go

പ്രളയം എല്ലാം കവർന്നു; ഷൺമുഖന്റെ കുടുംബത്തിന് കണ്ണീർ മാത്രം

kozhikode-shunmukan
മണ്ണൂർ വളവ് പാറക്കൽ തേറാണി ഷൺമുഖന്റെ വീട് കനത്ത മഴയിൽ നിലംപൊത്തിയ നിലയിൽ.
SHARE

കടലുണ്ടി ∙ മഹാപ്രളയത്തിൽ മണ്ണൂർ വളവ് പാറക്കൽ തേറാണി ഷൺമുഖന്റെ കുടുംബത്തിനു നഷ്ടമായതു തല ചായ്ക്കാനുള്ള ഇടം. കനത്ത മഴയിൽ വീട് തകർന്നതോടെ അന്തിയുറങ്ങാൻ ഇടമില്ലാതെ പ്രയാസപ്പെടുകയാണിവർ. താൽക്കാലികമായി ബന്ധുവീട്ടിലാണ് കഴിയുന്നത്. 10നു വൈകിട്ടാണ് പുല്ലിപ്പുഴ കവിഞ്ഞൊഴുകി പാറക്കൽ പാലത്തിനു സമീപത്തെ ഇവരുടെ വീട്ടിലേക്ക് വെള്ളം വ്യാപിച്ചത്. മുട്ടറ്റം ഉയരത്തിൽ വെള്ളം ഒഴുകിയെത്തിയതോടെ ഷൺമുഖനും കുടുംബവും ബന്ധുവീട്ടിലേക്കു താമസം മാറി. 

അന്നു രാത്രി പെയ്ത കനത്ത മഴയിലാണ് വീട് തകർന്നു വീണത്. മേൽക്കൂരയടക്കം നിലംപതിച്ചതോടെ സകലതും നഷ്ടപ്പെട്ടു. നാട്ടുകാർ അറിയിച്ചതു പ്രകാരം എത്തിയെങ്കിലും വെള്ളപ്പൊക്കം കാരണം വീട്ടിലേക്കു കയറാൻ പോലും സാധിച്ചില്ല. 

വെള്ളം ഒഴിഞ്ഞ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ വിലപിടിപ്പുള്ള രേഖകളെല്ലാം നശിച്ചിരുന്നു. കുടുംബാംഗങ്ങളുടെ വസ്ത്രങ്ങൾ പൂർണമായും ഉപയോഗ രഹിതമായി. കട്ടിൽ, അലമാര, മേശ, കസേര തുടങ്ങിയ ഫർണിച്ചറുകൾ, ടിവി, ഫാൻ, വാഷിങ് മെഷീൻ, മിക്സി, ഇൻഡക്‌ഷൻ കുക്കർ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങൾ എല്ലാം തകർന്നു. 

 പാത്രങ്ങൾ പലതും ഒഴുകിപ്പോയി. ബാക്കിയായി കിട്ടിയത് ഉപയോഗ രഹിതമാണ്. ഷൺമുഖന്റെ പേരക്കുട്ടി യുടെ പാഠപുസ്തകങ്ങൾ മഴയിൽ കുതിർന്നു. വീട് പുനർ നിർമിക്കുകയല്ലാതെ കുടുംബത്തിനു മുൻപിൽ മറ്റു മാർഗമില്ല. 

ബേപ്പൂർ ഹാർബറിനു സമീപം കട നടത്തിയിരുന്ന ഷൺമുഖൻ അപകടത്തിൽ കാലിനു പരുക്കേറ്റു 4 വർഷമായി ചികിത്സയിലാണ്.  മിനിലോറി ഡ്രൈവറായ മകന്റെ വരുമാനം മാത്രമാണ് ഏക ആശ്രയം. ഇതിനാൽ വീട് പുനർ നിർമാണം ഇവർക്കു മുൻപിൽ വെല്ലുവിളിയാണ്. ബന്ധുവീടുകളിൽ എത്രകാലം കഴിയുമെന്നതിന്റെ ആശങ്കയുണ്ട്. കുടുംബത്തെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama