go

സ്നേഹം കുട നിവർത്തി, കണ്ണീരിലും ചിരി വിടർന്നു

kozhikode-love-and-happy
നഗരത്തിലെ ഒരു ദുരിതാശ്വാസ ക്യാംപിൽനിന്ന്.
SHARE

കോഴിക്കോട്∙ മൂന്നു വയസുകാരൻ‍ യദുകൃഷ്ണൻ തൊട്ടിലിൽക്കിടന്ന് ആടുകയാണ്. ഇടയ്ക്ക് തൊട്ടിൽ ഊഞ്ഞാലാക്കി മാറ്റും. സാമൂരിൻ‍സ് എച്ച്എസ്എസ്സിന്റെ വരാന്തയിലെ കഴുക്കോലിൽ ചുറ്റിക്കെട്ടിയ ചുവന്ന സാരിയാണ് തൊട്ടിൽ. പക്ഷേ തൊട്ടിൽ യദുകൃഷ്ണന്റേതല്ല. യദുവിന്റെ മരുമകനുവേണ്ടി കെട്ടിയതാണ്. വെറും 11 ദിവസം മാത്രമാണ് ആ കുഞ്ഞിന്റെ പ്രായം.

യദുവിന്റെ മൂത്ത സഹോദരി അശ്വതി പ്രസവിച്ച് വീട്ടിലെത്തിയ അഞ്ചാംദിവസമാണ് മഴ പെയ്ത് ജലനിരപ്പുയർന്നത്. അശ്വതിയുടെ അച്ഛൻ മാരിമുത്തുവും അമ്മ  ഷിജിലയും കല്ലുത്താൻകടവ് കോളനിയിലാണ് താമസം. കോളനിയിലെ കുഞ്ഞുവീട്ടിലെ അസൗകര്യങ്ങൾക്കിടയിലാണ് അശ്വതിയും കുഞ്ഞും വന്നുകയറിയത്. പക്ഷേ കനത്ത മഴയിൽ കോളനി വെള്ളത്തിലായി. രാത്രി ഒരുമണിയോടെ പൊലീസുകാരും അധികാരികളുമെത്തി എല്ലാവരെയും ക്യാംപിലേക്ക് മാറ്റുകയായിരുന്നു. 

അശ്വതിയുടെ ഭർത്താവിന്റെ വീട് തിരൂരിലാണ്. ഭർത്താവും ബന്ധുക്കളും ഇവിടെ വന്നിരുന്നു. ഇവരും ക്യാംപിലേക്കു മാറേണ്ടിവന്നു. തിരൂരിൽ വെള്ളം പൊങ്ങി അവിടത്തെ വീടും മുങ്ങിക്കിടക്കുകയാണ്. ദുരിതാശ്വാസ ക്യാംപിൽ സ്ത്രീകൾ ഒരു ക്ലാസ്മുറിയിലും പുരുഷൻമാർ മറ്റൊരു മുറിയിലും എന്നരീതിയിലാണ് കിടക്കുന്നത്. എന്നാൽ അശ്വതിക്കും കു‍ഞ്ഞിനുംവേണ്ടി അധികൃതർ പ്രത്യേക സൗകര്യം ഒരുക്കിക്കൊടുത്തു. ഈ കുടുംബത്തിനുവേണ്ടി ഒരു മുറി വിട്ടുനൽകി. അവശ്യം വേണ്ട മരുന്നുകളും പോഷകവും ലഭിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാംപിലെത്തിയവർ കുഞ്ഞിനെ കാണാനും താലോലിക്കാനുമായി ഇടയ്ക്കിടയ്ക്ക് വന്നുപോവുന്നുണ്ട്. ഒത്തൊരുമിച്ച് കഴിയുന്നതിനാൽ കഷ്ടപ്പാടുകളെക്കുറിച്ചും ഭാവിയെക്കുറിച്ചും ആലോചിക്കാൻ മാരിമുത്തുവിനും കുടുംബത്തിനും തൽക്കാലം സമയം കിട്ടുന്നില്ല.

എങ്കിലും ഈ പ്രശ്നങ്ങളെ അതിജീവിക്കും. വരുംതലമുറ ഈ പ്രശ്നങ്ങളിൽനിന്ന്  ഉയിർത്തെഴുന്നേൽക്കും. മികച്ചൊരു ജീവിതം കൈപ്പിടിയിലൊതുക്കുമെന്നും മാരിമുത്തു പറയുന്നു. പ്രളയത്തിന്റെ തിരക്കിൽ തന്റെ കുഞ്ഞിന് നല്ലൊരു പേരു കണ്ടെത്താൻ സമയം കിട്ടിയില്ലെന്നാണ് അശ്വതി പറയുന്നത്.  സിദ്ധാർഥ് എന്നു പേരിടണമെന്നാണ് മാരിമുത്തുവിന്റെ ആഗ്രഹം.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama