go

മായാത്ത പുഞ്ചിരിക്കു കൂട്ടായി കുട്ടിപ്പൊലീസിന്റെ സ്നേഹസമ്മാനം

kozhikode-misriya-visiting
കോഴിക്കോട് കടലൂർ വൻമുഖം ജിഎച്ച്എസ്എസിലെ എസ്പിസി വിദ്യാർഥികൾ മിസ്‌രിയയെ (വലത്തേയറ്റം) കാണാനെത്തിയപ്പോൾ.
SHARE

കോഴിക്കോട്∙ മാഞ്ഞുപോയേക്കാമായിരുന്ന ഒരു നറുചിരി വീണ്ടെടുത്ത ആവേശത്തിലാണ് കോഴിക്കോട് കടലൂർ വൻമുഖം ജിഎച്ച്എസ്എസിലെ കുട്ടിപ്പൊലീസുകാർ. വയനാട് പുത്തുമലയിലെ പത്താംക്ലാസുകാരി സ്റ്റുഡന്റ് പൊലീസ് കെഡറ്റ് മിസ്‌രിയയ്ക്ക് വീടുവച്ചു നൽകാനൊരുങ്ങുകയാണ് അവർ. കുട്ടിപ്പൊലീസ് സേനയ്ക്കുതന്നെ അഭിമാനമായി മാറിയ മിടുക്കിക്ക് അർഹിച്ച സ്നേഹസമ്മാനം. 

kozhikode-misriya-news

പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ബന്ധുവിനെയും വീടും ഭൂമിയും  നഷ്ടമായിട്ടും പിറ്റേന്നുമുതൽ ദുരിതാശ്വാസ ക്യാംപിൽ സജീവമായ മിസ്‌രിയയെക്കുറിച്ച്  ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു കണ്ടാണ് വൻമുഖം സ്കൂളിലെ കുട്ടികളെത്തിയത്. 7 ലക്ഷം രൂപ ഇവർ കണ്ടെത്തും. സർക്കാർ സഹായമായി ലഭിക്കുന്ന ഭൂമിയിലാകും വീട് നിർമിക്കുക. 

മേപ്പാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ മിസ്‌രിയയെത്തേടി കഴിഞ്ഞ ദിവസങ്ങളിലെല്ലാം അംഗീകാരങ്ങൾ എത്തിയിരുന്നു. എസ്പിസി ദിനത്തിൽ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി. മിസ്‌രിയയുടെ വീട് ഉരുൾപൊട്ടലിൽപ്പെട്ട് ഇനി താമസിക്കാനാകാത്തവിധം നശിച്ചിരുന്നു.

ഉമ്മ സലീനയ്ക്കൊപ്പം മേപ്പാടിയിലെ ക്യാംപിൽ കഴിഞ്ഞപ്പോഴാണ് മിസ്‍രിയ എസ്പിസി യൂണിഫോമിൽ സേവനത്തിനിറങ്ങിയത്. വിവാഹിതരായ നാലു സഹോദരിമാരാണ് മിസ്‌രിയയ്ക്ക്. പുത്തുമലയിലെ വീട്ടിലേക്ക് ഇനി പോകാനാവില്ലെന്ന് റവന്യൂ അധികൃതർ തീർത്തു പറഞ്ഞതോടെ ഒരു മാസമായി തീ തിന്നുകയായിരുന്നു കുടുംബം. ഇപ്പോൾ ആശങ്കയുടെ കാർമേഘങ്ങൾ നീങ്ങിയതോടെ മിസ്‌രിയയുടെ ആത്മവിശ്വാസച്ചിരി പതിയെ കുടുംബത്തിലേക്കും പടരുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama