go

വാഴയിലകൾ വൻതാരമാകുന്ന നാൾ

kozhikode-banana-leaves
ഓണസദ്യക്കുവേണ്ടി വിവിധ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാനുള്ള വാഴയിലകൾ ഒരുക്കുന്നു.
SHARE

കോഴിക്കോട്∙ ‘തൂശനില വിരിച്ചുവച്ച്... തുമ്പപ്പൂ ചോറുവിളമ്പി...’ ഓണസദ്യ ഓർക്കുമ്പോഴേ നാവിൽ  വെള്ളമൂറുന്നവരാണ് മലയാളികൾ. നല്ല നാക്കിലയിൽ ഇരുപതു കൂട്ടം കറികളും രണ്ടു പപ്പടവും രണ്ടു പായസവുമൊക്കെ വിളമ്പിയ സദ്യ കണ്ടാൽ മനസ്സിനു പിടിച്ചാൽകിട്ടാത്ത ചാട്ടമാണ്. 

ഇളംപച്ചനിറമുള്ള വാഴയുടെ തളിരില. ഒന്നു തൊട്ടാൽ വാടി നാണിക്കുന്നത്ര മൃദുലം. പുളിയിലക്കര പോലെ തെളിഞ്ഞുനിൽക്കുന്ന ഞരമ്പുകളുള്ള ഇല. വെള്ളം തളിച്ചൊന്നു തുടച്ചെടുത്താൽ മുഖം കഴുകിത്തുടച്ച് കരിനീല കണ്ണുകൾ തുറക്കുന്ന സുന്ദരിയെപ്പോലെ തോന്നും. ഇലയിടുമ്പോഴേ അറിയാം സദ്യയുടെ മേൻമ.

ഇലയിട്ടു വിളമ്പുന്ന ആഘോഷക്കാലം 

ദക്ഷിണേന്ത്യയിൽ ചിങ്ങത്തിലും മേടത്തിലുമാണ് ഏറ്റവുമധികം വാഴയില കച്ചവടം നടക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലുമൊക്കെ ഏറ്റവുമധികം കല്യാണങ്ങൾ നടക്കുന്ന കാലമാണിത്. തൂത്തുക്കുടിയിൽനിന്നും മേട്ടുപ്പാളയത്തുനിന്നുമാണ് പ്രധാനമായും വാഴയിലകൾ കോഴിക്കോട്ടേക്ക് എത്തുന്നതെന്നു പാളയം തളി റോഡിൽ ഇലക്കച്ചവടം നടത്തുന്ന എം. പ്രഭാകരൻ പറഞ്ഞു.

മലപ്പുറം കോട്ടപ്പുറം സ്വദേശിയായ പ്രഭാകരന്റെ അച്ഛൻ വേലപ്പനാണ് അരനൂറ്റാണ്ടിനുമുൻപ് ഇലക്കച്ചവടം തുടങ്ങിയത്.വാഴയില വെട്ടിയെടുക്കാൻവേണ്ടി മാത്രമുള്ള വാഴക്കൃഷിയാണ് തൂത്തുക്കുടി, മേട്ടുപ്പാളയം മേഖലകളിലുള്ളത്. പല ഗുണനിലവാരത്തിലുള്ള ഇലകളാണ് സ്ഥിരമായി വരുന്നത്. വിവിധ ഏജന്റുമാർ  വഴി ഇല ലേലം വിളിച്ചെടുത്താണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. 

ഇലയ്ക്ക് പൊന്നുംവില 

നമ്മളിൽ പലരും ഒരു വിലയുമില്ലാതെ കാണുന്ന വാഴയിലയ്ക്ക് പക്ഷേ, ഓണക്കാലത്ത് പൊന്നുംവിലയാണ്. വർഷം മുഴുവൻ വാഴയില കൃഷി ഒരേ അളവിലാണ്. പക്ഷേ, ചിങ്ങത്തിലും മേടത്തിലും ആവശ്യക്കാർ കൂടുതലായതിനാലാണ് വില കൂടുന്നത്. അതുകൊണ്ടുതന്നെ ചില്ലറ വിതരണക്കാർക്ക് ഓണക്കാലത്തും വിഷുക്കാലത്തും നഷ്ടക്കച്ചവടമാണ്. നഷ്ടം സഹിച്ചാലും സ്ഥിരം ഉപഭോക്താക്കളായ ഹോട്ടലുകൾക്കും കാറ്ററിങ് സർവീസുകാർക്കും ഈ സമയത്ത് ഇല നൽകുകയാണ് പതിവെന്നും പ്രഭാകരൻ പറയുന്നു. 

ഒന്നാംക്വാളിറ്റി നാക്കിലയ്ക്ക് 12 രൂപയാണ് വില. എറ്റവും മോശം ക്വാളിറ്റി ഇലയ്ക്ക് രണ്ടു രൂപയാണ് വില. ഒരു മുഴുവൻ വാഴയിലയ്ക്ക്  15 രൂപ വില വരും. ഇതിൽനിന്ന് 12 രൂപ വിലയുള്ള നാക്കില മുറിച്ചെടുത്താൽ ബാക്കിവരുന്ന ഭാഗം രണ്ടു ചീന്തിലയും മുറിച്ചെടുക്കാം. ഒരു  ചീന്തിലയ്ക്ക് ഇന്നലെ വിലനിലവാരംഅനുസരിച്ച് രണ്ടര രൂപ ലഭിക്കും.  തമിഴ്നാട്ടിൽനിന്നു കൊണ്ടുവരാനുള്ള ചെലവുകൂടി കണക്കാക്കിയാൽ ഓണക്കാലത്ത് ഇലക്കച്ചവടത്തിൽ കൈ പൊള്ളുമെന്നാണ് പ്രഭാകരൻ പറയുന്നത്.

12 രൂപയുടെ നാക്കിലയ്ക്ക് സാധാരണ മാസങ്ങളിൽ ഏഴുരൂപയേ വില വരൂ. നഗരത്തിലെ വെജിറ്റേറിയൻ ഹോട്ടലുകാർക്കു നാലു രൂപ വിലയുള്ള ഇലയാണ് വർഷം മുഴുവനും എത്തിക്കുന്നത്.ഇത്തവണ ഓണക്കാലത്ത് 200 ഇലയുള്ള ഒരു കെട്ടിന് 3000 രൂപ വരെയാണ് വില. മുൻവർഷങ്ങളിൽ ഒരിക്കൽ 5000 രൂപവരെ വില വന്നിട്ടുണ്ട്. 300 രൂപ പാഴ്സൽ ചാർജും കൊടുത്താണ് ഇല വിതരണത്തിനെത്തിക്കുന്നതെന്നും പ്രഭാകരൻ പറഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama