go

കണ്ണാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മൂന്നു വയസ്സുകാരൻ മരിച്ചു

പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവു മൂലം കുട്ടി മരിച്ചെന്ന് ആരോപിച്ചു കേരള കുംഭാര സമുദായസഭയുടെ നേതൃത്വത്തിൽ ആശുപത്രിക്കു മുന്നിൽ നടത്തിയ പ്രതിഷേധം. (ഇൻസെറ്റിൽ മരിച്ച അനയ്.) 								ചിത്രം : മനോരമ
പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവു മൂലം കുട്ടി മരിച്ചെന്ന് ആരോപിച്ചു കേരള കുംഭാര സമുദായസഭയുടെ നേതൃത്വത്തിൽ ആശുപത്രിക്കു മുന്നിൽ നടത്തിയ പ്രതിഷേധം. (ഇൻസെറ്റിൽ മരിച്ച അനയ്.) ചിത്രം : മനോരമ
SHARE

കോഴിക്കോട്/മലപ്പുറം ∙ പിറന്നാൾ ദിനത്തിൽ 3 വയസ്സുകാരനു ദാരുണാന്ത്യം. പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മലപ്പുറം താഴേ ചേളാരി പൂതേരി വളപ്പിൽ ചാലിയിൽ രാജേഷിന്റെ മകൻ അനയ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ചികിത്സപ്പിഴവാണ് മരണകാരണമെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് അനസ്തീസിയ ഡോക്ടറോട് ജോലിയിൽനിന്നു മാറിനിൽക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. 

ഞായറാഴ്ച രാവിലെ കളിക്കുന്നതിനിടെയാണ് അനയ്‌യുടെ കൺപോളയ്ക്കു ക്രിക്കറ്റ് ബാറ്റ് തട്ടി പരുക്കേറ്റത്. തുടർന്ന് വീടിനടുത്തുള്ള ഡോക്ടറെ കാണിച്ചു പ്രാഥമിക ചികിത്സ നൽകി. എന്നാൽ, തിങ്കളാഴ്ച കുട്ടിയുടെ കണ്ണിൽ ചുവപ്പ് നിറം കൂടിയതോടെ രാവിലെ കോംട്രസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. കൺപോളയ്ക്കു പൊട്ടൽ ഉണ്ടെന്നും അണുബാധ വരാതിരിക്കാൻ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദേശിച്ചു. അനസ്തീസിയ നൽകി കുട്ടിയെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി.

10 മിനിറ്റിനു ശേഷം കുട്ടിക്കു പൾസ് കുറവാണെന്നും ഓക്സിജൻ കൊടുത്തിരിക്കുകയാണെന്നും ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞു. തുടർന്ന് മിംസ് ആശുപത്രിയിൽ നിന്ന് ഡോക്ടറെ ഇവിടേക്ക് എത്തിച്ചു പരിശോധിച്ചെന്നും പിന്നീട് ആശുപത്രി അധികൃതർ തന്നെ കുട്ടിയെ മിംസിലേക്ക് മാറ്റുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഉച്ചയ്ക്ക് 1.30ന് കുട്ടി മരിച്ചു. ടെസ്റ്റ് ഡോസില്ലാതെ അനസ്തീസിയ നൽകിയതാണ് മരണകാരണമെന്നു ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ ഡോക്ടർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നു നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ.ബാബു പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കൂ.കുട്ടിയുടെ മൃതദേഹം വഹിച്ച ആംബുലൻസുമായി ബന്ധുക്കളും നാട്ടുകാരും കേരള കുംഭാര സമുദായസഭയുടെ നേതൃത്വത്തിൽ ഇന്നലെ കോംട്രസ്റ്റ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധിച്ചിരുന്നു.

കണ്ണിനു പരുക്കേറ്റ നിലയിലാണു കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. കാഴ്ചയ്ക്ക് തകരാറുണ്ടാവാൻ സാധ്യതയുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആദ്യഘട്ടം അനസ്തീസിയ നൽകി. തുടർന്ന് കുട്ടിയുടെ പൾസ് കുറഞ്ഞു. ഓക്സിജൻ നൽകിയ ശേഷം കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കുട്ടിക്ക് മരണം സംഭവിച്ചു. 

ജനിച്ച് ദിവസങ്ങൾ കഴിഞ്ഞ കുട്ടികൾക്കുപോലും ഇവിടെനിന്ന് ഇത്തരം ശസ്ത്രക്രിയ ചെയ്യാറുണ്ട്. സാധാരണ നൽകുന്ന അതേ രീതിയിലാണ് അനയ്ക്കും മരുന്ന് നൽകിയത്. അമിതമായി ഒരു മരുന്നും നൽകിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ചികിത്സപ്പിഴവ് സംഭിവിച്ചില്ലെന്നും കോംട്രസ്റ്റ് ആശുപത്രി അധികൃതർ അറിയിച്ചു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama