go

രക്തം പുരണ്ട ആ പേര്: നവീൻ ചന്ദ്; ചരിത്രത്തിൽ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

kozhikode news
കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ നിന്നുള്ള കാഴ്ച. ചിത്രങ്ങൾ: എം.ടി.വിധുരാജ്∙മനോരമ
SHARE

1498ൽ വാസ്കോ ഡ ഗാമ കാപ്പാട് കപ്പലിറങ്ങിയപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചത് ഒരു മലയാളിയല്ല. ഗുജറാത്തിൽനിന്നു വന്ന് കോഴിക്കോട്ട് താമസമുറപ്പിച്ച ഒരു വ്യാപാരി ആയിരുന്നുവത്രേ.  ഈ മണ്ണിന്റെ ചരിത്രത്തിൽ അലിഞ്ഞുചേർന്ന വിഭാഗമാണ് ഗുജറാത്തികൾ. ഇബ്നു ബത്തൂത്ത വരുന്ന കാലത്തുതന്നെ വലിയൊരു തുറമുഖ പട്ടണമായിരുന്ന കോഴിക്കോട്ടേക്ക് വ്യാപാരത്തിനായാണ് ഗുജറാത്തി സമൂഹം വന്നെത്തിയത് എന്നു കരുതപ്പെടുന്നു. അറബ്, ചൈനീസ് ജനതയുമായി കച്ചവടം നടത്താനും  ലാഭം കൊയ്യാനും നാട്ടുകാരെ പഠിപ്പിച്ചതും ഗുജറാത്തികളാണ്. ഈ നഗരത്തിന്റെ വളർ‍ച്ചയിൽ നല്ലൊരു പങ്കു വഹിച്ച സമൂഹമാണ് ഗുജറാത്തികൾ.

ഗുജറാത്തികൾ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാമെങ്കിലും പല പല വിഭാഗക്കാരാണ് ഈ സമൂഹം. തനത് വിശ്വാസങ്ങളും ആചാരങ്ങളും ഭക്ഷണരീതിയുമുള്ളവരാണ് ഓരോരുത്തരും. ഇതിൽ വൈഷ്ണവരുണ്ട്, ജൈനരുണ്ട്, ശൈവരുണ്ട്, ബോറമാരുണ്ട്, ഗുജറാത്തി മാർവാഡികളുണ്ട്..എണ്ണിയാലൊടുങ്ങാത്തത്ര വിഭാഗക്കാർ.

കൊച്ചിയും ആലപ്പുഴയുമടക്കം സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലുള്ള ഗുജറാത്തി സമൂഹങ്ങളിൽ ഉള്ളതിനേക്കാൾ അംഗസംഖ്യയും ജാതിവൈവിധ്യവുമുള്ള സമൂഹം ഇവിടെയാണുള്ളത്. അന്നത്തെ വ്യാപാരസൗകര്യങ്ങൾ പരിഗണിച്ചാവാം, തീരത്തോടു ചേർന്ന് വലിയങ്ങാടിക്കു ചുറ്റുമാണ് ഗുജറാത്തി സമൂഹം താവളമുറപ്പിച്ചത്. ഈ പ്രദേശങ്ങളിലെല്ലാം തങ്ങളുടെ ആരാധനാലയങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്.

ഗുജറാത്തി തെരുവ്

പൈതക നഗരത്തിലേക്കുള്ള ഇടവഴിയായാണ് ഗുജറാത്തി തെരുവിനെ പല ചരിത്രകാരൻമാരും വിശേഷിപ്പിക്കാറുള്ളത്. വലിയങ്ങാടിയിൽ തുടങ്ങി സൗത്ത് ബീച്ചിലേക്ക് നീളുന്ന അനേകം ചെറു ഇടവഴികൾ. ബാലരമയിലെ ‘വഴികാണിക്കാമോ’ ഓർമിപ്പിക്കുന്ന തരത്തിൽ ഊരാക്കുടുക്കാവുന്ന വഴികൾ.

വീടുകളും കെട്ടിടങ്ങളും ഇഴപിരിഞ്ഞ് നീളുന്നു. മുകൾ‍ത്തട്ടിൽ വീട്,താഴെ തട്ടിൽ പാണ്ടികശാല എന്ന രീതിയിലാണ് പല കെട്ടിടങ്ങളും. മട്ടാഞ്ചേരിയെ വെല്ലുന്ന പഴമയുടെ മണം. ഇപ്പോഴും സജീവമായ കച്ചവട സ്ഥാപനങ്ങൾ. ഇതാണ് കോഴിക്കോടിന്റെ ഗുജറാത്തിതെരുവ്. 

രക്തം പുരണ്ട ആ പേര്:  നവീൻ ചന്ദ്

ഗുജറാത്തി വേരുകളുണ്ടെങ്കിലും ജൻമം കൊണ്ട് കോഴിക്കോട്ടുകാരനായിരുന്നു നവീൻചന്ദ് ഈശ്വർലാൽ ഷ്റോഫ്. അച്ഛന്റെയും അമ്മയുടെയും ഒറ്റമകൻ.  20 വയസിന്റെ യുവത്വം. ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർഥി. പക്ഷേ വിദ്യാർഥിയാണെന്ന പരിഗണന പോലും ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിനു നൽകിയില്ല. 

സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. തന്നെ കാണാൻ ബർദോളിയിലെ ജയിലിലെത്തിയ അമ്മയോട്  അദ്ദേഹം പറഞ്ഞു: ‘ഇനി ഞാൻ പുറത്തുവരുന്നത് സ്വതന്ത്രമായ രാജ്യത്തിലേക്കായിരിക്കും.’ 

പക്ഷേ  അദ്ദേഹം ഒരിക്കലും ജീവനോടെ പുറത്തുവന്നില്ല. ബൂട്ടിട്ട കാലുകൾ കൊണ്ട് പട്ടാളക്കാർ ചവിട്ടിയരച്ച അദ്ദേഹം കുഴഞ്ഞുവീണു. മുറിവുകളിലെ പഴുപ്പും  കടുത്ത പനിയും ബാധിച്ച് ജയിലിനകത്ത് അദ്ദേഹം മരിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ കേരളത്തിൽനിന്നുള്ള ആദ്യരക്തസാക്ഷി. പക്ഷേ ചരിത്രത്തിൽ എവിടെയെങ്കിലും ഈ പേര് കേട്ടിട്ടുണ്ടോ? 

മറക്കാനാവില്ല ശ്യാംജിയെ

സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളിൽ ജീവനും രക്തവും നൽ‍കിയാണ് കോഴിക്കോട്ടെ ഗുജറാത്തി സമൂഹം അണിചേർന്നത്. മുപ്പതുകളിൽ ഗാന്ധിജി കോഴിക്കോടു വന്നപ്പോൾ ഗാന്ധിജിയുടെ ജന്മനാട്ടുകാരായ ഗുജറാത്തി സമൂഹവും ഏറെ ആഘോഷപൂർവം അദ്ദേഹത്തെ സ്വീകരിച്ചതായി ചരിത്രം പറയുന്നു.

കല്ലായിയിലെ അരി വ്യാപാരി ആയിരുന്ന ശ്യാംജി സുന്ദർ‍ദാസ് നിസ്വാർഥത കൈമുതലാക്കിയ തനി ഗാന്ധിയനായിരുന്നു. മൂന്നു തവണ ഗാന്ധിജി കോഴിക്കോട്ടു വന്നപ്പോഴും ശ്യാംജിയുടെ അതിഥിയായാണ് താമസിച്ചത്. മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ശ്യാംജി കോഴിക്കോട്ടെ ഗുജറാത്തി കുടുബങ്ങളെ ദേശീയ പ്രസ്‌ഥാനത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും അണിനിരത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. 

ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് കോൺഗ്രസിന്റെ മുഖ പത്രമായി കല്ലച്ചിൽ അച്ചടിച്ച് രഹസ്യമായി പ്രചരിപ്പിച്ചിരുന്ന സ്വതന്ത്ര ഭാരതം പത്രത്തിന്റെ അണിയറ ശിൽപ്പികളിൽ ഒരാളായി ശ്യാംജിയുമുണ്ടായിരുന്നു.  വിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി മലപ്പുറത്തെ നെടിയിരുപ്പിൽ തന്റെ 800 ഏക്കർ സ്ഥലം ഹരിജനങ്ങൾക്ക് വിട്ടുനൽകി. തന്റെ വാർധക്യത്തിലെ അവസാന 25 വർഷവും മലാപ്പറമ്പിലെ ഗാന്ധി ആശ്രമത്തിലാണ് അദ്ദേഹം ജീവിച്ചത്. 1987 ജൂലൈ 7ന് അദ്ദേഹം ഓർമയായി.

തിരിച്ചുപോക്കിന്റെ കാലഘട്ടം 

kozhikode-chethan-sha
ഗുജറാത്തി സ്ട്രീറ്റിലെ പട്ടാളക്കാരന്റെ പ്രതിമയ്ക്കു സമീപം ചേതൻ ഷാ.

‘പലരും തിരികെ പോവുകയാണ്. മക്കളുടെ വിദ്യാഭ്യാസവും ഭാവിയുമാണ് പ്രധാനം. മുംബൈയിലും മംഗളൂരുവിലും അഹമ്മദാബാദിലുമൊക്കെ മികച്ച അവസരങ്ങൾ ലഭ്യമാണ്. ഈ നാട്ടിൽ എന്താണുള്ളത്?’ കോഴിക്കോട്ടു ജനിച്ചുവളർന്ന ഗുജറാത്ത് വംശജൻ ചേതൻഷാ ചോദിക്കുന്നു.

മികച്ച തൊഴിലവസരങ്ങൾ ഗുജറാത്തിലും മഹാരാഷ്ട്രയിലും ലഭ്യമാണ്. വ്യവസായികൾക്ക് അനുകൂലമായ സാഹചര്യം അവിടെയുണ്ട്. ഉന്നത പഠനത്തിനുശേഷം വിദേശത്തേക്ക് പോവാനാണ് പുതുതലമുറ  ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പല ഗുജറാത്തി കുടുംബങ്ങളും നൂറ്റാണ്ടുകൾക്കുശേഷം വേരുകളറുത്ത് തിരികെ പോവുകയാണെന്ന് ചേതൻഷാ പറയുന്നു. 

ഗുജറാത്തി സ്കൂൾ

kozhikode-school
കോഴിക്കോട് ബീച്ചിലെ ഗുജറാത്തി വിദ്യാലയ ഹയർ സെക്കൻഡറി സ്കൂൾ.

നഗരത്തിൽ 150–ാം പിറന്നാൾ ആഘോഷിക്കുന്ന  വിദ്യാലയമാണ് ഗുജറാത്തി വിദ്യാലയ. 1869ൽ കാലിക്കറ്റ് പ്രൈവറ്റ് ഗുജറാത്തി സ്കൂൾ എന്നപേരിലാണ് സ്കൂൾ തുടങ്ങിയത്. 1952ൽ ബീച്ച് റോഡിനു സമീപത്തെ കെട്ടിടത്തിൽ ശ്രീനരൻജി പുരുഷോത്തം വിദ്യാഭുവൻ എന്ന പേരിൽ മാറ്റി സ്ഥാപിച്ചു. 1969ൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ ഹൈസ്കൂളായി. എല്ലാ വിദ്യാർഥികൾക്കും പ്രവേശനവും നൽകി. 1936 മുതൽ 39 വരെ ഗുജറാത്തി സ്കൂളിലെ അധ്യാപകനായിരുന്നു എസ്.കെ.പൊറ്റെക്കാട്.

ബാലകൃഷ്ണ ലാൽജി മന്ദിർ

kozhikode-house
ഗുജറാത്തി സ്ട്രീറ്റിലെ ബാലകൃഷ്ണലാൽജി മന്ദിർ.

ഗുജറാത്തി തെരുവിലെ ബാലകൃഷ്ണ ലാൽജി മന്ദിർ ഏറെ പ്രസിദ്ധമാണ്.150 വർഷം മുൻപാണ് ഈ ക്ഷേത്രം ഇപ്പോഴത്തെ രീതിയിൽ പുതുക്കിപ്പണിതത്രേ. ഗുജറാത്തിൽനിന്നു വന്ന വൈഷ്ണവരുടെ ക്ഷേത്രമാണ് ഇത്. അഷ്ടമിരോഹിണിയാണ് ലാൽജി മന്ദിറിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. ദീപാവലി, ഹോളി, മകരവിളക്ക് എന്നീ ദിവസങ്ങൾ ഗുജറാത്തികളുടെയും പ്രത്യേക ആഘോഷങ്ങളാണ്. മൂന്നുനാലിഞ്ച് ഉയരം മാത്രമുള്ള വെള്ളിരൂപത്തിലാണ് ഭഗവാൻ ശ്രീബാലകൃഷ്ണന്റെ മനോഹരമായ രൂപം കാണുക. 

ക്ഷേത്രത്തിനു സമീപം അനേകം പശുക്കളുള്ള  ഒരു ഗോശാലയുമുണ്ട്.  വൈഷ്ണവ വിഭാഗത്തിൽപെട്ട 400 കുടുംബങ്ങൾ പണ്ടുണ്ടായിരുന്നു. 150 കുടുംബങ്ങളാണ് ഇവിടെ ഇപ്പോഴുള്ളത്. മറ്റുള്ളവർ പലരും തിരികെ പോയി. ഈ കുടുംബങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലാറ്റും വീടുമൊക്കെ വാങ്ങി താമസം മാറിക്കഴിഞ്ഞു.

കഥ പറയുന്ന ജൈനക്ഷേത്രം

kozhikode-temple
കോഴിക്കോട് റെയിൽവേസ്റ്റേഷന് സമീപത്തെ സേഠ് ആനന്ദ്ജി കല്യാൺജി ജൈനക്ഷേത്രം.

നാഗ്ജി ഫുട്ബോൾ..സേഠ് നാഗ്ജി പുരുഷോത്തം കമ്പനി...കോഴിക്കോട്ടുകാരുടെ ഹൃദയത്തിൽ രേഖപ്പെടുത്തപ്പെട്ട രണ്ടു വാക്കുകൾ. ഇന്നും കോഴിക്കോട്ടുകാർക്ക് ഫുട്ബോൾ എന്നാൽ നാഗ്ജി ഫുട്ബോളാണ്.  മഴ വന്നാൽ സൂര്യമാർക്ക് കുടയുമാണ്. സേഠ് നാഗ്ജി എന്ന ഗുജറാത്ത് വംശജന്റെ കുടക്കമ്പനിയിൽ ജോലി തേടിവന്ന് കോഴിക്കോട്ടുകാരായി മാറിയ അനേകം പേരുണ്ട്.

സേഠ്നാഗ്ജി കമ്പനിയുടെ മുന്നിലൂടെ തെക്കോട്ടുള്ള ഇടവഴിയിലൂടടെ നടന്നാൽ ജൈനവിഭാഗക്കാരുടെ ക്ഷേത്രത്തിലെത്താം. കല്യാൺജി ആനന്ദ്ജി ക്ഷേത്രമാണിത്. കാലികുണ്ഠ് പാർശ്വനാഥ് ഭഗവാന്റെ 35 സെന്റീമീറ്ററോളം വലിപ്പമുള്ള പ്രതിഷ്ഠയ്ക്ക് ആറു നൂറ്റാണ്ടോളം പഴക്കമുണ്ട്. ഇതേ വിഗ്രഹത്തിന്റെ മറ്റൊരു ഭാഗമാണ് വയനാട്ടിലെ ജൈനക്ഷേത്രത്തിലുള്ളത് എന്നൊരു വാദവുമുണ്ട്. ചതുർഥിയോടനുബന്ധിച്ച് എട്ടുദിവസം ഒരു തുള്ളി വെള്ളം പോലും  കുടിക്കാതെ നോമ്പെടുക്കുന്ന വിഭാഗമാണ് ജൈനർ.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama