go

കടലുണ്ടി മേഖലയിൽ കടലാക്രമണം രൂക്ഷം; കുടുംബങ്ങളെ മാറ്റി

kozhikode-camp
കടലുണ്ടി വാക്കടവ് എംഎംജെ യുപി സ്കൂൾ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കുടുംബങ്ങൾ.
SHARE

കടലുണ്ടി∙ ശക്തമായ കാറ്റിനും മഴയ്ക്കും ഒപ്പം കടലുണ്ടി തീരങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. കടലുണ്ടിക്കടവ്, വാക്കടവ് തീരമേഖലയിലാണ് ശമനമില്ലാത്ത കടൽക്ഷോഭം. കടലാക്രമണ ഭീഷണി നേരിട്ട 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 

വാക്കടവിലെ 4 കുടുംബങ്ങളെ എംഎംജെ യുപി സ്കൂൾ ക്യാംപിലേക്കും 9 കുടുംബങ്ങളെ ഹോപ് ഷോർ സ്കൂൾ ക്യാംപിലേക്കും മാറ്റി. കടലുണ്ടിക്കടവിലെ 4 കുടുംബങ്ങൾ ബന്ധുവീട്ടിലേക്കു താമസം മാറി. വൈകിട്ട് 5ന് ആണ് കടൽക്ഷോഭം രൂക്ഷമായത്. 

രാത്രി കാറ്റും മഴയും വന്നതോടെ തീരം ഭീതിയിലായി. വാക്കടവിൽ ഭിത്തി തകർന്ന ഭാഗത്തുകൂടിയും കടലുണ്ടിക്കടവിൽ ഭിത്തി കവിഞ്ഞും ജനവാസ കേന്ദ്രത്തിലേക്കു വെള്ളം ഇരച്ചു കയറി. വാക്കടവ് തീരമേഖലയിൽ വൈദ്യുതിക്കാൽ അപകടാവസ്ഥയിലായതോടെ മേഖലയിൽ വൈദ്യുതി വിച്ഛേദിച്ചു.

വാക്കടവ് വടക്കുമ്പാടൻ അനിൽ കുമാർ, രമേഷ് കാവുങ്ങര, കുടൽപുരക്കൽ പുഷ്പ, മമ്മിളിപ്പാട് മൊയ്തീൻകുട്ടി എന്നിവരുടെ കുടുംബങ്ങളെയാണ് എംഎംജെ യുപിയിലേക്കു മാറ്റിയത്. കടലുണ്ടിക്കടവ് കുപ്പാട്ട് കള്ളാടിത്തൊടി ദേവകി, കണ്ടാരപ്പറ്റ വിലാസിനി, പുതുനാലകത്ത് ഹാരിസ്, പാറയിൽ ബീപാത്തുമ്മ എന്നിവരുടെ കുടുംബങ്ങൾ താൽക്കാലികമായി ബന്ധുവീട്ടിലേക്കു പോയി.

കടലുണ്ടിക്കടവ് പാലത്തോടു ചേർന്ന അഴിമുഖം മുതൽ വാക്കടവ് വരെയാണ് പ്രധാനമായും കടലിളക്കമുണ്ടായത്. സംരക്ഷണ ഭിത്തി കവിഞ്ഞും വെള്ളം കയറിയതോടെ തീരത്തെ താമസക്കാർ ഭയവിഹ്വലരായി. 

വേലിയേറ്റ സമയത്ത് അസാധാരണമാംവിധത്തിൽ തിരമാല ഉയർന്നതായി നാട്ടുകാർ പറഞ്ഞു. അഴിമുഖത്ത് പൊതുവേ നല്ല തിരയടിയുണ്ട്. പാലത്തോടു ചേർന്ന ഭാഗത്തു കടൽഭിത്തിക്കു വേണ്ടത്ര ഉയരമില്ല. കല്ലുകൾ ഇളകി വീണിട്ടുണ്ട്. ചെറിയൊരു തിരയടിയുണ്ടായാൽ പോലും തീരത്തെ വീട്ടുവളപ്പിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്. 

തഹസിൽദാർ എൻ.പ്രേമചന്ദ്രൻ സ്ഥലത്തെത്തി കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അജയകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.നിഷ, പഞ്ചായത്ത് അംഗങ്ങൾ ഹക്കീമ മാളിയേക്കൽ, ഷാഹിദ് കടലുണ്ടി, കെ.ടി.ദിനചന്ദ്രൻ, സ്പെഷൽ വില്ലേജ് ഓഫിസർ വി.വി.പ്രഭാഷ് തുടങ്ങിയവർ വിവിധ ക്യാംപിനു നേതൃത്വം നൽകുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama