go

അടിമുടി ദുരൂഹതകൾ; അധ്യാപിക വേഷം; എൻഐടി ക്യാംപസിൽ പലരും ജോളിയെ കണ്ടിരുന്നു!

kozhikode-muder-case-jolly
ജോളി
SHARE

കോഴിക്കോട് ∙ അടിമുടി ദുരൂഹതകൾ നിറഞ്ഞതായിരുന്നു കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ജീവിതം. എൻഐടി അധ്യാപികയെന്ന പേരിൽ 17 വർഷം ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്നു കണ്ടെത്താൻ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരിൽ ജോളി ഒരു വർഷം വീട്ടിൽ നിന്നു പോയിരുന്നു. മൂത്ത മകൻ ജനിച്ചതിനു ശേഷമായിരുന്നു ഇത്. ഈ സമയത്ത് വീട്ടിലുള്ളവർ ചേർന്നാണു കുട്ടിയെ നോക്കിയിരുന്നത്. എന്നാൽ ജോളിക്ക് ബിഎഡ് ബിരുദം ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

2002 മുതലാണ് ജോളി എൻഐടിയിൽ അധ്യാപികയെന്ന പേരിൽ വീട്ടിൽ നിന്നു പോയിത്തുടങ്ങിയത്. എൻഐടിയിൽ കൊമേഴ്സ് അധ്യാപികയാണെന്നായിരുന്നു ഭർത്താവിനെയും ബന്ധുക്കളെയു ധരിപ്പിച്ചത്. എൻഐടിയുടെ വ്യാജ തിരിച്ചറിയിൽ കാർഡും ഇവർ നിർമിച്ചിരുന്നു. രാവിലെ കാറിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്.   ഒസ്യത്തുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരൻ അമേരിക്കയിൽ നിന്നു നാട്ടിലെത്തിയിരുന്നു.

എൻഐടിയിൽ സമരം നടക്കുകയാണെന്നും താൽക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓർക്കുന്നു. ജോലി കൂടി നഷ്ടമായാൽ ബുദ്ധിമുട്ടാകുമെന്നും അതിനാൽ സ്വത്തുക്കൾ തനിക്കു നൽകണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എൻഐടിയിൽ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരിൽ ഒരാൾ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി. ഈ കാര്യം ജോളിയോടു ചോദിച്ചപ്പോൾ റോജോയോടു ജോളി കയർത്തു.

മരണപരമ്പരകൾക്കു ശേഷം ജോളിയെ പുനർവിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവർ എൻഐടിയിൽ അധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്ഡി ചെയ്യുന്നതിനാൽ ഇപ്പോൾ എൻഐടിയിൽ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്. ജോളി മുക്കത്തുള്ള ഒരു ബ്യൂട്ടി പാർലറിലാണ് ജോലി ചെയ്തിരുന്നത് എന്നാണ് പൊലീസിനോടു പറഞ്ഞത്. എന്നാൽ എൻഐടി ക്യാംപസിൽ പലരും ജോളിയെ കണ്ടിരുന്നതായി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

താമരശ്ശേരിയിലെ ഒരു വ്യക്തി എൻഐടിയിലെത്തിയപ്പോൾ ജോളിയെ വിളിക്കുകയും 10 മിനിറ്റിനുള്ളിൽ ജോളി അവിടെയത്തുകയും ചെയ്തതായി പൊലീസിനോടു പറഞ്ഞു. എൻഐടിയുമായുള്ള ജോളിയുടെ ബന്ധം എന്താണെന്നു കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം, എൻഐടിയിലെ ലേഡീസ് ഹോസ്റ്റലിൽ ഒരു ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്നുണ്ട്. ജോളി ജോലി ചെയ്തിരുന്നത് ഇവിടെ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

പറഞ്ഞതു കള്ളമാണെന്നു മനസ്സിലായത് പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ

എൻഐടിയിൽ ജോലി ഉണ്ടായിരുന്നതായി പറഞ്ഞതു കള്ളമാണെന്നു പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണു മനസ്സിലായത്. പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പരസ്പര വിരുദ്ധമായാണ് ഉത്തരം പറഞ്ഞത്. നിൽക്കക്കള്ളിയില്ലാതെയാണ് ഒടുവിൽ ജോലിയുണ്ടെന്നു പറഞ്ഞതു തട്ടിപ്പാണെന്നും യഥാർഥത്തിൽ  ബ്യൂട്ടി പാർലറായിരുന്നു ജോലിയെന്നും സമ്മതിച്ചത്. ഇതേപ്പറ്റി ഞാൻ പിന്നീടു ചോദിച്ചിരുന്നു. പൊലീസിനോടു കള്ളംപറഞ്ഞതാണെന്നും എൻഐടിയിൽ പൊലീസന്വേഷിച്ചു ചെന്നാൽ പ്രശ്നമാകുമെന്നായിരുന്നു മറുപടി.- റോമോ റോയ്, (റോയ് തോമസിന്റെയും ജോളിയുടെയും മകൻ)

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama