go

ഒഴുകിപ്പോയി വഴികൾ; ഉരുൾപൊട്ടലിലും മഴവെള്ളം കുത്തിയൊലിച്ചും പല പ്രധാന റോഡുകളും തകർന്നു

kozhikode-roads-losted
കക്കയം ഡാംസൈറ്റ് റോഡിൽ വനംവകുപ്പ് ഇക്കോ ടൂറിസം സെന്റർ ടിക്കറ്റ് കൗണ്ടറിനടുത്ത് പാത ഉരുൾപൊട്ടലിൽ പൂർണമായും ഒലിച്ചുപോയ നിലയിൽ.
SHARE

കോഴിക്കോട്∙ തുടർച്ചയായി രണ്ടാം വർഷവും പ്രളയമഴ പെയ്തിറങ്ങിയപ്പോൾ ജില്ലയുടെ പല ഭാഗങ്ങളും റോഡും പാലങ്ങളും തകർന്ന് ഒറ്റപ്പെട്ടു. പുതുതായി നിർമിക്കുകയും വീതി കൂട്ടുകയും ചെയ്ത റോഡുകളും ദേശീയ, സംസ്ഥാന പാതകളും ഇക്കൂട്ടത്തിലുണ്ട്. ഉരുൾപൊട്ടലിലും മഴവെള്ളം കുത്തിയൊലിച്ചുമാണ് പല പ്രധാന റോഡുകളും നാമാവശേഷമായത്. 

പുഴയിലെ കുത്തൊഴുക്കിൽ തകർന്ന തലയാട് ചെമ്പുങ്കര പാലം റോഡ്.
പുഴയിലെ കുത്തൊഴുക്കിൽ തകർന്ന തലയാട് ചെമ്പുങ്കര പാലം റോഡ്.

കൂരാച്ചുണ്ട്

കക്കയം ഡാംസൈറ്റ് റോഡ് ഉരുൾപൊട്ടലിൽ പാടേ തകർന്നു. ഇക്കോ ടൂറിസം സെന്റർ ടിക്കറ്റ് കൗണ്ടറിനു സമീപം 150 മീറ്ററോളം റോഡ് ഉരുൾപൊട്ടലിൽ പൂർണമായും ഒലിച്ചുപോയി. കക്കയം വാലിക്കടുത്തും ഉരുൾപൊട്ടി റോഡ് തകർന്നു. കെഎസ്ഇബിയുടെ 3 വാഹനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കക്കയം ജലവൈദ്യുത പദ്ധതി, ടൂറിസ്റ്റ് കേന്ദ്രം എന്നിവയിലേക്കുള്ള ഏകപാത ഇനി ഗതാഗതയോഗ്യമാക്കാൻ മാസങ്ങൾ വേണ്ടിവരും.

വാണിമേൽ പാക്വയി പാലം മധ്യഭാഗം ഒഴുകിപ്പോയ നിലയിൽ.
വാണിമേൽ പാക്വയി പാലം മധ്യഭാഗം ഒഴുകിപ്പോയ നിലയിൽ.

കക്കയം റബർ എസ്റ്റേറ്റ് മേഖലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് അമ്പലക്കുന്ന് ആദിവാസി കോളനി റോഡ് തകർന്നു. പഞ്ചായത്ത് അധികൃതർ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡിന്റെ സംരക്ഷണഭിത്തിക്കു കേടുണ്ട്. കക്കയം പുഴയിലെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ പഞ്ചവടി നടപ്പാലം സംരക്ഷണ ഭിത്തി തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. നടപ്പാലം നശിച്ചതിനാൽ പഞ്ചവടി മേഖലയിലെ 25 കുടുംബങ്ങളും ദുരിതത്തിലാണ്. 

കോടഞ്ചേരി

കാപ്പാട്-തുഷാരഗിരി സംസ്ഥാനപാത 68ൽ തുഷാരഗിരി-ചിപ്പിലിത്തോട് ഭാഗം റോഡ് തകർന്നു ഗതാഗതം പൂർണമായും നിലച്ചു. മരുതിലാവ് വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ചിപ്പിലിത്തോട് 29ാം ജംക്‌ഷനടുത്ത് റോഡ് തകർന്നു വലിയ കുഴി രൂപപ്പെട്ടു. ചിപ്പിലിത്തോട് അങ്ങാടിയിൽ 400 മീറ്ററോളം നീളത്തിൽ ടാറിങ് ഒലിച്ചുപോയി. വട്ടച്ചിറ അങ്ങാടിക്കും ചിപ്പിലിത്തോട് അങ്ങാടിക്കും ഇടയിൽ റോഡിൽ 5 സ്ഥലങ്ങളിൽ മലപോലെ മണ്ണിടിഞ്ഞ് വീണുകിടക്കുകയാണ്.

20 കോടി രൂപ മുടക്കി നിർമിച്ച് 7 മാസം മുൻപ് ഉദ്ഘാടനം ചെയ്ത 5 കിലോമീറ്റർ റോഡാണ് പ്രളയത്തിൽ നശിച്ചത്. 80 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.അടിവാരം-നൂറാംതോട് റോ‍ഡിൽ മരുതിലാവ് ഉരുൾപൊട്ടലിൽ പോത്തുണ്ടി പാലം പൂർണമായും തകർന്ന് ഗതാഗതം നിലച്ചു. ഇവിടെ പുതിയ പാലം പണിതാലേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ.

ചാലിപ്പുഴ കരകവിഞ്ഞൊഴുകി കോടഞ്ചേരി-പറപ്പറ്റ-ചെമ്പുകടവ് റോഡിലെ പറപ്പറ്റ കലുങ്കിന്റെ റോഡ് തകർന്നു. കാലംപാറ തൂക്കുപാലം, പുളിക്കൽപ്പടി തൂക്കുപാലം, പുളിമൂട്ടിക്കടവ് കോൺക്രീറ്റ് നടപ്പാലം എന്നിവയും പൂർണമായും ഒലിച്ചുപോയി. ‌

ബാലുശ്ശേരി 

തലയാട് ചെമ്പുങ്കര പാലത്തിന്റെ റോഡ് ഒലിച്ചുപോയി. നേരത്തേ ശോച്യാവസ്ഥയിലായിരുന്ന ബാലുശ്ശേരി–കുന്നത്തെരു–നന്മണ്ട, പനായി–നന്മണ്ട14 റോഡുകളുടെ തകർച്ച മഴയെ തുടർന്ന് പൂർണമായി. നന്മണ്ട–പടനിലം റോഡിൽ വെള്ളം കെട്ടിനിന്ന ഭാഗങ്ങളിൽ റോഡ് തകർന്നു.

ചക്കിട്ടപാറ

പൂഴിത്തോട് മാവട്ടം ഇല്ല്യായനി പുഴയിലെ 3 താൽക്കാലിക പാലങ്ങൾ കുത്തൊഴുക്കിൽ ഒലിച്ചുപോയതിനാൽ 3 കുടുംബങ്ങൾ ഒറ്റപ്പെട്ടു. കൂവപ്പൊയിലിൽനിന്നു പന്നിക്കോട്ടൂർ പാലം വഴിയുള്ള ബദൽ റോഡിലും വെള്ളം കയറി. പാലത്തിന്റെ റോഡ് നവീകരിച്ചാൽ മാത്രമേ യാത്ര സാധ്യമാവൂ. 

പയ്യോളി

മേലടി സാമൂഹിക ആരോഗ്യ കേന്ദ്രം–പള്ളിക്കര റോഡ് തകർന്നു. ടാർ മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇളകി ചെളിയിൽ കുഴമ്പു രൂപത്തിലായി. പലയിടങ്ങളിലായി റോഡ് തകർന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം നിലച്ച മട്ടാണ്.

നടുവണ്ണൂർ 

പഞ്ചായത്തിൽപ്പെട്ട മന്ദങ്കാവ് അയനിക്കാട് തുരുത്തിലെ 12 കുടുംബം വെള്ളം പൊങ്ങി ഒറ്റപ്പെട്ട നിലയിലാണ്. മന്ദങ്കാവിൽ നിന്ന് തുരുത്തിലേക്കുള്ള ഏക വഴിയിൽ വെള്ളം പൊങ്ങി. രണ്ടു ഭാഗം രാമൻപുഴയും ഒരു ഭാഗം മുതുവോട്ട് പുഴയുമാണ്. മന്ദങ്കാവിൽ നിന്നുള്ള നടപ്പാതയാണ് ഇവിടെ എത്താനുള്ള ഏക വഴി. അവിടനല്ലൂരിൽ അക്കര മുണ്ട്യാടി- രാമൻകുന്ന് റോഡ് വെള്ളം കുത്തിയൊലിച്ച് തകർന്നു.

കുറ്റ്യാടി

ചൂരണിമലയിൽ ഉരുൾപൊട്ടി വയനാട്ടിലേക്കുള്ള പൂതംപാറ, ചൂരണി പക്രംതളം ബദൽ റോഡ് ഒഴുകിപ്പോയി. ഗതാഗതം പൂർണമായും നിലച്ചു. ചൂരണി പ്രദേശത്തുള്ളവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുറ്റ്യാടി ചുരം റോഡും ഏറെക്കുറെ തകർന്നു. ചുങ്കക്കുറ്റിയിലും 5, 10, 11 വളവുകളിലുമാണ് വൻതോതിൽ മണ്ണിടിച്ചിലുണ്ടായത്. 10, 11 വളവിലെ മണ്ണും കല്ലുകളും നീക്കം ചെയ്തിട്ടില്ല. 11ാം വളവു മുതൽ വാളാംതോട് വരെയുള്ള ഭാഗം റോഡിന്റെ അരികുഭാഗം വൻ കുഴിയായിട്ടുണ്ട്.

മൂന്നാംകൈ മുതൽ ഒന്നാം വളവു വരെയുള്ള ഭാഗത്ത് റോഡ് തകർന്നുകിടക്കുകയാണ്. കുറ്റ്യാടി ഊരത്ത് റോഡ്, തൊട്ടിൽപാലം, കരിങ്ങാട്, കൈവേലി റോഡുകൾ പൂർണമായി തകർന്നു. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് കക്കുടാരം റോഡ്, ചീത്തപ്പാട് പൊയിൽ കോളനി റോഡ്, തൊട്ടിൽപാലം ഓടങ്കാട്, ബാലവാടി റോഡ്, ഹാജിയാർമുക്ക്, വട്ടക്കൈത, ആശ്വാസി റോഡുകൾ പൂർണമായി തകർന്നു. മരുതോങ്കര പഞ്ചായത്തിലെ കുറ്റ്യാടി, കച്ചേരിത്താഴ റോഡ് തകർന്നു.

നാദാപുരം 

മാടാഞ്ചേരി, കുറ്റല്ലൂർ, പന്നിയേരി, കണ്ണൂർ ജില്ലയിലെ പറക്കാട് എന്നീ ആദിവാസി കോളനികളിലേക്ക് വിലങ്ങാട്ടു നിന്നുള്ള ഏക റോഡായ പാലൂർ റോഡിലാണ് ഉരുൾപൊട്ടലുണ്ടായത്. അര കിലോമീറ്ററോളം റോഡിൽ വിള്ളൽ വീണു. ഏറെ താഴ്ചയിലേക്കാണ് റോഡ് ഭിത്തി ഇടിഞ്ഞു വീണത്. 

വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിലങ്ങാട് അങ്ങാടിയിലെ പാലം വഴി ഇനി വാഹന ഗതാഗതം അസാധ്യമാണ്. കഴിഞ്ഞ പ്രളയത്തിൽ കൈവരികൾ തകർന്ന ഈ പാലത്തിന്റെ ഇരുകരകളിലെയും പാർശ്വഭിത്തികൾ തകർന്നു. നമ്പ്യത്താൻകുണ്ടിനെയും ഭൂമിവാതുക്കൽ അങ്ങാടിയെും ബന്ധിപ്പിക്കുന്ന പാക്വയി പാലത്തിന്റെ മധ്യഭാഗത്തെ സ്ലാബ് ഒഴുകിപ്പോയി. നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് ഭാഗത്ത് പ്രളയജലം ഉയരുന്നതോടെ വാഹനങ്ങൾ തിരിച്ചുവിടുന്ന നാദാപുരം പുളിക്കൂൽ കുമ്മങ്കോട് റോഡിന്റെ മധ്യഭാഗത്ത് കൂറ്റൻ വിള്ളലുണ്ടായി. 

മുക്കം 

മുക്കം–കോഴിക്കോട്, താമരശ്ശേരി, അരീക്കോട്, ചേന്ദമംഗല്ലൂർ, കാരമൂല, കൂടരഞ്ഞി തുടങ്ങിയ പ്രധാന റോഡുകളെല്ലാം പ്രളയത്തിൽ താറുമാറായി. കൊടിയത്തൂർ പഞ്ചായത്തിലെ പുതിയോട്ടിൽ കടവ് തുക്കൂപാലവും നഗരസഭയിലെ തൃക്കുടമണ്ണ തൂക്കുപാലവും തകർന്നു. കാരമൂലയിലെ വല്ലത്തായ് പാറയിലെ വെന്റ് പൈപ്പ് പാലവും മുക്കം കടവിലെ വെന്റ് പൈപ്പ് പാലവും വെള്ളത്തിൽ മുങ്ങി. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama