go

ക്യാമറയില്ലെങ്കിൽ പിന്നെ എന്ത് നിയമം?

cctv
SHARE

കോഴിക്കോട് ∙ നഗരത്തിൽ  ഒരു ഇല അനങ്ങിയാൽ പോലും തങ്ങൾ അറിയുമെന്നുള്ള അഹങ്കാരം ഇനി കോഴിക്കോട്ടെ പൊലീസുകാർക്കില്ല. നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ എല്ലാം കണ്ണടച്ചു കഴിഞ്ഞു. 76 ക്യാമറകളായിരുന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. ഇപ്പോൾ പ്രവർത്തിക്കുന്നത് 2 ക്യാമറകൾ മാത്രം. അതിലും റിക്കോർഡിങ് ഇല്ല, മറിച്ച് പൊലീസുകാർക്ക് കൺട്രോൾ മുറിയിലിരുന്ന് നിരീക്ഷിക്കാൻ മാത്രമ‌േ ഇതുകൊണ്ട് സാധിക്കു.

kozhikode-troll

മുതലക്കുളത്തും സിഎച്ച് മേൽപാലത്തിനു സമീപത്തുമാണു ഈ ക്യാമറകൾ ഉള്ളത്. പിടിച്ചുപറി, അക്രമം, മരണപ്പാച്ചിൽ, ട്രാഫിക് കുരുക്ക് എന്നു വേണ്ട എല്ലാ സംഭവങ്ങളും ആദ്യം കണ്ടിരുന്നത് ഈ ക്യാമറകളായിരുന്നു. ഇന്ന് ഇത്തരത്തിൽ ഒരു സംഭവം നടന്നാൽ സ്വകാര്യ കെട്ടിടങ്ങളിൽ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങളെ സമീപിക്കേണ്ട അവസ്ഥയാണ് പൊലീസിന്. 500 മീറ്റർ അകലെയുള്ള വസ്‌തുക്കളെ രാത്രിയിൽ പോലും സൂം ചെയ്‌ത് വ്യക്‌തമായി കാണിച്ചു തരുന്ന ഔട്ട് ഡോർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ നൈറ്റ് വിഷൻ ക്യാമറകളാണ് ഇപ്പോൾ‌ പ്രവർത്തനരഹിതമായി കിടക്കുന്നത്.

നഗരത്തിൽ ട്രാഫിക് സിഗ്നൽ പോസ്‌റ്റുകളിലും മറ്റ് ഉയർന്ന സ്‌ഥലങ്ങളിലും ഘടിപ്പിച്ചിരുന്ന ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ ഹൈസ്‌പീഡ് ബ്രോഡ്‌ബാൻഡ് കേബിൾ വഴി പൊലീസ് കൺട്രോൾ റൂമിലെത്തുമായിരുന്നു. അവിടെ എൽസിഡി സ്‌ക്രീനിൽ 76 ക്യാമറകളിലും നിന്നുള്ള ദൃശ്യങ്ങൾ  76 കള്ളികളിലായി കാണുകയും ചെയ്യാം. അതിലൂടെ നിയമലംഘനങ്ങൾ കണ്ടെത്താമായിരുന്നു. എന്നാൽ ഇത്രയും സൗകര്യങ്ങൾ നഗരത്തിൽ നിശ്ചലമായിട്ട് രണ്ട് വർഷം കഴിഞ്ഞു.

ഉണ്ടായിരുന്നത്

500 മീറ്റർ വരെ ഒപ്‌റ്റിക്കലായും 300 മീറ്റർ വരെ ഡിജിറ്റലായും കൺട്രോൾ റൂമിലിരുന്നു തന്നെ ദൃശ്യങ്ങൾ പൊലീസുകാർക്ക് സൂം ചെയ്യാം. സൂമിങ്ങിൽ വ്യക്‌തത നഷ്‌ടപ്പെടില്ലായിരുന്നു. 180 ഡിഗ്രി ചെരിച്ചാണ് ക്യാമറകൾ സ്‌ഥാപിച്ചിരുന്നത്. ഏതെങ്കിലും ഭാഗത്ത് ആൾക്കൂട്ടമോ ട്രാഫിക് ബ്ലോക്കോ ഉണ്ടായാൽ ക്യാമറ അവിടേക്ക് സ്വയം സൂം ചെയ്യുന്നതിനുള്ള സെൻസറുകളും ഘടിപ്പിച്ചിരുന്നു.

kozhikode-troll-1

സമരങ്ങളുമായി ബന്ധപ്പെട്ട് അക്രമം നടത്തുന്നവരെ കൃത്യമായി കണ്ടെത്താൻ ക്യാമറകൾ പൊലീസുകാർക്ക് ഉപകരിച്ചിരുന്നു. ഇന്നിപ്പോൾ ക്യാമറകൾ സ്ഥാപിച്ച പോസ്റ്റുകൾ മാത്രം നഗരത്തിൽ തലയുയർത്തി നിൽക്കുന്നുണ്ട്. ഏതെങ്കിലും ക്യാമറയിലെ ദൃശ്യം സൂക്ഷ്‌മമായി നിരീക്ഷിക്കാൻ ആ ദൃശ്യം മാത്രം ഫുൾ സ്‌ക്രീനിലാക്കി പരിശോധിക്കുകയും ചെയ്യാമായിരുന്നു.

കൃത്യമായി പരിപാലിച്ചില്ല

നഗരത്തിലെ ഓരോ ചലനങ്ങളും  ഒപ്പിയെടുക്കുന്ന ക്യാമറകൾ കൃത്യമായി പരിപാലിക്കാൻ ഉദ്യോഗസ്ഥർക്കായില്ല. കെൽട്രോണിനായിരുന്നു ചുമതല. എന്നാൽ കൃത്യമായി പണം നൽകാതായതോടെ അതും നശിച്ചു. ഒരു ക്യാമറ കേടായാൽ അത് കൃത്യസമയത്ത് നന്നാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നില്ല.

നഷ്ടം

ഓരോ സ്ഥലത്തും രണ്ട് മെഗാപിക്‌സൽ സിസ്‌കോ ക്യാമറയായിരുന്നു സ്ഥാപിച്ചിരുന്നത്. ഒരു ലക്ഷം രൂപയായിരുന്നു വില. അത്തരത്തിലുള്ള 76 ക്യാമറകൾ. അവ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി വേറെയും ചെലവ് ഉണ്ടായിരുന്നു. അതിലുപരി അപകടം വരുത്തുന്ന വാഹനങ്ങളെയും കുറ്റവാളികളെയും കണ്ടെത്താൻ പൊലീസിനു കഴിയാത്തതും നഗരത്തിന്റെ നഷ്ടമാണ്.

പുതിയ തരത്തിലുള്ള ക്യാമറകൾ ഉടൻ തന്നെ നഗരത്തിൽ സ്ഥാപിക്കും. ഇതിനായി കോർപറേഷനുമായി സഹകരിച്ച് കാര്യങ്ങൾ ചെയ്യും. ഇതിനു വേണ്ടിയുള്ള യോഗം ചേർന്നു കഴിഞ്ഞു.  വേഗത്തിൽ തന്നെ നഗരത്തിൽ നടപ്പാക്കും. കെ.വിനോദ് കുമാർ (ട്രാഫിക് ഇൻസ്പെക്ടർ)

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama