go

മഴയ്ക്ക് എവിടെയാണ് ഏറ്റവും ഭംഗി? ഈ അഞ്ചു സ്ഥലങ്ങളിലെങ്കിലും പോയി കാണണം...

kozhikoded-rainfall
കോഴിക്കോട്ട് ബീച്ചിൽ പെയ്ത മഴയുടെ വിവിധ ഭാവങ്ങൾ . ചിത്രങ്ങൾ: റസൽ ഷാഹുൽ∙മനോരമ
SHARE

കോഴിക്കോട്∙ ഒരിക്കലും മടുക്കാത്ത അനുഭൂതിയാണ് മഴ. മഴയെക്കുറിച്ച് കാൽപനികമാവാത്ത മനസ്സുള്ള മലയാളിയുണ്ടോ?  മഴ വന്നുതൊടുമ്പോൾ ഉള്ളിലൊരു  പ്രണയത്തിന്റെ ആമ്പൽ മൊട്ടു കൂമ്പിവിടരാത്ത ആരെങ്കിലുമുണ്ടോ?ഇടവം ഇന്ന് 28 തികയുകയാണ്. ഒരാഴ്ച വൈകിയെങ്കിലും ഇടവപ്പാതിയുടെ വരവ് ഗംഭീരമാണ് ഇത്തവണ. കഴിഞ്ഞ വർഷത്തെ ഓർമകൾ ഒരൽപം പേടി ഉണർത്തുന്നുണ്ട്. എങ്കിലും  വേനലിൽ തീതിന്ന നഗരത്തിന് ഈ മഴവരവ് ആശ്വാസമാണ്. നഗരത്തിൽ ഇന്നലെ പകൽ പെയ്തത് 26.6 മില്ലീമീറ്റർ. 

മഴ കാണാം

മാനാഞ്ചിറയിൽ മഴയത്ത് ജോലി ചെയ്യുന്ന ശുചീകരണത്തൊഴിലാളികൾ.
മാനാഞ്ചിറയിൽ മഴയത്ത് ജോലി ചെയ്യുന്ന ശുചീകരണത്തൊഴിലാളികൾ.

ഈ നഗരത്തിൽ ഓരോ തെരുവിലും പെയ്യുന്ന മഴയ്ക്ക് ഓരോ സ്വഭാവമാണെന്ന് പലരും പറയാറുണ്ട്. മാനാഞ്ചിറ ലൈബ്രറിയുടെ പടികളിലിരുന്ന് കാണുന്ന മഴയല്ല, മാനാഞ്ചിറ മൈതാനത്തിരുന്ന് കാണുമ്പോൾ. മിഠായിത്തെരുവിലെ മഴ ഇതു രണ്ടുമല്ല. ഈ നഗരത്തിൽ മഴയെ തൊട്ടറിയാൻ പറ്റിയ അഞ്ചു സ്ഥലങ്ങൾ നിർദേശിക്കാൻ പറഞ്ഞാൽ ആദ്യം മനസിലോടിയെത്തുന്നത് ഏതു ഭാഗങ്ങളായിരിക്കും? ഒന്നു കണ്ണടച്ച് ആലോചിച്ച് നോക്കൂ... കോഴിക്കോട്ടെ മഴയ്ക്ക് എവിടെയാണ് ഏറ്റവും ഭംഗി? മഴ കാണാൻ അൽപ സമയം മാറ്റിവയ്ക്കാമെങ്കിൽ ഈ അഞ്ചു സ്ഥലങ്ങളിലെങ്കിലുംപോയി  മഴയൊന്നു കാണണം:

 കോതി പുലിമുട്ട്

നഗരത്തിൽനിന്ന് തെക്കോട്ടു പോവുമ്പോൾ കോതി പാലത്തിന് തൊട്ടുമുൻപ് കടപ്പുറത്തേക്ക് ഒരു  കൊച്ചു വഴിയുണ്ട്. അതിലെ പുലിമുട്ടിലേക്ക് കയറാം. വെള്ളയിലോ പുതിയാപ്പയോ ബേപ്പൂരോ പോലെ നീണ്ടു കിടക്കുന്ന പുലിമുട്ടല്ല ഇവിടെ. കടലിലേക്ക്  ഒരൽപം തള്ളി നിൽക്കുന്ന കരിങ്കൽ പാളികൾ. ബാബുരാജിന്റെ പാട്ടുകളിൽ നനഞ്ഞുകുതിർന്ന കല്ലായിപ്പുഴ കടലിനെ കെട്ടിപ്പുണരുന്നത് ഇവിടെ വെച്ചാണ്.

മഴ പെയ്യുമ്പോൾ പുലിമുട്ടിൽ ചെന്നുനിന്ന് വടക്കേദിശയിലേക്ക് നോക്കണം. കോഴിക്കോട് നഗരത്തിലേക്ക് കടൽക്കാറ്റിനൊപ്പം മഴ വന്നുകയറുന്നത് നേരിട്ടു കണ്ടറിയാം. വെള്ളിപ്പാദസരം പോലെ അലകൾ തീരത്ത് വന്നടുക്കുന്നതു കാണാം. അങ്ങു വെള്ളയിൽ  പുലിമുട്ട് വരെയുള്ള കോഴിക്കോടൻ തീരത്തെ തെങ്ങുകൾ കടൽക്കാറ്റു വരുമ്പോൾ മഴവെള്ളം തലകുലുക്കി കുടഞ്ഞെറിയുന്നതു കാണാം.

മാനാഞ്ചിറ

മാനാഞ്ചിറയിൽ മഴയത്ത് ജോലി ചെയ്യുന്ന ശുചീകരണത്തൊഴിലാളികൾ.
മാനാഞ്ചിറയിൽ മഴയത്ത് ജോലി ചെയ്യുന്ന ശുചീകരണത്തൊഴിലാളികൾ.

എവിടെ നിന്നാലാണ് മാനാഞ്ചിറയിലെ മഴ ആസ്വദിക്കാൻ പറ്റുക? കോംട്രസ്റ്റിനുമുന്നിലെ കവാടം കടന്ന് അകത്തേക്ക് കയറുക. നടപ്പാതയിലൂടെ അൽപം നടന്ന ശേഷം ചിറയിലേക്ക് നോക്കൂ. ടൗൺഹാളിനപ്പുറത്തുനിന്ന് കാർമേഘങ്ങൾ ഒ‍ഴുകി വരുന്നു. കോംട്രസ്റ്റിന്റെ പുരാതന മേൽക്കൂരകൾ‍. മാനാഞ്ചിറയിലെ കൽപ്പടവുകൾ. കാഴ്ചകളങ്ങനെ മഴയിൽ നനഞ്ഞു കുതിരും. ഓരോ മഴത്തുള്ളിയും ചിറയുടെ പരപ്പിൽ വന്നുചേർന്ന് ഒരു നിമിഷം സന്തോഷം കൊണ്ട് തുള്ളിച്ചാടും. ആ കാഴ്ച കാണാൻ ചെങ്കൽ വിളക്കുകാലുകളിൽ കാക്കകൾ കാത്തിരിപ്പുണ്ടാവും.

ഒന്നാം മേൽപാലം

തീവണ്ടിപ്പാളങ്ങളിൽ പെയ്യുന്ന മഴ. കാഴ്ച മറയുന്ന മഴമൂടലിൽ പുക തുപ്പി പോവുന്ന എൻജിനുകൾ. ബ്രിട്ടീഷുകാർ പണിത അഗ്രം കൂർത്ത പഴയ കെട്ടിടം. അതിന്റെ മേലാപ്പിലേക്ക് പെയ്തിറങ്ങുന്ന മഴ. പ്ലാറ്റ്ഫോമിൽ ദൂരയാത്രയ്ക്കു പോവുന്ന ചിലർ. ട്രെയിനിന്റെ ജനലഴികളിൽ മഴ കാണുന്ന ചിലർ. ചായക്കച്ചവടക്കാരന്റെ  സ്റ്റീൽപാത്രച്ചൂടിൽവന്നുതൊട്ട് ആവിയായി പോവുന്ന മഴത്തുള്ളികൾ. ചുവന്ന സിഗ്നൽ വെളിച്ചത്തിനുമുകളിൽ പെയ്തിറങ്ങുന്ന മഴ. പാളങ്ങളിൽ പെയ്യുന്ന മഴ കാണാൻ ഏറ്റവും മികച്ചത് ഒന്നാം മേൽപ്പാലമാണ്. റെയിൽവേസ്റ്റേഷനോട് തൊട്ടുകിടക്കുന്ന മേൽപ്പാലം. നാലാംപ്ലാറ്റ് ഫോമിലേക്കുള്ള മേൽപ്പാലം. ഇവിടെനിന്നു കാണുന്ന മഴ, നഗരത്തിന്റെ ചരിത്രത്തിലേക്കാണ് പെയ്തിറങ്ങുന്നതെന്നു തോന്നും.

അകലാപ്പുഴയിലെ മഴ

ഒരിക്കലെങ്കിലും ഈ നഗരപരിധിയിൽ മഴയെ അതിന്റെ പൂർണരൂപത്തിൽ കാണണമെങ്കിൽ അകലാപ്പുഴയുടെ തീരത്തക്ക് പോണം. പല കൈവഴികൾ വന്നു ചേരുന്ന അകലാപ്പുഴ. പരന്നു കിടക്കുന്നപുഴയിൽ മഴ പെയ്തുപെയ്ത് അടുത്തുവരുന്നതു കാണാം. നല്ലൊരു മഴയനുഭവത്തിന് ഒളോപ്പാറയിൽ ചെന്നാൽ മതി. ചിലപ്പോൾ കലി തുള്ളുന്ന പുഴയിലേക്ക് അധികം അടുക്കാതെ സൂക്ഷിക്കണമെന്നു മാത്രം.

തുറയിൽക്കടവ്

പൂനൂർ പുഴയുടെ ഓരം. വൻമരങ്ങളുടെ പച്ചപ്പ്. മഴയുടെ ഹൃദയം പച്ചിലകൾക്കിടയിലൂടെ മണ്ണിന്റെ പച്ചപ്പിലേക്ക് വന്നു വീഴുന്ന കാഴ്ച ചെലവൂരിനടുത്ത് തുറയിൽകടവിലേക്ക് വന്നാൽ മനസൊന്നു തണുക്കും. മഴയുടെ സുഗന്ധം തൊട്ടറിയുകയും ചെയ്യാം.നിങ്ങൾ ഈ നഗരത്തിൽ മഴ അറിഞ്ഞാസ്വദിച്ചത് എവിടെവച്ചാണ്? ഒന്നോർത്തുനോക്കൂ. മഴയുടെ സ്പർശം ഓർമയെ തണുപ്പിക്കട്ടെ.

തോരാത്ത പാട്ടുകൾ

എത്രയെത്ര മഴപ്പാട്ടുകളാണ് ഇന്നും മനസിൽ തോരാതെ പെയ്യുന്നത്. തുള്ളിക്കൊരുകുടം മഴ പെയ്യുന്ന ‘പെരുമഴക്കാലം’ തന്നെയാവാം ഇതിൽ ആദ്യത്തേത്.നോക്കെത്താ ദൂരം പരന്നു കിടക്കുന്ന അകലാപ്പുഴ. പുഴയുടെ അങ്ങേയറ്റത്തുനിന്ന് പെയ്തുപെയ്ത് വരുന്ന മഴ. ഒളോപ്പാറയുടെ സൗന്ദര്യം മുഴുവൻ തന്റെ ഫ്രെയിമിലേക്ക് ആവാഹിക്കുകയാണ് കമൽ.ഈ മണ്ണിലെ മഴയുടെ സൗന്ദര്യം കണ്ടുതന്നെയാവണം കമൽ പെരുമഴക്കാലം ചിത്രീകരിക്കാൻ കോഴിക്കോട്ടേക്ക് വന്നത്. കാത്തിരിപ്പിന്റെ നോവുണരുന്ന ഈറൻ പെരുമഴക്കാലം മലയാളിയുടെ പ്രിയപ്പെട്ട മഴപ്പാട്ടുകളിലൊന്നാണ്, സംശയമില്ല. പ്രണയമണിത്തൂവൽ പൊഴിയുന്ന പവിഴമഴ. 

സുജാതയുടെ സ്വരമാണ് മഴയ്ക്കെന്നു തോന്നും. പാദസരക്കിലുക്കമുള്ള സ്വരഭംഗി. മഴ നനഞ്ഞുനനഞ്ഞ് ചിരിപൊട്ടുന്നൊരു മനസുണ്ട്  പാട്ടിൽ ഒളിഞ്ഞിരിക്കുന്നു. പക്ഷേ കോഴിക്കോടുമായി ഈ പാട്ടിനെന്താണു ബന്ധമെന്ന് ചിന്തിക്കാതിരിക്കില്ല. കർമം കൊണ്ട് കോഴിക്കോട്ടുകാരനായി മാറിയ കൈതപ്രമാണ് ഈ വരികൾ എഴുതിയത്.മേഘ മൽഹാർ..താൻസെന്നിന്റെ ഇഷ്ടരാഗം. പാടുമ്പോൾ മഴ പൊഴിയുമെന്ന വിശ്വാസം. 

മലയാളക്കരയ്ക്ക് പ്രണയത്തിന്റെ നാനാർഥങ്ങൾ പറഞ്ഞു തന്നൊരു സിനിമയ്ക്ക് മഴരാഗത്തിന്റെ പേരിട്ടതിൽ ഒരു കുസൃതിയില്ലേ? ഇതിലെ മഴപ്പാട്ടുകളിൽ മാനാഞ്ചിറയിലെ മഴയുണ്ട്, മരമുണ്ട്, വഴികളുണ്ട്. ഇനിയുമെത്രയെത്ര പാട്ടുകൾ. പതിറ്റാണ്ടുകൾക്കുമുൻപ് കോഴിക്കോട്ടുകാർ ചേർന്നൊരുക്കിയ പ്രണയഗാനങ്ങളുടെ ഹിറ്റ് ആൽബത്തിന്റെ പേരുപോലും ‘മധുമഴ’ എന്നായിരുന്നു. ബാബുരാജിന്റെയും ഉദയഭാനുവിന്റെയുമൊക്കെ പാട്ടുകൾ പല തവണ പറഞ്ഞു പറഞ്ഞു പഴകിയെങ്കിലും അതിലെ മഴയും മനസിൽ തോരാതെ നിൽക്കും.

പനിച്ചൂടിൽ ചുക്കുകാപ്പി

കോഴിക്കോട്∙ മഴയുടെ സംഗീതം കേട്ട്, പുതപ്പിനുള്ളിൽ മൂടിപ്പുതച്ചു കിടക്കുന്ന സുഖമുള്ള ഓർമ. പനിച്ചൂടിൽ ഉയരുന്ന വിങ്ങുന്ന ഗന്ധം. പിന്നെ വിയർത്തൊലിച്ച് പനി അകന്നുപോവുന്നതിന്റെ സുഖം. പനിച്ചുതളർന്ന മീനുക്കുട്ടിക്ക് ചുക്കുകാപ്പിയിട്ടു കൊടുക്കുന്ന ഓട്ടോക്കാരൻ സുധിയെ ഓർമയില്ലേ? മലയാളിക്ക് ഏതെങ്കിലും രോഗം ആർദ്രമായ ഗൃഹാതുര സ്മരണകൾ പകർന്നു തരുന്നുവെങ്കിൽ അത് പനി മാത്രമാണ്. പനിക്കാലം അടുത്തെത്തിയാൽ എല്ലാവരും പറയുന്ന നുറുക്കുവിദ്യയുണ്ട്. നല്ലൊരു ചൂടു ചുക്കുകാപ്പിയും കുടിച്ച് മൂടിപ്പുതച്ചൊന്നു കിടന്നാൽമതി, ഏതു പനിയും പമ്പ കടക്കും. 

ഈ ചുക്കുകാപ്പിക്ക് അത്ര ഔഷധഗുണമുണ്ടോ? ആർക്കറിയാം! എന്നാൽ ആ വിശ്വാസം നമ്മളെ രക്ഷിക്കും. കാപ്പിയുണ്ടാക്കുന്ന പാത്രത്തിൽ ഒന്നര ഗ്ലാസ്സ് വെള്ളം എടുത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ഒരു കഷ്ണം ചക്കര ഇടുക. അത് അലിഞ്ഞു തുടങ്ങുമ്പോൾ കാൽ സ്പൂൺ ചുക്കു പൊടി, കാൽ സ്പൂൺ കുരുമുളക് പൊടി, ഒരു വലിയ നുള്ളു നല്ല ജീരകം, ഒരു ഏലക്ക ചതച്ചത് അഞ്ചു തുളസിയില എന്നിവ ചേർക്കുക. 

തിളച്ചുതിളച്ച് വെള്ളം മുക്കാൽ ഗ്ലാസ് ആയി വറ്റുമ്പോൾ ഒരു ചെറിയ സ്പൂൺ കാപ്പി പൊടി കൂടി ഇടുക. ചൂടോടെ ഈ ചുക്കുകാപ്പിയും കുടിച്ച് മൂടിപ്പുതച്ചുകിടന്ന് ഇഷ്ടംപോലെ സ്വപ്നങ്ങൾ കാണാം. ഇനി കരുപ്പെട്ടിക്കാപ്പി വേണമെങ്കിൽ ചക്കരയ്ക്കു പകരം കരുപ്പെട്ടി ചേർത്താൽ മതി. ജീരകവും ഏലയ്ക്കയും ചുക്കും ഒഴിവാക്കുകയും ചെയ്യാം.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama