go

കഥകളി മഹോത്സവം തുടങ്ങി

kozhikode news
സുര്യസോപാനം കൾച്ചറൽ ട്രസ്റ്റിന്റെ വാർഷികോൽസവത്തിന്റെ ഭാഗമായി നടത്തിയ ‘ഹരി‌ശ്‌‌ചന്ദ്രചരിതം’ കഥകളിയിൽ നിന്ന്. ചിത്രം : മനോരമ
SHARE

കോഴിക്കോട് ∙ സൂര്യ സോപാനം കൾചറൽ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ കഥകളി മഹോത്സവം – പുഷ്പാഞ്ജലി തളി പത്മശ്രീ കല്യാണ മണ്ഡപത്തിൽ ആരംഭിച്ചു. ആദ്യ ദിവസമായ ഇന്നലെ ഹരിശ്ചന്ദ്രചരിതം അരങ്ങേറി. സൂര്യവംശ രാജാവായ ത്രിശങ്കുവിന്റെ പുത്രനാണു ഹരിശ്ചന്ദ്രൻ. ഭാര്യ ശിബിയുടെ പുത്രി ചന്ദ്രമതി. മകൻ ലോഹിതാശ്വൻ. ഒരിക്കൽ ഇന്ദ്ര സന്നിധിയിൽ വസിഷ്ഠനും വിശ്വാമിത്രനും തമ്മിൽ വാദപ്രതിവാദത്തിൽ ഏർപ്പെടുന്നു. ക്ഷത്രിയനായ ഹരിശ്ചന്ദ്രൻ കള്ളം പറയുമെന്നു വിശ്വാമിത്രൻ, സത്യമേ പറയൂ എന്നു വസിഷ്ഠനും. വിശ്വാമിത്രൻ തന്റെ വാദം ശരിയാണെന്നു തെളിയിക്കാൻ ഹരിശ്ചന്ദ്രനെ ചതിയിൽ പെടുത്തുന്നു. ഹരിശ്ചന്ദ്രനു ഭാര്യയെയും മകനെയും നഷ്ടപ്പെടുന്നു.

അവസാനം അദ്ദേഹം ചുടല കാവൽക്കാരനാകുന്നു.  അവിടെ മകന്റെ ജഡം സംസ്കരിക്കുവാൻ ചന്ദ്രമതി എത്തുന്നു. ഇരുവരും തിരിച്ചറിയുന്നു. അതിനിടയിൽ കുറ്റം ആരോപിച്ചു ചന്ദ്രമതിയെ കഴുത്തു വെട്ടി കൊല്ലാൻ രാജാവ് വിധിക്കുന്നു. കഴുത്തു വെട്ടാൻ ഹരിശ്ചന്ദ്രനോട് ആവശ്യപ്പെട്ടു. ചന്ദ്രമതി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ മാത്രം കഴുത്തു മുറിയുമെന്ന വിശ്വാസത്തിൽ ഹരിശ്ചന്ദ്രൻ ആഞ്ഞു വെട്ടി. വാൾ പൂമാലയായി മാറി. അതോടെ ത്രിമൂർത്തികളെത്തി. വിശ്വാമിത്രന്റെ പ്രവൃത്തികളാണു ഹരിശ്ചന്ദ്രന്റെ കഷ്ടതകൾക്കു കാരണമെന്നു എല്ലാവരും മനസ്സിലാക്കി.

മരിച്ച മകൻ ജീവിച്ചു. എല്ലാവരും ഹരിശ്ചന്ദ്രനെ അനുഗ്രഹിച്ചു. ഈ കഥാസന്ദർഭമാണ് അവതരിപ്പിച്ചത്. കലാമണ്ഡലം വിവേക് (ഇന്ദ്രൻ), കലാമണ്ഡലം കേശവൻ നമ്പൂതിരി (വിശ്വാമിത്രൻ), കലാമണ്ഡലം ഹരി ആർ.നായർ (വസിഷ്ഠൻ, ചുടല ഹരിശ്ചന്ദ്രൻ), കലാമണ്ഡലം ഹരിമോഹൻ (നാരദൻ, സത്യകീർത്തി), കലാമണ്ഡലം വൈശാഖ് (ഹരിശ്ചന്ദ്രൻ), കലാമണ്ഡലം ആരോമൽ (രതി, ബ്രാഹ്മണ കുട്ടി), കലാമണ്ഡലം വിശാഖ് (വിരതി, കാളകണ്ഠൻ), കലാമണ്ഡലം രാജശേഖരൻ (ചന്ദ്രമതി), കലാമണ്ഡലം അരുൺകുമാർ (വീരബാഹു),

കലാമണ്ഡലം വിഘ്നേഷ് (ലോഹിതാശ്വൻ), കലാമണ്ഡലം ശ്യാംദാസ് (ബ്രാഹ്മണ കുട്ടി, ശുക്രൻ), കലാമണ്ഡലം ശരത് (ശിവൻ) എന്നിവർ വേഷമിട്ടു. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ്, കലാമണ്ഡലം യശ്വന്ത് (പാട്ട്), കലാമണ്ഡലം വേണുമോഹൻ, കലാമണ്ഡലം ശ്രീഹരി (ചെണ്ട), കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ശ്രീജിത്ത് (മദ്ദളം), കലാമണ്ഡലം സുധീഷ് (ചുട്ടി) എന്നിവരാണു മറ്റു കലാകാരന്മാർ. രണ്ടാം ദിവസമായ ഇന്നു വൈകിട്ട് ബാണയുദ്ധം (സമ്പൂർണം), നാളെ വൈകിട്ട് 5.30നു സന്താനഗോപാലം അവതരിപ്പിക്കും.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama