go

തിരിച്ചറിയാൻ വൈകി; ലോകപ്രശസ്തനായ ‘കടൽക്കള്ളനെ’

kozhikode-bird
പരുക്കേറ്റ് ചൊമ്പാല തീരത്ത് എത്തിച്ച കടൽക്കള്ളൻ പക്ഷി
SHARE

കോഴിക്കോട്∙ ഭൂമിയുടെ മറുപകുതിയിൽ നിന്ന് കേരളത്തിൽ അഭയം തേടി, ഒടുവിൽ അന്ത്യം സംഭവിച്ച ദേശാടനപ്പക്ഷി ക്രിസ്മസ് ദ്വീപിൽ മാത്രമുള്ള ‘ഫ്രിഗേറ്റ് പക്ഷി’യാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കടുത്തുള്ള ദ്വീപിൽ അയ്യായിരത്തിൽ താഴെ മാത്രം എണ്ണമുള്ള ‘കടൽക്കള്ളൻ’ എന്ന പക്ഷിയെ കഴിഞ്ഞ ജൂണിലാണ് മത്സ്യത്തൊഴിലാളികൾ കടലിൽനിന്ന് രക്ഷിച്ച് ചോമ്പാൽ തീരത്തെത്തിച്ചത്.

പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ, രണ്ടു ദിവസത്തിനു ശേഷം ചത്തെങ്കിലും ഇത് ഏത് ഇനമാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. കേരളത്തിൽ നിന്ന് 4200 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. പക്ഷി നിരീക്ഷകൻ ഡോ. അബ്ദുല്ല പാലേരി, ഓസ്ട്രേലിയയിലെ പ്രശസ്ത ഗവേഷകൻ ജയിംസ് ഡേവിഡിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം ഇത് ലോകപ്രശസ്തനായ ‘കടൽക്കള്ള’നാണെന്ന് സ്ഥിരീകരിച്ചത്. അപൂർവ ഇനം പക്ഷിയുടെ ശരീരം സംസ്കരിച്ചു സൂക്ഷിക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും തിരിച്ചറിയാൻ വൈകിയതിനാൽ സാധിച്ചില്ല.

ക്രിസ്മസ് ദ്വീപിലെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ മാത്രം കൂടു കൂട്ടുന്ന പക്ഷി മറ്റു പക്ഷികളിൽ നിന്ന് തീറ്റ തട്ടിയെടുക്കുന്നതിൽ വിരുതനാണ്. ഇതാണ് ‘കടൽക്കള്ളൻ’ എന്ന പേരു വീഴാൻ കാരണം. 2014ൽ ആലപ്പുഴ തീരത്താണ് ഇതിനു മുൻപ് കണ്ടെത്തിയിട്ടുള്ളത്. ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കും സഞ്ചരിക്കാറുള്ള ഇവ വിരളമായി മാത്രമേ ഇന്ത്യൻ തീരത്ത് എത്താറുള്ളൂ.

പ്രകൃതിയുടെ അദ്ഭുതം– ക്രിസ്മസ് ദ്വീപ്

∙ ജാവ, സുമാത്ര ദ്വീപുകളിൽ നിന്ന് 350 കിലോമീറ്റർ തെക്കു മാറി 135 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപ്. പ്രകൃതിയുടെ അദ്ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 1843 താമസക്കാർ മാത്രമുള്ള ദ്വീപ് ജൈവവൈവിധ്യത്തിന്റെ വലിയൊരു കലവറയാണ്. 1615ൽ റിച്ചാർഡ് റോവ് ആണ് ദ്വീപ് ആദ്യമായി കണ്ടത്. 1643ൽ ക്യാപ്റ്റൻ വില്യം മൈനേഴ്സ് തന്റെ സഞ്ചാരത്തിനിടയിലെ ക്രിസ്മസ് ദിനത്തിൽ കണ്ടെത്തിയതിനാൽ ദ്വീപിന് ‘ക്രിസ്മസ് ദ്വീപ്’ എന്നു പേരിട്ടു. 19ാം നൂറ്റാണ്ടിൽ മാത്രമാണ് ജനവാസം ആരംഭിച്ചത്. ഇവിടെ ഉണ്ടായിരുന്ന ബുൾഡോഗ് എലി, ക്രിസ്മസ് ചുണ്ടെലി തുടങ്ങി ഒട്ടേറെ ഇനം ജീവികൾക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama