go

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി–സിപിഎം രഹസ്യ ധാരണ: കോൺഗ്രസ്

SHARE

കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ തോൽപിക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പ്രാഥമിക രഹസ്യ ചർച്ച നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. പാർലമെന്റിലും കേരളത്തിലും ഒരുപോലെ കോൺഗ്രസിന്റെ സീറ്റ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുകൂട്ടരും പ്രവർത്തിക്കുന്നത്. പരസ്യമായി ബിജെപിക്കെതിരാണെന്നു ജനങ്ങളെ വിശ്വസിപ്പിക്കുകയും എന്നാൽ രഹസ്യമായി ബിജെപിക്കൊപ്പം നിൽക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎം പിന്തുടരുന്നത്.

സിപിഎമ്മിനും ആർഎസ്എസിനുമിടയിലുള്ള പാലമാണ് താനെന്ന് വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഇതിന് ഉദാഹരണമാണ്. യുഡിഎഫിനെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ശബരിമല വിഷയത്തിലും ഇതേ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ദേവസ്വം ബോർഡിന്റെ സ്വാതന്ത്ര്യത്തിന്റെ മേൽ സർക്കാർ കൈകടത്തിയതോടെ ബോർഡ് പ്രസിഡന്റ് നോക്കുകുത്തിയായി. യുഡിഎഫിന്റെ സീറ്റ് ചർച്ചകൾ നടന്നിട്ടില്ലെന്നും യുവാക്കൾ എന്നതിനുപരി സ്ഥാനാർഥികളുടെ മികവിനും വിജയസാധ്യതയ്ക്കുമാകും പ്രധാന പരിഗണനയെന്നും ഇരുവരും പറഞ്ഞു.

വയനാട്ടിൽ മലബാറിൽ നിന്നുള്ള സ്ഥാനാർഥിയെ വേണമെന്ന യൂത്ത് കോൺഗ്രസിന്റെ ആവശ്യം പാർട്ടി ഫോറമാണ് തീരുമാനിക്കേണ്ടതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ‘ജനമഹായാത്രയ്ക്ക്’ ജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്വീകരണം ബിജെപി സർക്കാരിന്റെ പതനവും കോൺഗ്രസിന്റെ വിജയവുമാണ് സൂചിപ്പിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

"ഫണ്ട് പിരിക്കാത്തതിനാൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടത് ‘തിരുത്തൽ നടപടിയായി’ കണ്ടാൽ മതി. സിപിഎമ്മിനെ പോലെ വലിയ പണപ്പിരിവ് കോൺഗ്രസ് നടത്താറില്ല." -മുല്ലപ്പള്ളി രാമചന്ദ്രൻ,കെപിസിസി പ്രസിഡന്റ്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama