go

ആ വീട് മാത്രമല്ല, പ്രളയത്തിൽ തകർന്ന എല്ലാ വീടും നമുക്ക് പുനർനിർമിക്കാം’

kozhikode-lost-houses
വയനാട് പുത്തുമലയിലെ ഉരുൾപൊട്ടിയ സ്ഥലത്ത് രാഹുൽഗാന്ധി എംപി ചിത്രം: മനോരമ
SHARE

കോഴിക്കോട്∙ ‘ ആ വീട് നമുക്ക് ശരിയാക്കാം, നിങ്ങളുടെ വീടു മാത്രമല്ല, പ്രളയത്തിൽ തകർന്ന എല്ലാ വീടും പുനർനിർമിക്കാം’ ചിപ്പിലിത്തോട് കൊല്ലങ്കണ്ടി ഖദീജയെ നെഞ്ചോടു ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിന്റെ വാക്കുകൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പരിഭാഷപ്പെടുത്തിയത് കേട്ടു ഖദീജ രാഹുലിന്റെ കൈകൾ എടുത്തു നെറ്റിയിൽ ചേർത്തു വച്ചു.

മരുതിലാവ് വനമേഖലയിലുണ്ടായ  ഉരുൾപൊട്ടലിൽ ചിപ്പിലിത്തോട് പുഴ രൗദ്രഭാവം പൂണ്ടതോടെയാണ് പുഴയോരത്തെ വീടുവിട്ടു ഖദീജ കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹിം സെൻട്രൽ സ്കൂളിലെ ക്യാംപിലെത്തിയത്.  വീടു വെള്ളത്തിലായതിനാൽ തിരിച്ചുപോകാനാകുന്നില്ല. ദുരിതാശ്വാസ ക്യാംപിലെ മറ്റുള്ളവരും രാഹുലിനോടു ദുരിതങ്ങൾ വിവരിച്ചു. സങ്കട കഥകൾ കേട്ട്  ഒരു മാത്ര രാഹുലിന്റെ കണ്ണുകളും നിറഞ്ഞു. ‘നാളെയെക്കുറിച്ച് ആലോചിച്ചു  വിഷമിക്കേണ്ട, ഞങ്ങളെല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്’ എന്ന് ഓരോരുർത്തർക്കും ഉറപ്പ് നൽകിയാണ് രാഹുൽ മടങ്ങിയത്.

അന്തേവാസികൾക്കുള്ള ദുരിതാശ്വാസ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. രാഹുൽ ഗാന്ധി ഏർപ്പെടുത്തിയ കിറ്റുകൾക്കു പുറമെ  അദ്ദേഹത്തിന്റെ  അഭ്യർഥനപ്രകാരം കെഎംസിസി നൽകിയ കിറ്റുകളും വിതരണം ചെയ്തു. തേക്കിൻതോട്ടം കോളനിയിലെ കല്യാണിക്കാണ് ആദ്യ കിറ്റ് നൽകിയത്. കല്യാണിയുടെ വീടിന്റെ അവസ്ഥ രാഹുൽ ചോദിച്ചറിഞ്ഞു. സദസ്സിന്റെ മുൻനിരയിലിരുന്ന ചെമ്പുകടവ് അംബേദ്കർ കോളനിയിലെ രാജേഷ്–ഗീത ദമ്പതികളുടെ മകൾ ഒന്നാം ക്ലാസ് വിദ്യാർഥിനി അപർണയെ രാഹുൽ വേദിയിലേക്കു വിളിച്ചു മടിയിലിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് എന്നിവർ ഒപ്പമുണ്ടായിരുന്നു. എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രാഗേഷ് എന്നിവർ  നേതൃത്വം നൽകി. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama