go

3 മാസത്തിനുള്ളിൽ കനോലി കനാലിലൂടെ ബോട്ട് യാത്ര ,46 ലക്ഷത്തിന്റെ പദ്ധതി

   മേയർ തോട്ടത്തിൽ രവീന്ദ്രനും ഡപ്യൂട്ടി മേയർ മീര ദർശകും അടങ്ങുന്ന സംഘം കല്ലായിപ്പുഴയിലൂടെ കനോലി കനാൽ വീക്ഷിക്കാനെത്തുന്നു. 										  ചിത്രം:മനോരമ
മേയർ തോട്ടത്തിൽ രവീന്ദ്രനും ഡപ്യൂട്ടി മേയർ മീര ദർശകും അടങ്ങുന്ന സംഘം കല്ലായിപ്പുഴയിലൂടെ കനോലി കനാൽ വീക്ഷിക്കാനെത്തുന്നു. ചിത്രം:മനോരമ
SHARE

കോഴിക്കോട്∙ വർഷങ്ങളായി നഗരം കാത്തിരുന്ന ശുചീകരണം ഒടുവിൽ കനോലി കനാലിലെത്തി. സംസ്ഥാന സർക്കാരിന്റെയും സിയാലിന്റെയും സംരംഭമായ കേരള വാട്ടർവേയ്സ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന്റെ ( ക്വിൽ) നേതൃത്വത്തിലാണു കനാലിലെ ചെളിയും കുളവാഴയും നീക്കുന്നത്. 46 ലക്ഷത്തിന്റെ പദ്ധതി കനാൽ കല്ലായിപ്പുഴയുമായി ചേരുന്നഭാഗത്ത് ആരംഭിച്ചു. ജില്ലാ ഭരണകൂടം മുന്നോട്ടുവച്ച പദ്ധതിയാണ് ക്വിൽ നടപ്പാക്കുന്നത്. 3 മാസത്തിനുള്ളിൽ കല്ലായി മുതൽ എരഞ്ഞിക്കൽ വരെയുളള ഭാഗത്തെ നവീകരണം നടപ്പാക്കി ബോട്ട് യാത്രയ്ക്ക് സാഹചര്യമൊരുക്കാനാണു ശ്രമം. കൊച്ചി ആസ്ഥാനമായ മാറ്റ്‌പ്രോപ് ടെക്‌നിക്കൽ സർവീസസാണു പ്രവൃത്തിയുടെ കരാറുകാർ.

Kozhikode News

ഒഴുക്ക് സുഗമമാക്കും

കനാലും കല്ലായിപ്പുഴയും ചേരുന്ന ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കുന്നതാണു പ്രധാനം. സിൽറ്റ് പുഷർ എന്ന യന്ത്രം ഉപയോഗിച്ചാണു ചെളിയെടുക്കുന്നത്. 3 ആഴ്ചയെങ്കിലും ഈ ജോലി തുടരേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ. നീക്കുന്ന ചെളി അനുയോജ്യമായ സ്ഥലത്ത് കുഴിച്ചുമൂടും. കനാലിലെ ഒഴുക്ക് സുഗമമാക്കാനായി പുഴമുഖത്തെ ചെളി നീക്കാതെ മറ്റുമാർഗമില്ലെന്ന് സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെട്ടതനുസരിച്ചാണു കലക്ടർ സാംബശിവ റാവു ഇതിനായുള്ള പദ്ധതി മുന്നോട്ടുവച്ചത്.

ഇതോടെ വേലിയേറ്റ സമയത്ത് പുഴയിൽനിന്ന് വെള്ളം കനാലിലേക്കും വേലിയിറക്ക സമയത്ത് തിരിച്ചും ഒഴുകും. കടൽവെള്ളം കയറിയിറങ്ങുന്നതോടെ കുളവാഴകൾ നശിക്കുമെന്നാണു പ്രതീക്ഷ. ശക്തമായ മഴപെയ്യുമ്പോൾ നഗരത്തിലെ വെള്ളം കനാൽവഴി പുഴയിലൂടെ ഒഴുകി കടലിലെത്താനും ഈ ഭാഗത്തെ െചളിനീക്കേണ്ടതുണ്ട്. അടുത്തദിവസം മുതൽ ഫ്ലോട്ടിങ് എക്സ്കവേറ്റർ എന്ന യന്ത്രവും ചെളിനീക്കലിനായി എത്തിക്കും.

   ക്വിൽ നടപ്പാക്കുന്ന ശുചീകരണ പദ്ധതിയുടെ ഭാഗമായി സിൽറ്റ് പുഷർ ഉപയോഗിച്ച് കനോലി കനാലും കല്ലായിപ്പുഴയും ചേരുന്ന ഭാഗത്തെ ചെളി നീക്കം ചെയ്യുന്നു.
ക്വിൽ നടപ്പാക്കുന്ന ശുചീകരണ പദ്ധതിയുടെ ഭാഗമായി സിൽറ്റ് പുഷർ ഉപയോഗിച്ച് കനോലി കനാലും കല്ലായിപ്പുഴയും ചേരുന്ന ഭാഗത്തെ ചെളി നീക്കം ചെയ്യുന്നു.

 കുളവാഴകളും നീക്കും

എരഞ്ഞിപ്പാലം, സരോവരം ഭാഗത്ത് കനാലിൽ മൂടിയിരിക്കുന്ന കുളവാഴകൾ നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അക്വാറ്റിക് ഷ്രെഡർ ഉപയോഗിച്ച് കുളവാഴകൾ ചെറുകഷണങ്ങളാക്കും. ഇതോടൊപ്പം വീഡ് ഹാർവസ്റ്ററും എത്തിക്കും. കനാലിനോടു ചേർന്നു വളർന്നുനിൽക്കുന്ന കുറ്റിക്കാടും പദ്ധതിയുടെ ഭാഗമായി നീക്കും.

കഴിഞ്ഞവർഷം ജില്ലാ ഭരണകൂടത്തിന്റെയും കോർപറേഷന്റെയും നേതൃത്വത്തിൽ വേങ്ങേരി നിറവിന്റെ ഏകോപനത്തിൽ ജനകീയ പങ്കാളിത്തത്തോടെ വൻതോതിൽ അജൈവമാലിന്യം നീക്കിയിരുന്നു. കനാലിന്റെ പരിപാലനത്തിന് 8 സെക്ടറുകളായി തിരിച്ച് 8 ഗ്രീൻ പാർട്നർമാരുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇവരുടെ യോഗം വിളിച്ച് പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

 മേയറുടെ തോണിയാത്ര

കല്ലായിപ്പുഴയിൽ ഒഴുക്കുതടസ്സപ്പെടുന്ന മണൽത്തിട്ടകൾ കാണാൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ നേതൃത്വത്തിൽ തോണിയാത്ര നടത്തി. കോതിയിൽനിന്നുതുടങ്ങി കല്ലായിയിൽ കനാൽ പുഴയുമായി ചേരുന്നഭാഗം വരെയാണു യാത്ര ചെയ്തത്. പുഴയുടെ പലഭാഗങ്ങളിലും മണ്ണടിഞ്ഞിരിക്കുന്നതായും കണ്ടൽ വളർന്നിരിക്കുന്നതായു സംഘം പറഞ്ഞു. 

ഇതോടൊപ്പം സ്വകാര്യവ്യക്തികൾ പലതരത്തിലുള്ള നിർമാണങ്ങളിലൂടെ പുഴ കയ്യേറിയതായും സംഘം കണ്ടെത്തി. ഡപ്യൂട്ടി മേയർ മീര ദർശക്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.ബാബുരാജ്, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.വി.ലളിതപ്രഭ, കൗൺസിലർമാരായ ടി.സി.ബിജുരാജ്. പി.ബിജുലാൽ, എം.പി.സുരേഷ്, ടി.എസ്.ഷിംജിത്ത്, എം.എം.ലത എന്നിവരും യാത്രയിൽ പങ്കെടുത്തു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama