go

എന്തൊക്കെ ചെയ്യാം ഇവിടെ...?

Kozhikode-what-we-can-do-here
തിരിഞ്ഞ് നോക്കാനാളില്ലാതെ നശിക്കുന്ന തെങ്ങിലക്കടവ് കാൻസർസെന്റർ
SHARE

മാവൂർ ∙ കണ്ണിപറമ്പിലെ കാൻസർ സെന്റർ ആർക്കും വേണ്ടാതെ നശിക്കുന്നു. 2010 ഡിസംബർ 18ന് സർക്കാർ ഏറ്റെടുത്ത സ്ഥാപനം ഇന്ന് സാമൂഹികവിരുദ്ധരുടെയും ഇഴജീവികുളുടെയും വിഹാരകേന്ദ്രമാണ്. കാൻസർ സെന്റർ പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് 2 വർഷം മുൻപ് ജില്ലയിലെ എംഎൽഎമാർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കും നിവേദനം നൽകിയിരുന്നു. എന്നിട്ടും നടപടിയായില്ല.

തെങ്ങിലക്കടവിൽ 6.5 ഏക്കർ സ്ഥലവും ബഹുനിലകെട്ടിടങ്ങളും സർക്കാരിന് സൗജന്യമായി വിട്ടുനൽകിയ ട്രസ്റ്റ് ഇപ്പോൾ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. 

സർക്കാർ ഏറ്റെടുത്തതല്ലാതെ തുടർ നടപടിയില്ലാത്തതിനാൽ തിരിച്ചുവേണമെന്നാണ് ഡോ ഹഫ്സത്ത് ഖാദർകുട്ടി മാനേജിങ് ട്രസ്റ്റിയായ ചാരിറ്റബിൾ ട്രസ്റ്റ് കോടതിയിൽ ആവശ്യപ്പെട്ടത്. തലശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലബാർ കാൻസർസെന്ററിന്റെ സബ്സെന്ററായി തുടങ്ങി പിന്നീട് മെഡിക്കൽകോളജിന്റെ സഹകരണത്തോടെ ഒരു ഗവേഷണകേന്ദ്രം കൂടി സ്ഥാപിച്ച് അത്യാധുനിക ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രമാക്കിമാറ്റുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. പ്രഖ്യാപനത്തിലൊതുങ്ങിയതല്ലാതെ സർക്കാർ ഇവിടേക്ക് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. പി.ടി.എ.റഹീം എംഎൽഎ  നിരന്തരം ഇക്കാര്യം നിയമസഭയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും സർക്കാർ കനിഞ്ഞില്ല.

  ആർക്കും വേണ്ട

മാവൂരിലെ കാൻസർ സെന്റർ ഏറ്റെടുത്ത് നടത്താനാവില്ലെന്ന് തലശ്ശേരി കാൻസർ സെന്റർ അധികൃതർ നേരത്തേതന്നെ അറിയിച്ചിരുന്നു. കൂടുതൽ ജീവനക്കാരും ആധുനിക ഉപകരണങ്ങളും  തലശ്ശേരി ആശുപത്രിയിലേക്ക് തന്നെ ഇനിയും വേണം. അതിനിടയ്ക്ക് മാവൂർ ആശുപത്രി ഏറ്റെടുക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.

എന്നിട്ടും 2012 സെപ്റ്റംബർ 27ന് മാവൂരിലെ കാൻസർ സെന്റർ തലശേരിയിലെ മലബാർ കാൻസർസെന്ററിന് അവർ ആവശ്യപ്പെടാതെ തന്നെ പാട്ടത്തിന് നൽകി സർക്കാർ ഉത്തരവ് ഇറക്കി.  പല തവണ വിഷയം ചർച്ച ചെയ്തെങ്കിലും എങ്ങുമെത്തിയില്ല.

കേന്ദ്രസർക്കാർ 45 കോടി മുടക്കി കോഴിക്കോട് മെഡിക്കൽകോളജ് ക്യംപസിനുള്ളിൽ തന്നെ ടേർഷറി കാൻസർകെയർ സെന്റർ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ അത്യാധുനിക ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കിടത്തി ചികിത്സ അടക്കം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ആശുപത്രി വിപുലപ്പെടുത്തുന്നുണ്ട്. 

ഇവിടേക്ക് തന്നെ മെഡിക്കൽകോളജിലെ ഡോക്ടർമാരെയാണ് നിയമിച്ചിട്ടുള്ളത്. കൂടുതൽ ജീവനക്കാർ ഇനിയും ആവശ്യമാണ്. ഇതിനിടയ്ക്ക് തെങ്ങിലക്കടവിലെ കാൻസർസെന്റർ ഏറ്റെടുക്കാനാവില്ലെന്നാണ് മെഡിക്കൽകോളജ് അധികൃതരുടെ നിലപാട്. ജീവനക്കാരും കാൻസർ ചികിത്സയ്ക്കുള്ള ആധുനിക ഉപകരണങ്ങളുമില്ലാതെ എങ്ങനെ ഒരു ആശുപത്രി നടത്താനാവുമെന്നാണ് മെഡിക്കൽകോളജ് അധികൃതരുടെ ചോദ്യം.

 ഇവിടെ വേണ്ടത്

മലബാറിൽ കാൻസർ രോഗികളുടെ എണ്ണും ദിനംപ്രതി കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. രോഗികളേറെയും ചികിത്സയ്ക്കെത്തുന്നത് രോഗത്തിന്റെ അവസാനഘട്ടത്തിലാണെന്ന്  വിദഗ്ധ ഡോക്ടർമാർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ബോധവത്ക്കരണം നടത്തുന്നതിനും  രോഗം നേരത്തേ കണ്ടെത്തുന്നതിനുമുള്ള ഒരു കേന്ദ്രമാണ് നമുക്ക് ആവശ്യം. മലബാറിലെ ജനങ്ങൾക്ക് അത് ആശ്വാസമാവുകയും ചെയ്യും.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama