go

അത്യാഹിതം! ഡോക്ടർമാരില്ല

Kozhikode News
SHARE

മാവൂർ ∙ മെഡിക്കൽകോളജ് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിൽ. ഇത് ശരിയാക്കാൻ നോക്കിയ അത്യാഹിത വിഭാഗം സൂപ്രണ്ട് ഡോ വി.രവികുമാർ മനം മടുത്ത് രാജിവച്ചു. അനസ്തീസിയ വിഭാഗത്തിലെ ഡോ. ഫിജുലിനാണ് ഇപ്പോൾ ചുമതല. പുതിയ സൂപ്രണ്ട് ചാർജെടുക്കും മുൻപേ ഡോ വി.രവികുമാർ ഇറക്കിയ ഉത്തരവുകളോട് ഡോക്ടർമാർ സഹകരിക്കുന്നില്ലെന്നും ആക്ഷേപം. ഇതോടെ അത്യാഹിത വിഭാഗത്തിൽ അടിയന്തിര ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് ദുരിതം മാത്രം.

Kozhikode News
മെഡിക്കൽകോളജ് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റിയത് ചൂണ്ടിക്കാട്ടി മുൻ സൂപ്രണ്ട് ഇറക്കിയ ഉത്തരവ്

ഈ വിഭാഗത്തിൽ ഡോക്ടർമാരില്ലാത്തതാണ് പ്രശ്നങ്ങൾക്ക് മുഖ്യ കാരണം. രാത്രി 11 കഴിഞ്ഞാൽ അത്യാഹിത വിഭാഗത്തിന്റെ പൂർണമായ നിയന്ത്രണം ഹൗസ്‌ സർ‌ജൻസിനാണ്. ഒരു മെഡിക്കൽ ഓഫിസർ, സീനിയർ റസിഡന്റ്സ് ഡോക്ടർ‌, പിജി ഡോക്ടർമാർ, ഹൗസ്‌ സർജൻസ് എന്നിവർ അത്യാഹിത വിഭാഗത്തിൽ വേണമെന്നാണ് നിബന്ധന. എന്നാൽ ചില ഡിപ്പാർട്ട്മെന്റുകളിലെ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും മാത്രമേ ഇവിടെയുണ്ടാകാറുള്ളൂ. 

രാത്രിയിൽ പിജി ഡോക്ടർമാരും എത്താറില്ല. ഓർത്തോ, മെഡിസിൻ, സർജറി വിഭാഗക്കാരാണ് കാഷ്വാലിറ്റിയിൽ കാര്യമായി വേണ്ടത്. ഇതു തന്നെ കുത്തഴിഞ്ഞ നിലയിലാണ്. ഇഎൻടി ഉൾപ്പടെയുള്ള മറ്റു വിഭാഗങ്ങൾ പേരിനു മാത്രവും.  

രോഗികളെ   എങ്ങോട്ട് വിടും?

അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ ആദ്യം പരിശോധിക്കേണ്ടത് എമർജൻസി മെഡിസിൻ വിഭാഗക്കാരാണ്. എന്നാൽ അത്യാഹിത വിഭാഗത്തിൽ എമർജൻസി മെഡിസിൻ ഡോക്ടർ‌മാരില്ല. അതിനാൽ രോഗികളെ ആദ്യം പരിശോധിക്കുന്നത് ഹൗസ് സർജൻമാരാണ്. ഇവർ പ്രാഥമിക പരിശോധന നടത്തിയാണ് മറ്റു വിഭാഗങ്ങളിലേക്ക് അയയ്ക്കുന്നത്.  ഇവർക്ക് കൃത്യമായി തീരുമാനങ്ങളെടുക്കാൻ കഴിയാത്തതിനാൽ സർജറിയിലേക്ക് അയയ്ക്കേണ്ട രോഗികളെ ഓർത്തോയിലേക്കും തിരിച്ചും അയയ്ക്കാറുണ്ട്. 

പിന്നീട് രോഗികളുടെ മുൻപിൽവച്ച് ചീട്ടുവാങ്ങി എഴുതിയത് വെട്ടിയും തിരുത്തിയും മറ്റു വിഭാഗങ്ങളിലേക്ക് വിടും. അതിനിടയ്ക്ക് രോഗിയുടെ ആരോഗ്യ നില വഷളാവും. ഇത്തരത്തിൽ ഡോക്ടർമാർ തന്നെ രോഗികളെ ഇട്ടു തട്ടുന്നത് പതിവാണെന്ന് ആശുപത്രി അധികൃതർ തന്നെ പറയുന്നു.

അപകടങ്ങളിൽപെട്ട് അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികൾക്ക് സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ, എക്സ് റേ തുടങ്ങിയ പരിശോധനകൾ വേണ്ടിവരും. ഇതിനായി രോഗികളെ വിടുന്നത് അടിയന്തിര ശുശ്രൂഷ പോലും നൽകാതെയാണ്. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് അടിയന്തിര ചികിത്സ നൽകി രോഗിയുടെ ആരോഗ്യ നില മെച്ചപ്പെടുത്തണമെന്നാണ് പറയാറെങ്കിലും ഇതുണ്ടാവാറില്ല.  

സ്കാനിങ്ങിനും മറ്റു പരിശോധനകൾക്കുമായി എത്തുന്നവരുടെ തിരക്കുകാരണം ഒന്നും രണ്ടും മണിക്കൂർ കഴിഞ്ഞാലേ അത്യാഹിത വിഭാഗത്തിൽ നിന്നു വിടുന്ന രോഗികൾക്ക് സ്കാനിങ് ഉൾപ്പടെയുള്ള പരിശോധനകൾ നടത്താൻ സാധിക്കൂ. വരാന്തയിൽ ഊഴം കാത്ത് കിടക്കുന്ന രോഗിയുടെ ആരോഗ്യ നില വഷളായി രോഗി മരിച്ച സംഭവം വരെയുണ്ടായിട്ടും ഇതുവരെ ഇതു തിരുത്താൻ അധികൃതർ തയാറായിട്ടില്ല. 

സ്കാനിങ് കഴിഞ്ഞാലും പരിശോധനാഫലം കിട്ടാൻ മണിക്കൂറുകളെടുക്കും. അതുവരെ ശുശ്രൂഷ ലഭിക്കാതെ രോഗി അത്യാഹിത വിഭാഗത്തിൽ തുടരണം.  പരിശോധന ഫലം കിട്ടിയാലും പിജിക്കാർ ഉൾപ്പടെയുള്ള മുതിർന്ന ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ ഇല്ലാത്തതിനാൽ ഹൗസ് സർജൻസിന് കൃത്യമായ തീരുമാനമെടുക്കാനും കഴിയാറില്ല.

ലിഫ്റ്റുകളും പണിമുടക്കി

കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ എല്ലാ ലിഫ്റ്റുകളും പ്രവർത്തനം മുടക്കിയതോടെ രോഗികൾ ദുരിതത്തിലായി. പ്രധാന ആശുപത്രിയിലെ ലിഫ്റ്റുകളുടെ പ്രവർത്തനമാണ്  ഇന്നലെ പൂർണമായും നിലച്ചത്. മൂന്ന് ലിഫ്റ്റുകളാണ്  ആശുപത്രിയിലുള്ളത്. ഗേറ്റിനു  സമീപത്തുള്ളത്  പ്രവർത്തനം നിലച്ചിട്ട് മൂന്ന് ദിവസത്തോളമായി. എട്ടാം വാർഡിന് സമീപമുള്ള ലിഫ്റ്റ് തറ നിലയിൽ എത്താതെ മുകളിൽ നിന്ന് തന്നെ തിരിച്ചു പോവുകയാണ്.

ഇന്നലെ  അഞ്ചാം വാർഡിനു സമീപമുള്ള ലിഫ്റ്റുകൂടി പണി മുടക്കിയതോടെ മുകൾ നിലയിലേക്ക് പോകേണ്ട  രോഗികൾ തീർത്തും വലഞ്ഞു. ബന്ധുക്കളില്ലാതെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഒന്നോ രണ്ടോ ആളുകൾ ചേർന്ന് സ്ട്രെച്ചറിൽ റാംപ് വഴി തള്ളി മുകളുലെത്തിക്കുക ശ്രമകരമായ കാര്യമാണ്. ഇവിടെ സ്ഥിരമായി ലിഫ്റ്റ് ഓപ്പറേറ്റർമാരില്ലാത്തത് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. 

നടപടി വേണം

അത്യാഹിത വിഭാഗത്തിൽ പിജി ഡോക്ടർമാരില്ലാത്ത പ്രശ്നം പരിഹരിക്കാനും ഡ്യൂട്ടിയിൽ നിന്ന് മുങ്ങി ഉറങ്ങാനും കറങ്ങാനും പോകുന്നവരെ കണ്ടെത്താനും നടപടിയില്ല. ഒരു യോഗം ചേർന്ന് പിജിക്കാരെ ചുറ്റും ഇരുത്തി ഇക്കാര്യത്തിൽ കർശന നിലപാടെടുക്കാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

പൂച്ചയ്ക്ക് ആരു മണികെട്ടും എന്നു പറഞ്ഞപോലെയാണ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം. ആശുപത്രിയുടെ അത്യാഹിത വിഭാഗം നന്നായാലേ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാകൂ. ഇപ്പോൾ രോഗിക്ക് ആയുസ്സുണ്ടെങ്കിലേ ജീവനുണ്ടാകൂ എന്നാണ് അവസ്ഥ. മികച്ച ചികിത്സയ്ക്കു പകരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രിയിൽ നരകയാതന മാത്രം

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama