go

2 ജീവനുകൾ കൂടി കവർന്നു അപകടപ്പുഴ ;ചതിയൻ പുഴയെന്നു നാട്ടുകാർ

kozhikode-chembanoda-kadanthara-river
വനമേഖലയിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചെമ്പനോട കടന്തറ പുഴയില്‍ ജലപ്രവാഹം വര്‍ധിച്ചപ്പോള്‍.
SHARE

ചക്കിട്ടപാറ ∙ പാറക്കൂട്ടങ്ങൾ നിറഞ്ഞ ചെമ്പനോട കടന്തറ പുഴ അപകടപ്പുഴയായി മാറുകയാണ്. പൂഴിത്തോട് മാവട്ടം,പശുക്കടവ് വനമേഖലകളിൽ കനത്ത മഴയത്ത്‍ ഉരുൾപൊട്ടിയാൽ കടന്തറ പുഴയിൽ അപ്രതീക്ഷിതമായി ജലപ്രവാഹം വർധിക്കും. പുഴയിൽ ഇറങ്ങുന്നവർക്ക് ഒരിക്കലും ഇത് മുൻകൂട്ടി അറിയാൻ സാധിക്കുകയില്ല. ഇന്നലെ കയാക്കിങ് പരിശീലനത്തിന് എത്തിയ അഞ്ചംഗ സംഘത്തിലെ 2 പേരാണ് കടന്തറ പുഴയിലേക്കെത്തിയ മലവെള്ളപ്പാച്ചിലിൽ മരിച്ചത്.

kozhikode-kayaking-boats-retriving-attempt
കടന്തറ പുഴയിൽ ഒഴുക്കിൽ പെട്ട കയാക്കിങ് താരങ്ങളുടെ ബോട്ട് കരയിൽ എത്തിക്കാനുള്ള നാട്ടുകാരുടെ ശ്രമം.

2017 ൽ മാവട്ടം മേഖലയിൽ കുളിക്കുന്നതിനിടെ ആറംഗ സംഘം ഒഴുക്കിൽപ്പെട്ടു മരിച്ചിരുന്നു.ഒരു മാസം മുൻപു മലവെള്ളപ്പാച്ചിലിൽ പുഴയിൽ കുടുങ്ങിയ ഒരാളെ നാട്ടുകാർ രക്ഷിച്ചിരുന്നു. പുഴയിലെ വെള്ളം പൊടുന്നനെ വർധിക്കുന്നതിനാൽ നാട്ടുകാർ ചതിയൻ പുഴയെന്നും വിളിക്കുന്നുണ്ട്. പാറക്കെട്ടുകളായതിനാൽ അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാണ്. 

വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്നവർക്ക് പുഴയെക്കുറിച്ചു അറിവില്ലാത്തതും പ്രശ്നമാണ്.പുഴയുടെ സ്വഭാവത്തെക്കുറിച്ചു വ്യക്തമായ ധാരണയുള്ള നാട്ടുകാരാണ് മിക്കപ്പോഴും രക്ഷാ പ്രവർത്തനത്തിനു മുന്നിട്ടിറങ്ങുന്നത്. ഇതിനാൽ ഒട്ടേറെ ജീവനുകൾ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. അധികൃതരുടെ രക്ഷാപ്രവർത്തനം  ഫലപ്രദമാകാതിരിക്കുമ്പോഴും പ്രദേശവാസികളാണ് ഫലപ്രദമായ തിരച്ചിൽ നടത്താറുള്ളത്.

അപകട കാരണം പെട്ടെന്നുള്ള മഴവെള്ള കുത്തൊഴുക്ക്

ചെമ്പനോട കടന്തറ പുഴയിൽ കയാക്കിങ് പരിശീലനത്തിന് എത്തി അപകടത്തിൽപ്പെട്ട താരങ്ങളുടെ ബോട്ടുകൾ കേടു കൂടാതെ നാട്ടുകാർ കരയിൽ എത്തിച്ചു. കനത്ത മഴവെള്ള പാച്ചിലിൽ പുഴയിൽ വെള്ളം കുത്തി ഒലിച്ചായിരുന്നു അപകടം. താരങ്ങൾ പരിശീലനത്തിന് ഇറങ്ങുമ്പോൾ ശാന്തമായ പുഴയിൽ പെട്ടെന്ന് ഉണ്ടായ കുത്തൊഴുക്കാണ് അപകടത്തിനു കാരണമായത്. 

വനത്തിൽ കനത്ത മഴ കാരണം ശക്തിയായി വെള്ളം പുഴയിലേക്കു വന്നതാണ് കാരണമെന്നു നാട്ടുകാർ പറയുന്നു. പല സമയത്തും പല ഭാവങ്ങളിൽ കാണുന്ന പുഴയാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. കനത്ത കുത്തൊഴുക്ക് ഉള്ള സമയത്താണ് വെള്ളത്തിൽ അകപ്പെട്ട ബോട്ടുകൾ നാട്ടുകാർ കരയി‍ൽ എത്തിച്ചത്. പെരുവണ്ണാമൂഴി പൊലീസും പേരാമ്പ്ര ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama