go

കനോലി കനാൽ ആഴം കൂട്ടിയത് വിനയായി?

Kozhikode News
കോഴിക്കോട് കാരപ്പറമ്പിനും കുണ്ടൂപറമ്പിനുമിടയിൽ കനോലി കനാലിന്റെ തെക്കുഭാഗത്തെ മരം കടപുഴകി മണ്ണും മതിലും കനാലിലേക്കു താഴ്ന്ന നിലയിൽ.തകർന്ന ഇലക്ട്ര‍ിക് പോസ്റ്റുകളും കാണാം.
SHARE

കോഴിക്കോട്∙ കാരപ്പറമ്പ്–കുണ്ടൂപറമ്പ് റോഡിൽ കഴിഞ്ഞ ദിവസം മരങ്ങൾ വീണത് കനോലി കനാലിന്റെ അശാസ്ത്രീയമായ ആഴംകൂട്ടൽ കാരണമെന്ന് ആരോപണം. പ്രദേശത്ത് ഒരുമാസത്തിനിടെ കനാലിന്റെ ഭിത്തി ഇടിയുന്നത് രണ്ടാം തവണ. കടപുഴകിയ മരങ്ങൾ മറിഞ്ഞു വീണത് കുളവാഴ നീക്കാൻ കൊണ്ടുവന്ന ഷ്രഡ്ഡിങ് യന്ത്രത്തിനു മുകളിലേക്കാണ്. മരങ്ങൾ മറിഞ്ഞുവീണ ഭാഗത്ത് റോഡിന്റെ ഒരു വശം വിണ്ടുകീറി ഇടിഞ്ഞതോടെ അപകടഭീഷണി തുടരുകയാണ്. 

Kozhikode News
കോഴിക്കോട് കാരപ്പറമ്പിനും കുണ്ടൂപറമ്പിനുമിടയിൽ കനോലി കനാലിന്റെ തെക്കുഭാഗത്തെ മരം കടപുഴകി മണ്ണും മതിലും കനാലിലേക്കു താഴ്ന്നപ്പോൾ, കനാലിലെ ചെളി നീക്കം ചെയ്യാൻ എത്തിച്ച യന്ത്ര‍ം ചെളിയിൽ ഉറച്ച നിലയിൽ . ചിത്രങ്ങൾ: മനോരമ

മുടപ്പാട്ടു പാലത്തിനു തെക്കുഭാഗത്ത് റോഡരികിൽ നിന്ന  വലിയ രണ്ടു തണൽമരങ്ങളാണ് ഭിത്തിയിടിഞ്ഞ് കനാലിലേക്ക് മറിഞ്ഞുവീണത്. 200 മീറ്റർ അകലെ മുടപ്പാട്ട് പാലത്തോടു ചേർന്നു കനാലിന്റെ ഭിത്തി ഇടിഞ്ഞത് ആഴ്ചകൾക്കു മുൻപാണ്. 

ഭിത്തി കനാലെടുത്തതോ?

കനോലി കനാലിലൂടെ ബോട്ട് ഓടിക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്തു മാസങ്ങൾക്കുമുൻപ് ആഴം കൂട്ടൽ പ്രവൃത്തികൾ‍ നടന്നിരുന്നു. എന്നാൽ കനാലിന്റെ ഭിത്തിയുടെ ഉറപ്പോ കരുത്തോ പരിശോധിക്കാതെയാണ് ആഴംകൂട്ടുന്നതെന്ന് പ്രദേശവാസികളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. കനാലിന്റെ മധ്യഭാഗത്തൂടെ ആഴത്തിൽ മണ്ണെടുത്തുമാറ്റുകയായിരുന്നു. ജങ്കാറിനുമുകളിൽ മണ്ണുമാന്തിയന്ത്രം കനാലിലേക്ക് ഇറക്കിയാണ് ആഴംകൂട്ടൽ നടത്തിയത്.

കനാലിന്റെ നടുഭാഗത്ത് മാത്രം  ആഴം കൂട്ടിയതോടെ ഇരുവശത്തുനിന്നും മണ്ണും കരിങ്കൽ ഭിത്തിയും കനാലിലേക്ക് തള്ളിനിൽക്കുകയായിരുന്നു. ഇരുവശത്തുനിന്നും ഏതു സമയത്തും തകരാവുന്ന രീതിയിലാണ് ഭിത്തികളുടെ നിൽപ്പെന്നും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഇതിനിടെയാണ് പൈപ്പുപൊട്ടി വെള്ളം ഒഴുകാൻ  തുടങ്ങിയത്. അതിരാവിലെ പൈപ്പുപൊട്ടിയ വിവരം ജല അതോറിറ്റി ജീവനക്കാരെ വിളിച്ചറിയിച്ചു. എന്നാൽ അവധിദിവസമായതിനാൽ വരാൻ കഴിയില്ലെന്ന് മറുപടി പറഞ്ഞതായും റസി.അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മരം വീണ് റോഡിന്റെ ഒരു വശം ഇടിഞ്ഞതോടെ ജീവനക്കാർ വരാൻ നിർബന്ധിതരാവുകയായിരുന്നു. 

അശാസ്ത്രീയമായ ആഴംകൂട്ടലിനെതിരെ പല തവണ പരാതി നൽകിയിട്ടും കോർപറേഷൻ അധികൃതർ ഗൗനിച്ചില്ലെന്ന് പ്രദേശവാസിയായ ടി.സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞദിവസം തകർന്ന ഭിത്തിയുടെ എതിർവശത്തെ ഭിത്തി തകരാൻ തുടങ്ങിയാൽ നൂറുകണക്കിന് വീടുകൾ കനാലിലേക്ക് ഇടിഞ്ഞുവീഴുമെന്ന്  പ്രദേശവാസികൾ ഭയത്തോടെ പറയുന്നു. 

മരത്തിനിടിയിൽ കുളവാഴ  അരിയൽ യന്ത്രവും

കനാലിലേക്ക് മറിഞ്ഞുവീണ മരത്തിന്റെ ചില്ലകൾ ഇന്നലെ രാവിലെ വെട്ടിമാറ്റുന്നതുകണ്ട് നാട്ടുകാർ‍ അധികൃതരുടെ കാര്യക്ഷമതയിൽ അഭിമാനിച്ചു. പിന്നീടാണ് മരത്തിനടിയിൽപെട്ട ഷ്രഡ്ഡിങ് യന്ത്രം നീക്കാൻ ‘ക്വിൽ’ കമ്പനിയുടെ തൊഴിലാളികളാണ് മരച്ചില്ലകൾ വെട്ടിമാറ്റുന്നതെന്ന് അറിഞ്ഞത്.

യന്ത്രം വലിച്ചുനീക്കാൻ എതിർവശത്തെ  വീതികുറഞ്ഞ കരയിലൂടെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നാൽ തടയുമെന്നാണ്  പ്രദേശവാസികൾ പറയുന്നത്. മരം വെട്ടിമാറ്റിയാലും നൂറു മീറ്ററിലധികം നീളത്തിൽ ഇടിഞ്ഞുപോയ കനാൽ ഭിത്തി കെട്ടിയുറപ്പാക്കിയാലേ റോഡിലൂടെ വാഹനങ്ങൾ സുരക്ഷിതമായി കടന്നുപോവൂ.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama