go

പെരളിമല താഴ്‌വാരത്ത് ഗുഹ കണ്ടെത്തി, ഉള്ളിലൂടെ വെള്ളം ഒഴുകുന്ന ശബ്ദവും

cave1
അത്തോളി കണ്ണിപ്പൊയിലിൽ കണ്ടെത്തിയ ഗുഹ
SHARE

അത്തോളി ∙ കണ്ണിപ്പൊയിലിൽ പെരളി മലയുടെ അടിഭാഗത്ത് ഗുഹ കണ്ടെത്തി. പാലക്കൽ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഗുഹ കണ്ടെത്തിയത്. നേരത്തെ ചെങ്കൽ ഖനനം നടത്തിയ പ്രദേശമാണിത്. ഗുഹാമുഖത്തു നിന്നും അകത്തേക്കു നോക്കിയാൽ വലിയ വിസ്താരത്തിൽ അറ കാണാം. ഉള്ളിലൂടെ വെള്ളം ഒഴുകി പോകുന്ന ശബ്ദവും കേൾക്കാം. കനത്ത മഴയിൽ അസാധാരണമായി നീരരുവി ഒഴുകി വരുന്നത് ശ്രദ്ധയിൽ പെട്ട് പരിസരവാസികൾ ചെന്നു നോക്കിയപ്പോഴാണ് ഗുഹാമുഖം കാണുന്നത്. ഇവിടെ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.

അത്തോളി കണ്ണിപ്പൊയിലിൽ ഗുഹകണ്ടെത്തിയ സ്ഥലത്ത് ജിയോളജിസ്റ്റുകൾ പരിശോധന നടത്തുന്നു.

ചെങ്കുത്തായ മലയുടെ കീഴെ വലിയ ഗർത്തം രൂപപ്പെട്ടു കിടക്കുന്നതിനാൽ മലയിടിച്ചിൽ സാധ്യത തള്ളിക്കളയാനാകില്ല. നേരത്തെ ഇവിടെ മലയിടിച്ചിൽ ഉണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. മലയ്ക്കു താഴെ 2 വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ജില്ലാ ജിയോളജിസ്റ്റ് ഇബ്രാഹിം കുഞ്ഞ്, രശ്മി എന്നിവരും പഞ്ചായത്ത്, പൊലീസ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഗുഹ കാണാൻ ഒട്ടേറെ ആളുകൾ എത്തുന്നുണ്ട്.

പൈക്കാടൻ മലയിൽ സോയിൽ പൈപ്പിങ്; നാട്ടുകാർ ഭീതിയിൽ

മുക്കം ∙ കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈക്കാടൻ മലയിൽ സോയിൽ പൈപ്പിങ് കണ്ടെത്തിയതോടെ നാട്ടുകാർ ഭീതിയിൽ. ജിയോളജി, ചെറുകിട ജലസേചന വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ വിശദ പഠനം ആവശ്യമാണെന്നും മഴ ശക്തമായി തുടർന്നാൽ മാത്രമേ ആശങ്കയ്ക്ക് ഇടയുള്ളൂവെന്നും അധികൃതർ പറഞ്ഞു.

മണ്ണിനടിയിൽ നിന്നു ചീടിയും മണലും മറ്റും പൊങ്ങി വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണു സ്ഥലം ഉടമ കൊല്ലേലത്തിൽ ബാലകൃഷ്ണൻ അധികൃതരെ വിവരം അറിയിച്ചത്. ഒട്ടേറെ ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയിലെ പ്രതിഭാസത്തിൽ നാട്ടുകാർ ആശങ്കയിലാണ്. പരിഭ്രാന്തരാകേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിലും മേഖലയിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം നേരിട്ടിരുന്നു.

ജിയോളജിസ്റ്റ് ഇബ്രാഹിംകു‍ഞ്ഞ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ടി.സി.രശ്മി എന്നിവരും റവന്യു അധികൃതരും പരിശോധന നടത്തി. സ്ഥലത്തെ മണ്ണും വെള്ളവും പരിശോധനയ്ക്ക് എടുത്തു. മൈനർ ഇറിഗേഷൻ എൻജിനീയർ ഫൈസലും സ്ഥലം സന്ദർശിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama