go

കടൽക്ഷോഭം തുടരുന്നു: ചെങ്ങോട്ടുകാവിൽ തീരസംരക്ഷണ പ്രവൃത്തി തുടങ്ങി

kozhikode-chengotuukav
കടൽക്ഷോഭം ശക്തമായ ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ തീരത്ത് കടലിൽ കല്ലിടൽ പ്രവൃത്തി നടത്തുന്നു
SHARE

കൊയിലാണ്ടി ∙ അതിശക്തമായ കടൽക്ഷോഭം തുടരുന്ന ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴുകുടിക്കൽ, വള്ളിൽ, മൂന്നുകുടിക്കൽ, പൊയിൽക്കാവ് തീരങ്ങളിൽ തീരസംരക്ഷണത്തിനു നടപടി തുടങ്ങി. കഴിഞ്ഞദിവസം  രാത്രി തിരമാലകൾ ആഞ്ഞടിച്ചപ്പോൾ ഏഴുകുടിക്കൽ റോഡും ഹൈമാസ്റ്റ് ലൈറ്റുകളും തകരുന്ന സ്ഥിതിയായിരുന്നു. അധികൃതർ ഉണർന്നു പ്രവർത്തിച്ചതുകൊണ്ടാണ് അപകടം ഒഴിവായത്. രാത്രി കെൽട്രോൺ ജീവനക്കാരെത്തി അഗ്നിശമന സേനയുടെ സഹകരണത്തോടെ ക്രെയിൻ ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സുരക്ഷിതമായി അഴിച്ചുമാറ്റി. 

റോഡ് തകർച്ചയിലേയ്ക്ക് നീങ്ങിയതോടെ പൊലീസ് ജാഗ്രത കാണിച്ചു. വാഹനങ്ങൾ വഴിമാറ്റി വിട്ടും ജനങ്ങൾക്ക് മുന്നറയിപ്പ് നൽകിയും പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചു.  റവന്യു, ഇറിഗേഷൻ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളിലും ഭിത്തി താണുപോയ ഇടങ്ങളിലുമാണ് അപകട സാധ്യത കൂടുതൽ. ഈ ഭാഗങ്ങളിൽക്കൂടിയാണ് തിരമാലകൾ അടിച്ച് വെള്ളം റോഡിലേയ്ക്ക് കയറുന്നത്. 

തീരത്തെ വീട്ടുകാർ  ഭയപ്പാടിലാണ്. സാധാരണ കാലവർഷം ശക്തി പ്രാപിക്കുമ്പോഴായിരുന്നു കടലേറ്റം ഉണ്ടാകാറ്. ഇത്തവണ തുടക്കത്തിലെ തന്നെ കടൽ സംഹാര താണ്ഡവം തുടങ്ങിയത് തീരവാസികൾക്ക് ആദ്യ അനുഭവം. 

കൊയിലാണ്ടി തീരത്തും കടൽക്ഷോഭത്തിനു ശമനമായിട്ടില്ല. കെ.ദാസൻ എംഎൽഎ ഇടപെട്ടാണ് തീരസംരക്ഷണത്തിനു അടിയന്തര നടപടി സ്വീകരിച്ചത്. ആദ്യം ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് പ്രവൃത്തി നടത്താനുള്ള ഫണ്ട് ആവശ്യപ്പെട്ടിരുന്നു. 

ഇതിന്റെ നടപടിക്രമങ്ങൾ ദിവസങ്ങൾ എടുക്കുമെന്ന് കണ്ടതോടെ മേജർ ഇറിഗേഷൻ വകുപ്പിൽനിന്ന് 14 ലക്ഷം രൂപ അടിയന്തരമായി അനുവദിപ്പിക്കുകയായിരുന്നു. പ്രത്യേക അനുമതി വാങ്ങി പ്രവൃത്തി നടത്താൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ  നിയോഗിച്ചു. ഇവർ ഇന്നലെ രാവിലെ പ്രവൃത്തി തുടങ്ങി. റോഡ് ദുർബലമായ മേഖലകളിൽ കടലിൽ കല്ലിട്ടു തിരമാലകളുടെ ശക്തി ക്ഷയിപ്പിക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. 

ഇവിടെ കടൽ ക്ഷോഭത്തിൽനിന്നും തീരത്തെ സംരക്ഷിക്കാൻ പുലിമുട്ട് നിർമിക്കുന്ന കാര്യം ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതായി എംഎൽഎ അറിയിച്ചു. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ലഭിച്ചാലെ പുലിമുട്ട് നിർമാണം നടത്താൻ കഴിയൂ. ഇതിനുള്ള നടപടികൾ തുടങ്ങി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama