go

നിർത്തിയത് 191 ക്യാംപുകൾ

kozhikode-karasserry
കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപ് മന്ത്രി ടി.പി.രാമകൃഷ്ണൻ സന്ദർശിക്കുന്നു.
SHARE

കോഴിക്കോട്∙ ഇനിയിതുപോലെ ഒരു പേമാരി പെയ്യരുതേ എന്ന പ്രാർഥനയുമായി അവർ ദുരിതാശ്വാസ ക്യാംപിന്റെ പടിയിറങ്ങി. മഴ കുറഞ്ഞ് പ്രളയജലം ഇറങ്ങിയതോടെ ജില്ലയിൽ ഇതുവരെ പിരിച്ചുവിട്ടത് 191 ക്യാംപുകളാണ്.

ഇന്നലെ രാവിലെ ജില്ലയിൽ ആകെ 177 ദുരിതാശ്വാസ ക്യാംപുകളിൽ 13,787 കുടുംബങ്ങളിലെ 43,706 പേരാണുണ്ടായിരുന്നത്. എന്നാൽ പകൽ 51 ക്യാംപുകൾ പിരിച്ചുവിട്ടു. ഇന്നലെ രാത്രി ജില്ലയിലൊട്ടാകെ 126 ക്യാംപുകളിലായി 9489 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. 251,04 പേർ വീടുകളിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. 

ദുരിതാശ്വാസ ക്യാംപുകളിൽനിന്ന് മടങ്ങുന്നവർക്ക് ആരോഗ്യ പരിശോധനയും വൈദ്യസഹായവും നൽകുന്നുണ്ട്. എലിപ്പനി പ്രതിരോധിക്കാൻ ഡോക്സിസൈക്ലിൻ ഗുളികകൾ വിതരണം ചെയ്യുന്നു. വെള്ളം കയറിയ വീടുകൾ ശുചീകരിക്കാൻ കീടനാശിനി, ബ്ലീച്ചിങ് പൗഡർ, ചൂല്, ഗ്ലൗസുകൾ, ബക്കറ്റ്, കപ്പ് തുടങ്ങിയവ അടങ്ങിയ കിറ്റും നൽകുന്നുണ്ട്. ചില ക്യാംപുകളിൽ വിവിധ സന്നദ്ധ സംഘടനകൾ ഒരാഴ്ചത്തേക്കുള്ള പലവ്യഞ്ജനങ്ങളും മറ്റുമടങ്ങുന്ന കിറ്റും വിതരണം ചെയ്യുന്നുണ്ട്. 

ബേപ്പൂർ

ഫറോക്ക്∙ 26 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിച്ചിരുന്ന ബേപ്പൂർ നിയോജക മണ്ഡലത്തിൽ 13 ക്യാംപുകൾ പിരിച്ചുവിട്ടു. ഫറോക്ക് നഗരസഭയിൽ ഗവ. ഗണപത് എച്ച്എസ്എസിൽ മാത്രമാണ് ഇപ്പോൾ ക്യാംപ്. കരുവൻതിരുത്തി ബിഎംഒ യുപി സ്കൂൾ, വെസ്റ്റ് നല്ലൂർ ഗവ. എൽപി സ്കൂൾ ക്യാംപുകൾ പ്രവർത്തനം നിർത്തി. 11 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിച്ച ചെറുവണ്ണൂർ വില്ലേജിൽ 6 ക്യാംപുകൾ തുടരുന്നു.

മീഞ്ചന്ത ഗവ. ആർട്സ് കോളജ്, ചെറുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയം, കൊളത്തറ ആത്മവിദ്യാ സംഘം സ്‌കൂൾ, ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ സ്‌കൂൾ, മോഡേൺ ബസാർ കെപിഎംകെ ഹൗസ് എന്നിവിടങ്ങളിലാണു നിലവിൽ ക്യാംപുള്ളത്. പ്രളയബാധിതർക്കായി 3 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിച്ചിരുന്ന രാമനാട്ടുകര വില്ലേജിൽ രാമനാട്ടുകര ഗവ. യുപി സ്കൂളിലെ ക്യാംപ് മാത്രമാണു ശേഷിക്കുന്നത്. 

കോടമ്പുഴ കെഎംഒ ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, ചുള്ളിപ്പറമ്പ് വിപിഎ എൽപി സ്‌കൂൾ ക്യാംപുകളിൽനിന്ന് ആളുകൾ മടങ്ങി. കടലുണ്ടിയിലെ വട്ടപ്പറമ്പ് കടലുണ്ടി ഗവ. എൽപി സ്‌കൂൾ, ചാലിയം എംഎംഎൽപി സ്കൂൾ ക്യാംപുകൾ നിർത്തി. മണ്ണൂർ സെന്റ് പോൾസ് എൽപി സ്കൂൾ ക്യാംപ് മാത്രമാണ് ബാക്കിയുള്ളത്. 6 ദുരിതാശ്വാസ ക്യാംപുകൾ തുറന്ന ബേപ്പൂർ വില്ലേജിലെ 2 ക്യാംപുകൾ പിരിച്ചുവിട്ടു. മാറാട് ജിനരാജദാസ്, മാറാട് വിവേകാനന്ദ വിദ്യാലയം സ്കൂളുകളിലെ ക്യാംപാണ് നിർത്തിയത്. നടുവട്ടം ഗവ. യുപി സ്കൂൾ, ബിസി റോഡ് ഗവ. എൽപി സ്കൂൾ, ബേപ്പൂർ വെസ്റ്റ് ഗവ. എൽപി സ്കൂൾ, പാറപ്പുറം ശ്രീകൃഷ്ണ വിദ്യാലയം എന്നിവിടങ്ങളിലാണ് ക്യാംപ് തുടരുന്നത്.

താമരശ്ശേരി

താമരശ്ശേരി∙ താലൂക്കിൽ പുനരധിവാസ ക്യാംപുകളുടെ എണ്ണം നാലായി കുറഞ്ഞു. 496 പേരാണു നാലു ക്യാംപുകളിലുമായി കഴിയുന്നത്. വെഴുപ്പൂർ എഎൽപി സ്കൂൾ, തിരുവമ്പാടി എസ്എച്ച് യുപി സ്കൂൾ, കൊടുവള്ളി തലപ്പെരുമണ്ണ ജിഎംഎൽ‍പി സ്കൂൾ, കട്ടിപ്പാറ ചമൽ ജിഎൽപി സ്കൂൾ എന്നീ ക്യാംപുകളാണു നിലവിലുള്ളത്. വെഴുപ്പൂരിൽ 35 കുടുംബങ്ങളിലെ 138 പേരും തിരുവമ്പാടിയിൽ 3 കുടും ബങ്ങളിലെ 14 പേരും തലപ്പെരുമണ്ണയിൽ 43 കുടുംബങ്ങളിലെ 141പേരും ചമലിൽ 59 കുടുംബങ്ങളിലെ 203 പേരുമാണ് ഉള്ളത്. നേരത്തേ താലൂക്കിൽ 27 പുനരധിവാസ ക്യാംപുകളും 752 കുടുംബങ്ങളിൽ നിന്നായി 2598 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

വടകര

വടകര∙ മഴ കുറയുകയും വെള്ളം താഴുകയും ചെയ്തതോടെ താലൂക്കിൽ 60 ക്യാംപുകൾ പിരിച്ചുവിട്ടു. ഇനി 20 ക്യാംപുകളാണ് അവശേഷിക്കുന്നത്. പിരിച്ചുവിട്ട ക്യാംപുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങി. വേളം വില്ലേജ് 5, വിലങ്ങാട് 3, കാവിലുംപാറ, തിരുവള്ളൂർ, കോട്ടപ്പള്ളി, തിനൂർ 2 വീതം, കുറ്റ്യാടി, മണിയൂർ, ആയഞ്ചേരി, പാലയാട് 1 വീതം ക്യാംപുകളാണ് ബാക്കിയുള്ളത്. ഇവിടെ 392 കുടുംബങ്ങളിൽ നിന്നായി 1447 പേരാണുള്ളത്. മൊത്തം അയ്യായിരത്തോളം പേരാണ് 80 ക്യാംപുകളിലായി കഴിഞ്ഞിരുന്നത്.

കുന്നമംഗലം

കുന്നമംഗലം∙ പൂനൂർപുഴയും ചെറുപുഴയും കര കവിഞ്ഞ് പ്രളയത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിച്ചിരിക്കുന്ന മിക്ക ക്യാംപുകളിൽനിന്നും ആളുകൾ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. പഞ്ചായത്തിൽ 13 ക്യാംപുകളിൽ പതിനൊന്നും അവസാനിപ്പിച്ചു. പെരുവഴിക്കടവ്, പൊയ്യ ഭാഗങ്ങളിൽ 2 ക്യാംപുകളാണു തുടരുന്നത്. ചാത്തമംഗലം പഞ്ചായത്തിൽ 3 ക്യാംപുകൾ തുടരുന്നുണ്ട്. ഇരുവഞ്ഞിപ്പുഴ പ്രളയം സൃഷ്ടിച്ച പാഴൂരും ചെറുപുഴയിൽനിന്ന് വെള്ളം കയറിയ വെള്ളനൂർ, ചാത്തമംഗലം ക്യാംപുകളുമാണ് തുടരുന്നത്.

വീടുകളിലേക്കു മടങ്ങുന്നവർക്ക് വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ശുചീകരണ കിറ്റുകളും നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ഒരു ദുരിതാശ്വാസ ക്യാംപ് തുടരുന്നു. തുരുത്ത്യാട് സാന്ത്വനം ബഡ്സ് സ്കൂളിലാണ് 2 കുടുംബങ്ങൾ കഴിയുന്നത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama