് പലരും യാത്ര ചെയ്യുന്നത്. രാത്രി വൈകിയാണ് വിദ്യാർഥികൾ വീടുകളിൽ എത്തുന്നത്. കൃത്യസമയത്ത് വിദ്യാർഥികൾക്ക് സ്ഥാപനങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ല. ബസ് സമരം പിൻവലിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മേപ്പയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പൂക്കോട്ട് ബാബുരാജും മേപ്പയൂർ ഗവൺമെന്റ് ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് എ.സി. അനൂപും ആവശ്യപ്പെട്ടു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama