go

ക്യാംപിൽനിന്ന് വീട്ടിലെത്തിയാൽ അതിജീവനത്തിന്റെ ദിനങ്ങൾ

kozhikode-flood-camp-to-house
പ്രളയത്തിൽ മുങ്ങിയ വീടുകളിൽ ശുചീകരണം നടത്താനുള്ള അണുനാശിനികൾ സാമൂഹിക നീതി വകുപ്പിന്റെയും കോഴിക്കോട് എൻഐടിയുടെയും കലക്ടീവ് കാലിക്കറ്റിന്റെയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ തയാറാക്കുന്നു.. ചിത്രം: മനോരമ
SHARE

കോഴിക്കോട്∙ വെള്ളച്ചുമരുകളിൽ ചെളിവെള്ളത്തിന്റെ പാടുകൾ. നമ്മൾ ഒരു പ്രളയകാലംകൂടി പിന്നിട്ടിരിക്കുന്നു. വിങ്ങുന്ന മനസുമായി ദുരിതാശ്വാസ ക്യാംപുകളിലെ മരബഞ്ചുകളിൽ കൂനിക്കൂടിയിരുന്ന ദിനരാത്രങ്ങൾ. ഇടമുറിയാത്ത ദുരിതപ്പെയ്ത്ത് എപ്പോൾ തീരുമെന്നറിയാതെ കാത്തിരുന്ന മണിക്കൂറുകൾ. ഇനിയാണ് നമ്മെ ദുരിതത്തിലാക്കിയ പ്രളയകാലത്തെ എങ്ങനെ പൊരുതിത്തോൽപ്പിക്കുമെന്ന് കണ്ടറിയേണ്ടത്. ജീവിതം തിരികെപ്പിടിക്കാനുള്ള തത്രപ്പാടുകൾ. ഇനിയുള്ളതാണ് അതിജീവനത്തിന്റെ ദിനങ്ങൾ.  

ചുറ്റും ജലനിരപ്പുയർന്നപ്പോൾ ഒരു രക്ഷയുമില്ലാതെയാണ് നമ്മൾ വീടുവിട്ടിറങ്ങിയത്. ജീവിതത്തിന്റെ ആകെ സമ്പാദ്യവും ചെലവഴിച്ചു നിർമിച്ച വീടുകൾ. അതിലെ വിലപിടിച്ച വീട്ടുപകരണങ്ങൾ. വിലപ്പെട്ട രേഖകൾ. എല്ലാം പിന്നിലുപേക്ഷിച്ചാണ് ദുരിതാശ്വാസ ക്യാംപിലേക്ക് പോയത്.ചാലിയാർ കരകവിഞ്ഞ മാവൂർ, പെരുവയൽ മുതൽ‍ ഫറോക്ക് വരെയുള്ള പ്രദേശങ്ങളും അറപ്പുഴയും മാമ്പുഴയും കരകവിഞ്ഞ് അരീക്കാട്, നല്ലളം, ചെറുവണ്ണൂർ പ്രദേശങ്ങളും വെള്ളത്തിലായി. പൂനൂർപ്പുഴയും കല്ലായിപ്പുഴയും കനോലിക്കനാലും നിറഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 

കരുതലിലേക്ക്

ഇന്നലെ പകൽ അനേകം ദുരിതാശ്വാസ ക്യാംപുകൾ‍ പൂട്ടി. പെരുന്നാൾ  ദിവസം തിരികെ വീട്ടിലേക്ക്് മടങ്ങുന്ന തിരക്കിലായിരുന്നു പലരും. ഇന്നലെ രാവിലെ ലഭിച്ച കണക്കുപ്രകാരം കോഴിക്കോട് താലൂക്കിൽ 186 ക്യാംപുകളിൽ 45936 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ‍ പകൽ 47 ക്യാംപുകളിലെ ആളുകൾ തിരികെ വീടുകളിലേക്ക് പോയി. ആകെ 1772 കുടുംബങ്ങളിലെ 5736 പേർ സ്വന്തം വീട്ടിലെത്തി. പിന്നീട് 32 ക്യാംപുകളിൽനിന്നുകൂടി 4733 പേർ വീട്ടിലേക്ക് മടങ്ങി. ഇപ്പോൾ കോഴിക്കോട് താലൂക്കിൽ 107 ക്യാംപുകളിൽ 11560 കുടുംബങ്ങളിലെ 35467 ആളുകളുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ഇന്നും നാളെയുമായി വീടുകളിലെത്തും.

പുതിയ കാഴ്ച

ഇന്നലെ ക്യാംപുകളിൽനിന്ന് തിരികെ വീടുകളിലേക്ക് എത്തിയവരെ കാത്തിരുന്നത് അമ്പരപ്പിക്കുന്ന കാഴ്ചകളാണ്. വീടുകളിലെ ഉപകരണങ്ങൾ പലതും വെള്ളത്തിൽ ഒഴുകി നടന്നു. അടുക്കളയിലെ ഫ്രിജ്ജും  വാഷിങ്മെഷിനുമൊക്കെ മുറ്റത്തെ തെങ്ങിൻചുവട്ടിലും കിണറ്റിൻകരയിലുമൊക്കെയാണ് വന്നടിഞ്ഞത്. മൂന്നു ദിവസത്തോളം വെള്ളത്തിൽ കിടന്ന കിടക്കകൾ‍ ചെളി കട്ടപിടിച്ച് മരപ്പലക പോലെ ആയിത്തീർന്നു. ചുമരുകൾ മുഴുവൻ ചെളിയിൽ‍ കുതിർന്നു.

ചിലരുടെ വീടുകളുടെ ചുമരിൽ വിള്ളലുകൾ രൂപപ്പെട്ടു. നഗരത്തിൽപ്പോലും പലരുടെയും മതിലുകൾ ഇടിഞ്ഞുവീണ് കിടക്കുകയായിരുന്നു.  ചിലരുടെ മുറികളിൽ പാമ്പുകളും ജീവികളും ചത്തുകിടക്കുന്നുണ്ടായിരുന്നു. വാഹനങ്ങൾ പൂർണമായും ഉപയോഗശൂന്യമായി മാറി. തൽക്കാലത്തേക്ക് മാറി നിൽക്കാൻ വാടകവീട് അന്വേഷിച്ച് പരക്കം പായേണ്ട ഗതികേടുമുണ്ടായി. ബുധനാഴ്ച്ച മക്കൾക്കു സ്കൂൾ തുറക്കുന്നതിനുമുൻപ് എവിടെയെങ്കിലും ഒന്നു താമസമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് പലരും. 

ശുചീകരിക്കാനും വേണം കിറ്റ്

കോഴിക്കോട്∙ വീടുകൾ ശുചിയാക്കാനുള്ള അണുനാശിനികളും ഗ്ലൗസ്, ബ്രഷുകൾ, ബ്ലീച്ചിങ് പൗഡറുകൾ, ബക്കറ്റുകൾ എന്നിവയും തയാറാക്കുന്ന തിരക്കിലായിരുന്നു സാമൂഹിക നീതി വകുപ്പ്. ലീഗൽ സർവീസ് അതോറിറ്റിക്കൊപ്പം  ജില്ലയിലെ ജഡ്ജുമാരടക്കമുള്ളവരും സാമൂഹിക നീതിവകുപ്പും ചാത്തമംഗലം എൻഐടിയിലെ സംഘവും സജീവമായി രംഗത്തെത്തി. വെള്ളിമാടുകുന്ന് സാമൂഹികനീതി വകുപ്പിന്റെ കോംപ്ലക്സിൽ കലക്ടീവ് കാലിക്കറ്റിന്റെ സഹകരണത്തോടെയാണ് ജോലികൾ പുരോഗമിച്ചത്. ചിൽഡ്രൻസ് ഹോമിലെയും പുവർഹോമിലെയും അന്തേവാസികളും സഹായവുമായെത്തി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama