go

ഉരുൾപെ‌ാട്ടൽ ഭീതിയിൽ അടുക്കംമല താഴ്‌വാരം

kozhikode-adukkommala
അടുക്കംമലമുകളിലെ ചെങ്കൽ ഖനനം.
SHARE

മടവൂർ ∙ ദുരന്തം ഉണ്ടായ ശേഷം എന്തു സഹായിക്കാനാണ് ? കുറേ ജീവനുകൾ നഷ്ടപ്പെട്ടാൽ മാത്രം ഇടപെടേണ്ടവരാണോ ഉദ്യോഗസ്ഥരും സർക്കാർ സംവിധാനങ്ങളും ? ചെങ്കൽ ഖനനം നടക്കുന്ന അടുക്കംമലയുടെ ചെരിവിലും താഴ്‌വാരങ്ങളിലും ഉരുൾപൊട്ടൽ ഭീഷണിയിൽ കഴിയുന്നവരുടെ ചോദ്യങ്ങളാണിത്.മാസങ്ങൾക്ക് മുൻപാണ് അടുക്കം മലയുടെ മുകൾ ഭാഗത്ത് ചെങ്കൽ ഖനനം തുടങ്ങിയത്. നൽകാവുന്നിടത്തെല്ലാം നാട്ടുകാർ പരാതി നൽകി. ഒരു നടപടിയും ഇതുവരെയില്ല. 

ക്വാറി അവശിഷ്ടങ്ങൾ മലമുകളിലെ ചെരിവിൽ തള്ളിയ നിലയിൽ.
ക്വാറി അവശിഷ്ടങ്ങൾ മലമുകളിലെ ചെരിവിൽ തള്ളിയ നിലയിൽ.

കുടുംബത്തെ ഇവിടെ തനിച്ചാക്കി ജോലിക്കു പോയ പ്രവാസികൾക്ക് ഓരോ മഴ കനക്കുമ്പോഴും നെഞ്ചിൽ തീയാണ്. മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് ഇവിടെ ഖനനം നടത്തുന്നതെന്നാണു  നാട്ടുകാരുടെ പരാതി. ഇക്കാര്യങ്ങൾ വ്യക്തമാക്കി കലക്ടർ ഉൾപ്പെടെയുള്ളവർക്ക് കഴിഞ്ഞ മാസവും പരാതി നൽകിയിരുന്നു.നരിക്കുനി, മടവൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്നതാണ് അടുക്കം മല. ഓരോ ദുരന്ത വാർത്തകൾ കേൾക്കുമ്പോഴും നാട്ടുകാർ പരാതിയുമായി റവന്യു അധികൃതരെ സമീപിക്കും. പരാതി വാങ്ങി രസീത് നൽകുന്നത് മാത്രമാണ് ആകെ നടക്കുന്നത്. 

അതെല്ലാം ഓരോ ഫയലുകളാക്കി ഉറക്കം നഷ്ടപ്പെട്ട് കഴിയുകയാണ് അടുക്കം മലയുടെ ചുറ്റിലുമുള്ള ഇരുനൂറിലേറെ കുടുംബങ്ങൾ.തറ നിരപ്പിൽ നിന്നു പരമാവധി 3 മീറ്റർ മാത്രം താഴ്ത്തി ഖനനം ചെയ്യാനുള്ള അനുമതിയുടെ മറവിൽ അതിന്റെ എത്രയോ ഇരട്ടി തുരന്നു കഴിഞ്ഞു. മലയുടെ മുകൾ ഭാഗത്ത് വശങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന മണ്ണും കൂറ്റൻ കല്ലുകളും മറ്റൊരു ഭീഷണിയാണ്. ഖനനം നടക്കുന്നതിനു ചുവടെ വീടുകൾക്കു പുറമേ വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. 

തൂങ്ങി നിൽക്കുന്ന പാറകളും പാറക്കൂട്ടങ്ങളും ഇളകിയതിനാൽ ഉരുൾപൊട്ടൽ ഭീഷണിയിലാണ് ഇവർ. 1.40 ഏക്കറിൽ ഖനനം നടത്താനാണ് സ്വകാര്യ വ്യക്തിക്ക് അനുമതി ലഭിച്ചിരിക്കുന്നത്.  മാനദണ്ഡം പാലിച്ചാണോ ഖനനം നടത്തുന്നതെന്നു ഉദ്യോഗസ്ഥർ അന്വേഷിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണു കർമസമിതിയുടെ ആവശ്യം.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama