go

കയാക്കിങ് താരങ്ങളുടെ ജീവൻ പൊലിഞ്ഞത് മലവെള്ളപ്പാച്ചിലിൽ

kozhikode-elwin-nainan-and-team
കുറ്റ്യാടിക്കടുത്ത് കടന്തറപ്പുഴയിൽ അപകടത്തിൽ മരിച്ച കയാക്കിങ് താരം എഡ്വിൻ നൈനാനും സംഘവും പുഴയിൽ ഇറങ്ങും മുൻപ് എടുത്ത ചിത്രം.
SHARE

കുറ്റ്യാടി∙ കടന്തറപ്പുഴയിൽ പരിശീലനത്തിനെത്തിയ കയാക്കിങ് താരങ്ങളുടെ ജീവൻ അപഹരിച്ചത് മലവെള്ളപ്പാച്ചിൽ.  മരുതോങ്കര ചക്കിട്ടപാറ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പുഴയിൽ പരിശീലനത്തിന് എത്തിയ ബെംഗളൂരു സ്വദേശി നവീൻ ഷെട്ടി(40), ബെംഗളൂരുവിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി എഡ്‌വിൻ നൈനാൻ (41) എന്നിവരാണ് ചെടയൻതോട് ഭാഗത്ത്   ഒഴുക്കിൽപെട്ട് മരിച്ചത്.

പശുക്കടവ് വനമേഖലയിലുണ്ടായ  ശക്തമായ മഴയെത്തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ. ഉച്ചയ്ക്ക് ഒന്നോടെയാണ് കയാക്കിങ് പരിശീലനത്തിന് 5 പേർ എത്തിയത്. ഇവർ പുഴയിൽ ഇറങ്ങുന്ന സമയത്ത് കനത്ത മഴയുണ്ടായിരുന്നു. വനമേഖലയിൽ  മഴയുണ്ടെങ്കിൽ പെട്ടെന്ന് വെള്ളം ഉയരുമെന്നും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പു നൽകിയിരുന്നതായി നാട്ടുകാരായ പി.സി.വാസു, കെ.സി.സൈനുദ്ദീൻ എന്നിവർ പറഞ്ഞു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തോണി മറിഞ്ഞ് ഇവർ അപകടത്തിൽപെടുകയായിരുന്നു.  ഉത്തരാഖണ്ഡ് സ്വദേശി അമിത് ഥാപ്പ, ബെംഗളൂരു സ്വദേശി മണി സന്തോഷ്, ഡൽഹി സ്വദേശി സാബു പ്രീത് എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.

ഒഴുക്കിൽപെട്ട നവീൻ ഷെട്ടി, എഡ്‌വിൻ നൈനാൻ എന്നിവരെ സെന്റർ മുക്ക് പാലം, പന്നിക്കോട്ടൂർ തച്ചംപാറ തുരുത്തി മുക്ക് എന്നിവിടങ്ങളിൽ നിന്നാണ് നാട്ടുകാർക്ക് കരയിലെത്തിക്കാനായത്. ഉടൻ തന്നെ കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇ.കെ. വിജയൻ എംഎൽഎ, ആർഡിഒ അബ്ദുറഹിമാൻ, നാദാപുരം ഡിവൈഎസ്പി  ജി.സാബു, ഇൻസ്പെക്ടർ എൻ. സുനിൽ, പ‍ഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. സതി, സി.എൻ.ബാലകൃഷ്ണൻ തുടങ്ങിയവർ  ആശുപത്രിയിൽ എത്തി.

2016 സെപ്റ്റംബർ19ന് കടന്തറപ്പുഴയിൽ ഒഴുക്കിൽപെട്ട് കോതോട് സ്വദേശികളായ 6 യുവാക്കൾ മരിച്ചിരുന്നു. പൂഴിത്തോട് ജലവൈദ്യുത പദ്ധതിയുടെ തടയണയിൽ കുളിക്കുമ്പോഴാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായത്. കഴിഞ്ഞ വർഷം  തലശ്ശേരി സ്വദേശി പുഴയിൽ മുങ്ങി മരിച്ചു. പാറക്കൂട്ടങ്ങളും ചുഴികളുമാണ് അപകടങ്ങൾക്ക് കാരണം. പുഴയുടെ കരയിൽ  അപകട സൂചനാ ബോർഡുകൾ  സ്ഥാപിച്ചിട്ടില്ല. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama