go

ജോളിക്ക് നിയമപരമായ സഹായം നൽകില്ലെന്ന് കട്ടപ്പനയിലെ കുടുംബം

SHARE

താമരശ്ശേരി കൂടത്തായിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടു പിടിയിലായ ജോളിക്ക് നിയമപരമായ ഒരു സഹായവും നൽകില്ലെന്നു കട്ടപ്പനയിലെ ജോളിയുടെ കുടുംബം. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ജോളിയുടെ സഹോദരൻ നോബി മാധ്യമങ്ങളോടു വ്യക്തമാക്കി. ‘‘ഞങ്ങളെല്ലാം മാനസികമായി തകർന്നിരിക്കുകയാണ്. നല്ല രീതിയിൽ ജീവിക്കുന്ന ഞങ്ങളുടെ കുടുംബത്തിന് ഇതുമൂലം ഉണ്ടായ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇതിലും ഭേദം ഞങ്ങൾക്ക് സയനൈഡ് നൽകി കൊല്ലുകയായിരുന്നു. 

റോജോയുടെ കുടുംബവുമായി സ്വത്ത് തർക്കം ഉണ്ടായിരുന്നതായി അറിയാമായിരുന്നു. മഞ്ചാടിയിൽ മാത്യു പറഞ്ഞത് അനുസരിച്ച് പ്രശ്‌നം ധാരണയാക്കാൻ പോയിട്ടുണ്ട്. റോയിയുടെ മരണശേഷം മക്കളുടെ പഠനത്തിനായി പണം ആവശ്യപ്പെട്ട് ജോളി പലപ്പോഴും പിതാവിനെയും എന്നെയും വിളിച്ചിരുന്നു. ജോളിയുടെ കയ്യിൽ കൊടുക്കാതെ സ്‌കൂളിലേക്കോ കുട്ടികളുടെ അക്കൗണ്ടിലേക്കോ ആയിരുന്നു പണം അയച്ചു നൽകിയിരുന്നത്. 

എൻഐടിയിൽ ജോലി ഉണ്ടെന്നാണു പറഞ്ഞിരുന്നത്. ഗെസ്റ്റ് ലക്ചറർ ആയതിനാൽ പണം കിട്ടുന്നില്ലെന്നും ലഭിക്കുമ്പോൾ ഒന്നിച്ചു നൽകാമെന്നുമാണ് പറഞ്ഞിരുന്നത്. വൻ തുകകൾ ജോളി ചോദിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ല’’–നോബി പറഞ്ഞു.

വിവാഹത്തിനു പ്രേരിപ്പിച്ചെന്ന വാദം സിലിയുടെ സഹോദരൻ തള്ളി

ആദ്യഭാര്യ സിലിയുടെ സഹോദരന്റെ നിർബന്ധത്തിനു വഴങ്ങിയാണു താൻ ജോളിയെ വിവാഹം കഴിച്ചതെന്ന ഷാജു സഖറിയാസിന്റെ ആരോപണം തള്ളി സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റ്യൻ. സിലിയുടെ മരണശേഷം ഷാജുവും ജോളിയും തമ്മിൽ അതിരുവിട്ട അടുപ്പം പുലർത്തുന്നതു നാട്ടിൽ സംസാരവിഷയമായിരുന്നു. നാട്ടുകാരെക്കൊണ്ട് അപവാദം പറയിപ്പിക്കാതെ വിവാഹം കഴിച്ചുകൂടേ എന്നു ചോദിക്കുക മാത്രമാണു ചെയ്തതെന്നു സിജോ പൊലീസിനോടു പറഞ്ഞു. സിജോയെയും സഹോദരി സ്മിതയെയും മറ്റൊരു ബന്ധുവിനെയും ഇന്നലെ വിളിച്ചുവരുത്തിയ അന്വേഷണസംഘം നാലു മണിക്കൂറോളം ചോദ്യം ചെയ്തു. 

റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പയ്യോളിയിലെ ഓഫിസിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ജോളിയുടെ ആവശ്യപ്രകാരമാണു  മരണദിവസം സിലി തന്നെ താമരശ്ശേരിയിലേക്കു വിളിച്ചുവരുത്തിയതെന്നു സിജോ മൊഴി നൽകി. സിലിക്കു ഷാജുവിന്റെ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഷാജുവിന്റെ ചില ബന്ധുക്കളുടെ പെരുമാറ്റം സംബന്ധിച്ചു പരാതികളുണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. മരണസമയത്തു തന്നെ അവിടെയെത്തിച്ചതു ജോളിയുടെ തന്ത്രപരമായി നീക്കമായിരുന്നെന്നു കരുതുന്നതായി സിജോ നേരത്തേ വെളിപ്പെടുത്തിയിരുന്നു. . 

ജോളിക്കു വഴിവിട്ട് സഹായം ചെയ്തിട്ടില്ല: ജയശ്രീ

കൂടത്തായി കൊലക്കേസ് പ്രതി ജോളിക്കു വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കൾ പേരിലാക്കാൻ സഹായം ചെയ്തെന്ന ആരോപണം നിഷേധിച്ച് അന്നത്തെ ഡപ്യൂട്ടി തഹസിൽദാർ ജയശ്രീ. ഇപ്പോൾ കോഴിക്കോട് ലാൻഡ് അക്വിസിഷൻ തഹസിൽദാർ ആയ ജയശ്രീയെ കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ജോളിക്കു വഴിവിട്ട് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ഭൂമി ഇടപാട് നടന്ന സമയത്തു താൻ ഡപ്യൂട്ടേഷനിൽ തിരുവനന്തപുരത്താണു ജോലി ചെയ്തിരുന്നതെന്നും അവർ അറിയിച്ചു. എൻഐടി അധ്യാപികയാണെന്നാണു ജോളി തന്നോടു പറഞ്ഞിരുന്നതെന്നും വ്യക്തമാക്കി. 

കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നു: ഡോക്ടർ

കൂടത്തായിയിൽ ഷാജുവിന്റെ കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടായിരുന്നെന്നു കുഞ്ഞിനെ ആദ്യം ചികിത്സിച്ച ഡോ.എ.യു.അഗസ്റ്റിൻ. ഭക്ഷണം കുടുങ്ങിയതിന്റെ അസ്വസ്ഥത ആയിരുന്നില്ല. ശ്വാസതടസ്സം ഉണ്ടായിരുന്നില്ല. ഹൃദയമിടിപ്പ് താഴ്ന്നു പോവുകയും ചെയ്തിരുന്നു. വായിൽ നിന്നു നുരയും പതയും വന്നിരുന്നു. വിദഗ്ധ ചികിത്സ നിർദേശിച്ചാണു സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചതെന്നും ഡോ.അഗസ്റ്റിൻ വ്യക്തമാക്കി. 

ദുരൂഹത തോന്നിയില്ല:ശാന്തി ആശുപത്രി അധികൃതർ

കൂടത്തായിയിലെ മരണങ്ങളിൽ ദുരൂഹത തോന്നിയിരുന്നില്ലെന്ന് ഓമശേരിയിലെ ശാന്തി ആശുപത്രി അധികൃതർ. മരിച്ച 6 പേരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചിരുന്നു. സിലി സമാന ലക്ഷണങ്ങളോടെ മുൻപും ചികിത്സ തേടിയിരുന്നതിനാൽ മരണത്തിൽ സംശയം തോന്നിയില്ല. സിലിയുടെ മകൾ ആൾഫൈനെ എത്തിച്ചത് അതീവഗുരുതരാവസ്ഥയിലാണ്. പരിശോധനകളുടെ രേഖകൾ പൊലീസിനു കൈമാറിയെന്നും അഡ്മിനിസ്ട്രേറ്റർ എം.കെ.മുബാറക് പറഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama