go

ആട്ടിൻസൂപ്പ്, കപ്പ, ചോറിലും കടലയിലും കാപ്പിയിലും സയനൈഡ്!; അരുംകൊല ഇങ്ങനെ

kozhikode News
ജോളി
SHARE

കോഴിക്കോട് ∙ ഭക്ഷണം കഴിച്ച ശേഷം വായിൽനിന്നു നുരയും പതയും വന്നായിരുന്നു 6 പേരുടെയും മരണം.താമരശ്ശേരി കൂടത്തായിയിൽ 14 വർഷത്തിനിടെ ഒരേ കുടുംബത്തിലെ 6 പേർ ദുരൂഹമായി മരിച്ച സംഭവത്തിൽ കുടുംബാംഗമായ മുഖ്യപ്രതി ജോളി ജോസഫും (47) രണ്ടു സഹായികളുമാണ് അറസ്റ്റിലായത്. ജോളിക്കു സയനൈഡ് എത്തിച്ചതിനാണു ജ്വല്ലറി ജീവനക്കാരനായ ബന്ധു കക്കാട്ട് മഞ്ചാടിയിൽ എം.എസ്. മാത്യു (ഷാജി, 44), സ്വർണപ്പണിക്കാരനായ താമരശ്ശേരി തച്ചൻപൊയിൽ മുള്ളമ്പലത്ത് പ്രജികുമാർ (48) എന്നിവരെ അറസ്റ്റ് ചെയ്തത്.

റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയും സയനൈഡിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു. അതിനാലാണ് ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങളിൽ ഫൊറൻസിക് പരിശോധനാഫലം വരുന്നതിനനുസരിച്ചാകും നടപടി. മരണം നടന്ന സ്ഥലങ്ങളിലെല്ലാം സാന്നിധ്യമുണ്ടായിരുന്നതും ടോമിന്റെ സ്വത്ത് വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചതുമാണ് അന്വേഷണം ജോളിയിലെത്താൻ കാരണം.

kozhikode News
1.പ്രജികുമാർ 2.മാത്യു

ജോളിയുടെ ഭർത്താവ് റോയി തോമസിന്റെ കൊലപാതകത്തിൽ മാത്രമാണ് അറസ്റ്റെങ്കിലും മറ്റു മരണങ്ങളുടെയും പിന്നിൽ ഇവരാണെന്ന് പൊലീസ് അറിയിച്ചു. 6 പേർക്കും സയനൈഡ് കലർന്ന ഭക്ഷണമോ പാനീയമോ നൽകുകയായിരുന്നുവെന്നു ജോളി മൊഴി നൽകി. ഇതു സാധൂകരിക്കുന്ന സാഹചര്യത്തെളിവുകളും ശേഖരിച്ചു.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (57), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു (68), ടോമിന്റെ സഹോദരപുത്രൻ ഷാജു സഖറിയാസിന്റെ മകൾ ആൽഫൈൻ (2), ഷാജുവിന്റെ ഭാര്യ സിലി (44) എന്നിവരാണ് 2002– 2016 കാലത്തു മരിച്ചത്.

ജോളിയും സിലിയുടെ ഭർത്താവ് ഷാജുവും 2017 ൽ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഷാജുവിനു കേസിൽ പങ്കുള്ളതായി തെളിവില്ല. മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച് ടോമിന്റെ മറ്റൊരു മകൻ റോജോ ആണു ജൂലൈയിൽ പരാതി നൽകിയത്. സ്പെഷൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ദുരൂഹത ചുരുളഴിഞ്ഞത്. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ കിട്ടാൻ 9 ന് അപേക്ഷ നൽകും. 

അധികാരത്തിനായി ഭർതൃമാതാവ‌ിനെ (അന്നമ്മ 22.08.2002 )

വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് റിട്ട. അധ്യാപികയായ അന്നമ്മയാണ്; അവർ മരിച്ചാൽ അധികാരം തന്നിൽ വന്നുചേരുമെന്നു ജോളി കണക്കുകൂട്ടി. സ്വന്തമായി വരുമാനമില്ലാത്തതിന്റെ അപകർഷതയുമുണ്ടായിരുന്നു. ആട്ടിൻസൂപ്പ്  കഴിച്ചയുടൻ  തളർന്നുവീണായിരുന്നു അന്നമ്മയുടെ മരണം.

മുൻപൊരിക്കലും ഇതേ ലക്ഷണങ്ങളുമായി ആശുപത്രിയിലായെങ്കിലും കാരണം കണ്ടെത്താനായില്ല. ഇതിന്റെ പേരിൽ അന്നമ്മയുടെ മരണശേഷം ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതിയും ഉന്നയിച്ചു. മുൻപും വധശ്രമം നടന്നതായാണ് പൊലീസിന്റെ നിഗമനം. 

സ്വത്ത് സ്വന്തമാക്കാൻ ഭർതൃപിതാവിനെ (ടോം തോമസ് 26.08.2008)

രണ്ടേക്കർ വയൽ വിറ്റ പണം ജോളിക്കു ടോം തോമസ് നൽകിയിരുന്നു. എന്നാൽ ബാക്കി സ്വത്തിൽ അവകാശമില്ലെന്നും അതു മറ്റു രണ്ടു മക്കൾക്കുള്ളതാണെന്നും പറഞ്ഞതു ജോളിയെ ചൊടിപ്പിച്ചു. റോയ് സ്ഥലത്തില്ലാത്ത ദിവസം കപ്പയിൽ സയനൈഡ് കലർത്തിയാണു ടോമിനെ വധിച്ചത്. ഇതിനു മുൻപ് വ്യാജ ഒസ്യത്ത് ചമച്ചതായും പൊലീസിനു വിവരം ലഭിച്ചു. ടോമിന്റെ മരണശേഷം കുടുംബസ്വത്ത് റോയിക്കും ജോളിക്കുമാണെന്നാണ് ഇതിൽ പറഞ്ഞിരുന്നത്. 

സൗഹൃദങ്ങൾ എതിർത്തതിന് ഭർത്താവിനെ (റോയ് തോമസ്  30.09.2011)

ജോളിയുടെ മറ്റു സൗഹൃദങ്ങളുടെ പേരിൽ റോയിയുമായി വഴക്ക് പതിവായി. റോയ് മരിച്ചാൽ ഒസ്യത്തു പ്രകാരം സ്വത്ത് പൂർണമായും തന്റെ നിയന്ത്രണത്തിൽ വരുമെന്നും ജോളി കണക്കുകൂട്ടിയെന്നു പൊലീസ്. ചോറിലും കടലയിലും സയനൈഡ് കലർത്തി നൽകി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡ് കണ്ടെത്തിയിരുന്നു. എന്നാലത് ആത്മഹത്യയായി ചിത്രീകരിക്കപ്പെട്ടു. ഇതു പുറത്തറിയുന്നതു നാണക്കേടാകുമെന്ന വീട്ടുകാരുടെ ചിന്ത മൂലം അന്വേഷണം മുന്നോട്ടുനീങ്ങിയില്ല. ഇതിലും ജോളിയുടെ ഇടപെടലുകളുണ്ടായി. 

സംശയിച്ചതിന്റെ പകയാൽ (എം.എം. മാത്യു  24.02.2014 )

റോയ് മരിച്ചപ്പോൾ പോസ്റ്റ്മോർട്ടത്തിനു നിർബന്ധം പിടിച്ചതു  മാത്യു. സയനൈഡിന്റെ അംശം കണ്ടെത്തിയതോടെ മുൻപു നടന്ന രണ്ടു മരണങ്ങളിലും മാത്യു സംശയം പ്രകടിപ്പിച്ചു. മാത്യു മരിക്കുന്ന ദിവസം വീട്ടിൽ തനിച്ചായിരുന്നു. തൊട്ടടുത്തു താമസിക്കുന്ന ജോളിയാണു വിവരം അയൽക്കാരെ അറിയിച്ചത്. കാപ്പി നൽകാൻ അവിടെ പോയെന്നും അതിലാണു സയനൈഡ് കലർത്തിയതെന്നുമാണ് ജോളിയുടെ മൊഴി. 

പുതുബന്ധം സ്ഥാപിക്കാൻ (ആൽഫൈൻ  03.05.2014-സിലി 11.01.2016)

റോയിയുടെ മരണശേഷമാണു ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഭാര്യയാകാൻ ജോളി ആഗ്രഹിച്ചുതുടങ്ങിയതെന്നു പൊലീസ് പറയുന്നു. ഷാജുവിന്റെ ശാന്തസ്വഭാവവും അധ്യാപക ജോലിയും ആകർഷിച്ചു. ഷാജുവിന്റെ ഭാര്യ സിലി ഭാഗ്യവതിയാണെന്നു ജോളി ബന്ധുക്കളോടു പറഞ്ഞിരുന്നു.

ഷാജുവിന്റെ മക്കൾ തടസ്സമാകുമെന്നു കരുതിയാണു രണ്ടു വയസ്സുകാരി ആൽഫൈനെ വധിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. ആൽഫൈൻ മരിച്ച് ഒന്നരവർഷത്തിനു ശേഷം ദന്താശുപത്രിയിലിരിക്കെ, ഷാജുവിന്റെ ഭാര്യ സിലിയെയും വധിച്ചു.  പാനീയത്തിൽ സയനൈഡ് കലർത്തുകയായിരുന്നുവെന്നാണു ജോളി പൊലീസിനോടു പറഞ്ഞത്. സിലി മരിച്ച് ഒരു വർഷത്തിനു ശേഷം ജോളി മുൻകയ്യെടുത്ത് ഷാജുവിനെ വിവാഹം കഴിച്ചു. മരണങ്ങളിലൊന്നും ഷാജുവിന്റെ പങ്ക് കണ്ടെത്തിയിട്ടില്ല.

ജോളിയെ ഇപ്പോൾ അറസ്റ്റ് ചെയ്തതു നന്നായി. കൂടുതൽ കൊലപാതകങ്ങൾ ലക്ഷ്യമിട്ടിരുന്നതായി വേണം കരുതാൻ.-കെ.ജി. സൈമൺ റൂറൽ എസ്പി, കോഴിക്കോട് 

 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama