go

പഴശ്ശിരാജ ഒരു ഫ്യൂഡൽ പ്രഭുവല്ല; താടിയും മുടിയും നീട്ടിയ ഇരുനിറക്കാരൻ

kozhikode news
കുട്ടമത്ത് കുന്നിയൂർ നാരായണക്കുറുപ്പ് ചിത്രങ്ങൾ: റസൽ ഷാഹുൽ∙മനോരമ
SHARE

കോഴിക്കോട്∙ മഹാകവി കുട്ടമത്തിന്റെ പിൻമുറക്കാരൻ. ഒരു ഗ്രാമത്തിന്റെ അതിർത്തികൾ തീരുമാനിക്കുന്ന പട്ടേലരായി (വില്ലേജ് ഓഫിസർ) ജീവിതം തുടങ്ങിയയാൾ. പിന്നീട് മലബാറിന്റെയും ദക്ഷിണേന്ത്യയുടെയും ചരിത്രത്തിന്റെ അതിർത്തി  രാജ്യാന്തര തലത്തിലേക്ക്  മാറ്റിവരച്ചയാൾ. കുട്ടമത്ത് കുന്നിയൂർ നാരായണക്കുറുപ്പ് എന്ന നാട്ടുകാരുടെ നാണുവേട്ടൻ. ഒറ്റവാക്കിൽ ഒതുങ്ങാത്ത വിശേഷണങ്ങളുടെ തലവൻ. കേരളത്തിന്റെ സ്വന്തം ഡോ.കെ.കെ.എൻ.കുറുപ്പ് ഇതാ, എൺപതാം വയസിന്റെ നിറവിൽ. താൻ പിന്നിട്ട കാലം സുവർണചരിത്രമായി മാറിയതു കണ്ടു നിൽക്കുന്ന ചരിത്രകാരൻ. കടന്നുവന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ് അദ്ദേഹം.

ചരിത്രത്തിലൂടെ 

നവോത്ഥാനം എന്നാൽ ശ്രീനാരായണഗുരുവിനെപ്പോലുള്ള മഹാൻമാരുടെ ചരിത്രമാണെന്ന് നമ്മൾ കരുതുന്നു. എന്നാൽ സമൂഹത്തിൽ മാറ്റം കൊണ്ടുവന്ന സാധാരണക്കാരുണ്ട്. കാസർകോട് ചെറുവത്തൂർ കുട്ടമത്ത് വീട്ടിലെ ജാനകി എന്ന പെൺകുട്ടി അതുവരെ നിലനിന്നിരുന്ന സംബന്ധം എന്ന രീതി വേണ്ടെന്ന് തീർത്തുപറഞ്ഞത് അത്തരമൊരു മാറ്റമാണ്.

ആ വീട്ടിലെ പഴയതലമുറയിലെ സ്ത്രീകളെ നമ്പൂതിരിമാർ സംബന്ധം ചെയ്യുകായിരുന്നു പതിവ്. എന്നാൽ ജാനകി വടകര ചോമ്പാല കൊവുക്കൽ കുന്നിയൂർ വീട്ടിൽവച്ച് മണ്ണംപൊയിൽ ചാപ്പക്കുറുപ്പിനെ വിവാഹം ചെയ്തു. ഏറെ വിപ്ലവകരമായ ചരിത്രമാണിത്. അവരുടെ മകനായാണ് ഞാൻ ജനിച്ചത്. മഹാകവി കുട്ടമത്തിന്റെ മരുമകളാണ് എന്റെയമ്മ ജാനകി. 

വഴി തെളിച്ച ജോലി

കുട്ടമത്തെ വീട്ടുകാർക്ക് പാരമ്പര്യമായി  ലഭിച്ചിരുന്ന പട്ടേലർ (വില്ലേജ് ഓഫിസർ) ജോലി ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് ഞാൻ ഏറ്റെടുത്തത്. അത് എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. വടകരയിലെ ഭൂപ്രകൃതിയോ നാട്ടുകഥകളോ ചരിത്രമോ അല്ല, കാസർകോട് ജില്ലയിലേത്. ഓരോ മണ്ണിനും  ഓരോ ചരിത്രവും  കഥയുമുണ്ട്. ഇംഗ്ലിഷിൽ  ബിരുദാനന്തര ബിരുദം നേടണം എന്നായിരുന്നു അക്കാലം വരെ ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ചരിത്രം പഠിക്കണം എന്നു തോന്നാൻ കാരണം അന്നത്തെ പട്ടേലർ ജോലിയാണ്.‍ സർവകലാശാലയിലെ പഠനകാലത്ത് എന്റെ ചരിത്രാധ്യാപകരുടെ സ്വാധീനം വളരെ വലുതാണ്.

കമ്യൂണിസ്റ്റ് ചിന്താധാരയുള്ള ഡോ. എം.ജി.എസ് നാരായണനും ലിബറൽ ചിന്താധാരയുള്ള പ്രഫ. ടി.കെ. രവീന്ദ്രനും ഡോ.എം.ഡി.ശ്രീകുമാരൻനായരുമൊക്കെയാണ് എന്റെ ഗുരുനാഥൻമാർ. ചിന്തയുടെ  രണ്ട് വ്യത്യസ്ത സമീപനങ്ങൾ. ഈ രണ്ടു കൈവഴികളും ഒരുമിച്ചുചേർന്ന പഠനരീതിയാണ് ഒരു ചരിത്രകാരൻ എന്ന നിലയിൽ എനിക്കു കൈവന്നത്. മലബാറിലെ ദേശീയത, കർഷക പ്രസ്ഥാനം, തൊഴിലാളി വർഗ സമരങ്ങൾ, കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾ, ഫോക്‌ലോർ പഠനങ്ങൾ തുടങ്ങിയവയ്ക്ക് ചരിത്രപഠനങ്ങളിലൂടെ രാജ്യാന്തര  തലത്തിൽ ശ്രദ്ധ നേടാനാണ് ഞാൻ ശ്രമിച്ചത്.

ഒരു യുഗസന്ധിയിൽ 

ഒരു സഹസ്രബ്ദം തീർന്ന് മറ്റൊരു സഹസ്രാബ്ദം തുടങ്ങുന്ന ആ കാലഘട്ടത്തിലാണ് ഞാൻ കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലിരുന്നത്. 1998 മുതൽ 2002  വരെ ആ ചുമതല വഹിച്ചു. മുൻപ് സാമ്പത്തികമായും അക്കാദമികമായും ഏറെ കഷ്ടപ്പാടിലായിരുന്നു സർവകലാശാല. അടിസ്ഥാനഘടന ശക്തിപ്പെടുത്തി. കൂടുതൽ കേന്ദ്രങ്ങൾ തുറന്ന് ഗ്രാമീണ മേഖലകളിലേക്ക് സർവകലാശാല ഇറങ്ങിച്ചെന്നു. എൻജിനീയറിങ് അടക്കമുള്ള ശാസ്ത്രസാങ്കേതിക  മേഖലകളിൽ സീറ്റ് വർധിപ്പിച്ചു. വടകരയിലും വയനാട്ടിലും മുതൽ തൃശൂർ വരെയുള്ള മേഖലകളിൽ കേന്ദ്രങ്ങൾ തുടങ്ങി. 

സിനിമ വേറെ,  ചരിത്രം വേറെ

കുഞ്ഞാലിമരയ്ക്കാരുടെ കഥ പറയുന്ന സിനിമകൾ വരുന്നുണ്ട്്. എന്നാൽ യഥാർഥ ചരിത്രം സിനിമയ്ക്ക് ആവശ്യമായ രീതിയിൽ മാറ്റിമറിക്കും എന്നത് ഉറപ്പാണ്. പഴശ്ശിരാജയുടെ  കാര്യത്തിലും ഇതാണു സംഭവിച്ചത്. പഴശ്ശിരാജയെ ജന്മിയായ നാട്ടുപ്രമാണിയുടെ രൂപത്തിലാണ് സിനിമയിൽ ചിത്രീകരിച്ചത്. വീണ വായിക്കുന്ന, കുതിരപ്പുറത്ത് സഞ്ചരിക്കുന്ന, ഏറ്റുമുട്ടലിൽ എതിരാളികളാൽ കൊല്ലപ്പെടുന്നയാളായാണ് സിനിമയിൽ കാണിച്ചത്. എന്നാൽ പഴശ്ശിരാജയുടെ ചരിത്രം ഏറെ വിശദമായ ഗവേഷണം നടത്തിയാണ് ഞാൻ പുസ്തകമാക്കിയത്. എന്താണ് പഴശ്ശിരാജയുടെ രൂപം എന്ന ധാരണ കിട്ടാൻ ഞാൻ വളരെയേറെ ചരിത്രരേഖകൾ പഠിച്ചു.

അക്കാലത്ത് പഴശ്ശിയെ സന്ദർശിച്ച ഫ്രഞ്ച്കാരനായ ഒരു പ്രസിഡന്റിനെക്കുറിച്ചുള്ള രേഖകളിൽനിന്നാണ് പഴശ്ശിരാജയുടെ രൂപത്തെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചത്. ഇംഗ്ലണ്ടിലാണ് ഈ രേഖകളുള്ളത്. പഴശ്ശിക്ക് 55 വയസുള്ളപ്പോഴാണ് ആ കൂടിക്കാഴ്ച നടന്നത്. തലയിൽ ചുവന്ന പുള്ളിയുള്ള കിരീടമാണ് അദ്ദേഹം ധരിച്ചിരുന്നത്. താടിയും മുടിയും നീട്ടിയ ഇരുനിറക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹം സിനിമയിലെപ്പോലെ ഒരു ഫ്യൂഡൽ പ്രഭുവല്ല. നാട്ടുകാർക്കിടയിൽ സാധാരണക്കാരനായി ജീവിച്ചയാളാണ്. ഉയരം തീരെക്കുറവായിരുന്നു.

അതുകൊണ്ടുതന്നെ കുതിരപ്പുറത്ത് കയറാൻ അദ്ദേഹത്തിനു സാധിക്കില്ല. അദ്ദേഹത്തിനു കുതിരയും ഇല്ലായിരുന്നു. ഇനിയൊരു യുദ്ധം വന്നാൽ തന്റെ പ്രിയപ്പെട്ട കൂട്ടുകാർ മരിക്കുമെന്നോർത്ത്് പഴശ്ശി കരഞ്ഞത് രേഖകളിൽനിന്ന് വായിച്ചെടുത്തു. തന്റെ കയ്യിലെ തോക്കുകൊണ്ട് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു പഴശ്ശി. പഴശ്ശിയെ  ഒറ്റുകൊടുത്തതിനുള്ള പണം കിട്ടാൻവേണ്ടി വിവിധ വകുപ്പുകൾ തമ്മിൽ തർക്കവും നടന്നു.

എന്നാൽ ഇതൊന്നുമല്ല സിനിമയിലെ പഴശ്ശിരാജ. ചരിത്രകാരൻമാർ കണ്ടെത്തിയ വസ്തുതകൾ സിനിമയ്ക്കുവേണ്ടി തെറ്റായി മാറ്റിയെഴുതാൻ പാടില്ല എന്ന് ചെന്നൈയിൽ നടന്ന ചരിത്രകാരൻമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ സിനിമയിൽ പഴശ്ശിയെ വളച്ചൊടിച്ചതിനെക്കുറിച്ച് ഒരു ചർച്ച പോലും നടന്നില്ല. കുഞ്ഞാലിമരയ്ക്കാറിന്റെ ഒരു സ്റ്റാംപ് പുറത്തിറക്കാൻ ഞാൻ 20 വർഷത്തോളം  അലഞ്ഞുതിരിഞ്ഞു. പക്ഷേ സർവകലാശാലയിൽ വിസി ആയ ശേഷം മൂന്നുമാസം കൊണ്ട് സ്റ്റാംപു പുറത്തിറക്കാൻ കഴിഞ്ഞു.

ഗോത്ര കലകൾ

മലബാറിലെ ഗോത്രകലകളെക്കുറിച്ച് കൂടുതൽ ശ്രദ്ധേയമായ പഠനങ്ങൾ വേണം. ഇപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ പൂരക്കളിയെ രാജ്യാന്തരതലത്തിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. പൂരക്കളിയെ കലോത്സവത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശം നൽകിയത് ഞാനാണ്. പൂരക്കളി ഒരു കലാരൂപം മാത്രമല്ല, അക്കാലത്തെ രാജഭരണവുമായി ബന്ധപ്പെട്ട ആയോധനവിദ്യകളുടെ പ്രദർശനവും കൂടിയാണ്. മലബാറിന് യുനസ്കോയുടെ ‘അന്യം നിൽക്കുന്ന കലകളുടെ മേഖല’ എന്ന പദവി ലഭിക്കാനുള്ള ശ്രമവും തുടരുകയാണ്.

കഥകളിക്ക് ലഭിച്ച പിന്തുണ മലബാറിലെ ഒരു കലാരൂപത്തിനും ലഭിച്ചിട്ടില്ല. വള്ളത്തോൾ  മുന്നിട്ടിറങ്ങിയതുകൊണ്ട്  കഥകളി കലാകാരൻമാരെ ഉന്നതരായി സമൂഹം അംഗീകരിച്ചു. എന്നാൽ കണ്ണൻ പെരുവണ്ണാന്റെ മക്കൾ തെയ്യംകലാകാരൻമാർ ആവാതെ മറ്റു ജോലികൾക്കുപോയി. കാരണം തെയ്യം കലാകാരന് സമൂഹത്തിൽ മാന്യത ലഭിക്കുന്നില്ല. ജീവിക്കാൻ‍ വേണ്ടത്ര പണവും ലഭിക്കുന്നില്ല. മലബാറിലെ ഗോത്രകലകളുടെ ഈ അവസ്ഥ മാറണം.

സാധാരണക്കാർ

എല്ലാക്കാലത്തും ചരിത്രപഠനം രാഷ്ട്രീയ ചരിത്രപഠനം മാത്രമായി ഒതുങ്ങിയിട്ടേയുള്ളു. മുൻകാലങ്ങളിൽ രാജാക്കൻമാരുടെയും ഭരണത്തലവൻമാരുടെയും ചരിത്രപഠനമായിരുന്നു. ഇപ്പോൾ ചരിത്രപഠനം കമ്യൂണിസ്റ്റ് ചരിത്രം, കോൺഗ്രസ് ചരിത്രം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ ചരിത്രത്തിലേക്ക് ഒതുങ്ങുകയാണ്. ഇതു പാടില്ല. സാധാരണക്കാരന്റെ, അവന്റെ കലകളുടെ, സംസ്കാരത്തിന്റെ,

വളർച്ചയുടെ ചരിത്രത്തിലേക്കാണ് നമ്മുടെ ശ്രദ്ധ ചെല്ലേണ്ടത്. ഇതുവരെയുള്ള എന്റെ ജീവിതം തൃപ്തികരമാണ്. അനേകം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും അറിയാത്ത ലോകങ്ങളും അറിയാത്ത ചരിത്രവും കണ്ടറിയാനും കഴിഞ്ഞു. ഏറെ അവസരങ്ങൾ ലഭിച്ചു. അവസരങ്ങൾ ലഭിക്കാത്ത എത്രയോ പേർ ഈ ഭൂമിയിലുണ്ട്. ആശയങ്ങൾ മരിക്കുമെന്ന ചിന്ത എനിക്കില്ല. ഓരോ ആശയവും എവിടെയെങ്കിലു ജീവിക്കും.

യാത്രയാണ് ജീവിതം

യാത്രയാണ് ഇപ്പോൾ ജീവിതമെന്ന് ഡോ.കെ.കെ.എൻ കുറുപ്പ് പറയുന്നു. കോഴിക്കോട്ടെ ഫ്ലാറ്റിലും ചോമ്പാലയിലെ വീട്ടിലും എറണാകുളത്തെ മകളുടെ ഫ്ലാറ്റിലുമൊക്കെയായി ഒഴുകി നടക്കുകയാണ് കെ.കെ.എൻ.കുറുപ്പ്. 1939ൽ വടകര അഴിയൂരിൽ ജനനം. സർവകലാശാലയിൽനിന്ന് എംഎ രണ്ടാംറാങ്കും പിഎച്ച്ഡിയും. തുടർന്ന് മംഗലാപുരം,കോഴിക്കോട് സർവകലാശാലകളിൽ അധ്യാപകകനായി.

1998 മുതൽ 2002 വരെ സർവകലാശാല വൈസ് ചാൻസലർ. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് അംഗവും അധ്യക്ഷനുമായി. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടർ ജനറലും മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് ഡയറക്ടറുമായി.  ഭാര്യ പ്രഫ. മാലിനി കുറുപ്പ്. മക്കൾ മീന അനിൽകുമാർ, നളിൻകുമാർ.

പുസ്തകപ്രകാശനം നാളെ

ഡോ.കെ.കെ.എൻ കുറുപ്പിനെക്കുറിച്ചുള്ള പുസ്തകവുമായി അദ്ദേഹത്തിന്റെ മകൾ.  വിവിധ ഗവേഷകരും അധ്യാപകരും പല പ്രസിദ്ധീകരണങ്ങളിൽ കെ.കെ.എൻ കുറുപ്പിനെക്കുറിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് മീന അനിൽകുമാർ എഡിറ്റു  ചെയ്ത് പുസ്തകമാക്കി പുറത്തിറക്കുന്നത്.  ‘കെ.കെ.എൻ.കുറുപ്പ്: എൺപതിന്റെ നിറവ്’ പുസ്തകം നാളെ ടൗൺഹാളിൽ നടക്കുന്ന ‘സ്നേഹാദരം’ചടങ്ങിലാണ് പ്രകാശനം ചെയ്യുന്നത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama