go

മാവൂർ ടൗൺ മുങ്ങിയപ്പോൾ; കടലിൽ ചേരും മുൻപ് മാവൂരിനെയും മുക്കി ചാലിയാർ

Kozhikode News
ചാലിയാർ കരകവിഞ്ഞ് മാവൂർ കണ്ണിപറമ്പ് റോഡ് വെള്ളത്തിലായപ്പോൾ.
SHARE

കോഴിക്കോട്∙ നിലമ്പൂർ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായതിന്റെ പിറ്റേ ദിവസമാണ് ചാലിയാറിന്റെ തീരത്തുള്ള മാവൂർ മേഖലയിൽ അപകടകരമായി ജലനിരപ്പുയർന്നത്. ഓഗസ്റ്റ് 9ന്. അന്നു തന്നെയായിരുന്നു ഈ മേഖലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തതും. 210 മിലി മീറ്റർ മഴയാണ് അന്നു കുന്നമംഗലം ബ്ലോക്കിൽ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് എട്ടിന് 4.25 മീറ്ററായിരുന്ന ചാലിയാറിലെ ജലനിരപ്പ് ഒറ്റദിവസം കൊണ്ട് 7 മീറ്ററായി ഉയർന്നു.

ചാലിയാറിന്റെ തീരത്തുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിലമ്പൂർ ഭാഗത്തുനിന്ന് ഒലിച്ചുവന്ന വൻമരങ്ങളും പാറക്കൂട്ടങ്ങളും പുഴയോരത്ത് അടിഞ്ഞു. ബേപ്പൂർ പുലിമുട്ടിനും ചാലിയം പുലിമുട്ടിനും ഇടയിലൂടെ ഒഴുകി ബേപ്പൂർ അഴിമുഖത്തു വച്ചാണ് ചാലിയാർ കടലിൽ ചേരുന്നത്. വേലിയേറ്റവും ശക്തമായ മഴയ്ക്കൊപ്പമെത്തിയ കടൽക്ഷോഭവും ഒഴുകിയെത്തിയ വെള്ളത്തെ ചാലിയാറിലേക്കു തിരിച്ചുതള്ളിയതും വെള്ളപ്പൊക്കത്തിന്റെ ഭീകരത വർധിപ്പിച്ചു.

Kozhikode News
ഐ.വി.ചന്ദ്രൻ

വിത്തിനെയും വെറുതെ വിട്ടില്ല; ചന്ദ്രന് നഷ്ടം 30 ലക്ഷം  

വെള്ളന്നൂരിലെ ഐ.വി.ചന്ദ്രന്റെ ഒന്നരയേക്കർ കൃഷിയിടത്തിൽ വെള്ളം കയറിയിറങ്ങിയപ്പോൾ പ്രതിസന്ധിയിലായതു ജില്ലയുടെ തെക്കൻ മേഖലയിലെ കാർഷികമേഖലയാകെയാണ്. കൃഷിവകുപ്പ് ജില്ലയിൽ വിതരണം ചെയ്യുന്ന തൈകൾ ഉൽപാദിപ്പിക്കുന്ന നഴ്സറിയാണു പ്രളയമെടുത്തത്. പച്ചക്കറിത്തൈകൾ വളർത്തുന്ന പോളിഹൗസിൽ പത്തടി പൊക്കത്തിൽ വെള്ളം കയറി. 

മൂന്നു ദിവസം കഴിഞ്ഞു വെള്ളമിറങ്ങുമ്പോഴേക്കും തൈകളുടെ ശവപ്പറമ്പായി മാറിയിരുന്നു ചന്ദ്രന്റെ നഴ്സറി. കോഴിക്കോട് ജില്ലയിലെ മികച്ച കർഷകനുള്ള കൃഷിവകുപ്പിന്റെ പുരസ്കാരം നേടിയ ചാത്തമംഗലം വെള്ളന്നൂർ ഐ.വി.ചന്ദ്രന് ഈ പ്രളയം സമ്മാനിച്ചത് 30 ലക്ഷം രൂപയുടെ നഷ്ടം. ചാലിയാറിന്റെ കൈവഴിയായ ചെറുപുഴ കരകവിഞ്ഞാണ് ചന്ദ്രന്റെ കൃഷിയിടം നശിച്ചത്.

ആറു ടണ്ണോളം വ്യത്യസ്തയിനം നാടൻ നെൽവിത്തുകൾ വെള്ളം കയറിയതോടെ ചാക്കിൽ തന്നെ മുളച്ചുപൊങ്ങി. ചിങ്ങം ഒന്നിനു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി തയാറാക്കിയ ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും തൈകളും പാടേ നശിച്ചു. മീൻ കുളത്തിന്റെ അരികുഭിത്തി ഇടിഞ്ഞുവീണു. 12,000 മീൻ കുഞ്ഞുങ്ങൾക്കൊപ്പം വിളവെടുക്കാറായ മീനും  ഒലിച്ചുപോയി. 

ഫാമിനോടു ചേർന്ന ജൈവവള നിർമാണ യൂണിറ്റിലെ യന്ത്രങ്ങൾ വെള്ളം കയറി നശിച്ചു.മില്ലിലെ നെല്ലുകുത്തുന്ന യന്ത്രവും അവിലിടിക്കുന്ന യന്ത്രവും തകരാറിലായി. പശുത്തൊഴുത്ത് പൂർണമായി തകർന്നു. രണ്ടു പ്രളയങ്ങൾ തകർത്തെറിഞ്ഞ കൃഷിഭൂമിയിൽ  പ്രതീക്ഷയോടെ വീണ്ടും വിത്തെറിയുകയാണു ചന്ദ്രൻ. പക്ഷേ, രണ്ടു ദിവസം തുടർച്ചയായി മഴ പെയ്താൽ കൃഷിയിടത്തിലേക്ക് കവിഞ്ഞൊഴുകാൻ കാത്തിരിക്കുന്ന പുഴ ചന്ദ്രന്റെ സ്വപ്നങ്ങൾക്കു മുകളിൽ ആശങ്കയായി പരന്നുകിടക്കുന്നു.

നെല്ല് വിട്ട് വാഴ വച്ചു; അതും മുക്കി പുഴ

കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷിയുള്ളത് ചാത്തമംഗലം പ്രദേശത്താണ്. ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് മാവൂർ, ചാത്തമംഗലം മേഖലകളിലും. സമൃദ്ധി വിളഞ്ഞിരുന്ന ആ പാടങ്ങളെയാണ് ചാലിയാർ മുക്കിക്കളഞ്ഞത്. മാവൂരിലെ വയലുകളിലെല്ലാം നെല്ലു വിളഞ്ഞിരുന്ന കാലമുണ്ടായിരുന്നു.

കണക്കുകളിൽ നഷ്ടം മാത്രം ബാക്കിയായതോടെ കർഷകർ വാഴക്കൃഷിയിലേക്കു തിരിഞ്ഞു. 2018ലെ പ്രളയത്തിൽ വയലുകളിൽ വെള്ളം കയറിയപ്പോൾ തോണികളിലെത്തിയാണ് കർഷകർ വാഴക്കുല വെട്ടിയത്. ഇക്കുറി പക്ഷേ, വെള്ളം വാഴയ്ക്കും മുകളിലുയർന്നു. വെള്ളമിറങ്ങിയപ്പോൾ വാഴക്കുലയിൽ കായകൾക്കിടയിൽ ചെളി അടിഞ്ഞുകൂടിയിരുന്നു.

കഴുകി വൃത്തിയാക്കിയ വാഴക്കുലയും കച്ചവടക്കാർ എടുത്തില്ല. വാഴയും നെല്ലും മാത്രമല്ല പച്ചക്കറികളും തെങ്ങും കമുകുമെല്ലാം വെള്ളം കയറി നശിച്ചു. കുന്നമംഗലം ബ്ലോക്കിൽ മാത്രം 271 ഹെക്ടറിൽ കൃഷിനാശമുണ്ടായെന്നാണു കൃഷിവകുപ്പിന്റെ കണക്ക്. നാശനഷ്ടം 9.6 കോടി രൂപയുടേതും. പക്ഷേ, നഷ്ടപരിഹാരമായി വിതരണം ചെയ്യാൻ അനുവദിച്ചത് 1.2 കോടി മാത്രം.

വന്നാൽ വന്നു: പോയാൽ പോയി

രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ പ്രധാന നദികളിൽ സെൻട്രൽ വാട്ടർ കമ്മിഷന് പ്രളയ മുന്നറിയിപ്പ് സ്റ്റേഷനുകളുണ്ട്. രാജസ്ഥാനിൽ വരെയുണ്ട്. പക്ഷേ, 44 നദികളുള്ള കേരളത്തിൽ ഒന്നുപോലുമില്ല. നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പു നൽകുകയാണ് പ്രളയമുന്നറിയിപ്പു കേന്ദ്രങ്ങളുടെ ലക്ഷ്യം. 

ഓഗസ്റ്റ് എട്ടിന് വൈകിട്ട് 5ന് തന്നെ നിലമ്പൂരിലെ പൂക്കോട്ടുമണ്ണയിൽ വെള്ളം പൊങ്ങിയിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. പൂക്കോട്ടുമണ്ണയ്ക്കു താഴെയുള്ള പ്രദേശങ്ങളിൽ അതേസമയം നമ്മൾ പാലങ്ങളിൽനിന്ന് ഒഴുകി വരുന്ന തേങ്ങ പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാത്രി എട്ടോടെയാണ് നിലമ്പൂർ ടൗണിൽ വെള്ളം കയറിയത്. 

chaliyar

പിറ്റേന്നാണ് മാവൂർ മുങ്ങുന്നത്. പക്ഷേ,  ഒരു മുന്നറിയിപ്പും നമുക്കു കിട്ടിയില്ല. 2018 ലെ പ്രളയശേഷം ഓറ‍ഞ്ച് അലർട്ട്, റെഡ് അലർട്ട് എന്നിങ്ങനെ മഴയുടെ സാധ്യത നമ്മളറിയുന്നുണ്ട്. ഇതുപോലെ തന്നെ നദികളിലെ ജലനിരപ്പു സംബന്ധിച്ചു മുന്നറിയിപ്പു നൽകുന്ന കേന്ദ്രങ്ങൾ ഉണ്ടാകേണ്ടതല്ലേ.  പ്രത്യേകിച്ചും കിഴക്കൻ മഴയും പടിഞ്ഞാറൻ മഴയും ഒരുപോലെ കിട്ടുന്ന, വർഷം മുഴുവൻ പ്രളയ സാധ്യതയുള്ള ചാലിയാറിലെങ്കിലും.

ചാലിയാർ തീരത്തെ കൃഷിനഷ്ടം (വിവിധ കൃഷിഭവൻ പരിധികളിൽ)

∙ മാവൂർ– 24.95 ഹെക്ടർ, 1.03 കോടി
∙ പെരുവയൽ– 25.52 ഹെക്ടർ, 91 ലക്ഷം
∙ ചാത്തമംഗലം– 123 ഹെക്ടർ, 1.08 കോടി
∙ കാരശ്ശേരി– 10 ഹെക്ടർ, 1.01 കോടി
∙ കൊടിയത്തൂർ– 10 ഹെക്ടർ, 45 ലക്ഷം

∙ മുക്കം– 38 ഹെക്ടർ, 45 ലക്ഷം
∙ പെരുമണ്ണ– 10 ഹെക്ടർ, 45 ലക്ഷം
∙ രാമനാട്ടുകര– 2 ഹെക്ടർ, 4 ലക്ഷം
∙ ബേപ്പൂർ– ഒരു ഹെക്ടർ, 1.5 ലക്ഷം
∙ ഫറോക്ക്– ഒരു ഹെക്ടർ, രണ്ടു ലക്ഷം
∙ ചാലിയാർ– 50 ഹെക്ടർ, 2.56 കോടി രൂപ (നഷ്ടം)

∙ ചുങ്കത്തറ – 367 ഹെക്ടർ, 23.96 കോടി
∙ എടക്കര – 29 ഹെക്ടർ, 1.74 കോടി
∙ മൂത്തേടം– 18,346 ഹെക്ടർ, 46.43 കോടി
∙ നിലമ്പൂർ – 26 ഹെക്ടർ, 91.55 ലക്ഷം
∙ പോത്തുകല്ല് – 214 ഹെക്ടർ, 14.82 കോടി
∙ വഴിക്കടവ് – 27 ഹെക്ടർ, 1 കോടി

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama