go

മഴ മായ്ച്ചു, ആ കുടുംബചിത്രം: വിരുന്നു വന്നു; മിഥുനെ മരണം കൊണ്ടുപോയി

കണ്ണീർമഴയത്ത്... കനത്ത മഴയിൽ നിലമ്പൂർ എരുമമുണ്ട ചെട്ടിയാംപാറയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ദുരന്തസ്ഥലത്തു‌നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.
കണ്ണീർമഴയത്ത്... കനത്ത മഴയിൽ നിലമ്പൂർ എരുമമുണ്ട ചെട്ടിയാംപാറയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ദുരന്തസ്ഥലത്തു‌നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.
SHARE

എരുമമുണ്ട ∙ അഞ്ചുപേരടങ്ങുന്ന കുടുംബവും അതിഥിയായി എത്തിയ പതിനാറുകാരനും ചെളിയിലാണ്ടുപോയതിന്റെ കണ്ണീരാണ് ഇനി എരുമമുണ്ട ചെട്ടിയാംമലക്കാർക്കു മിച്ചമുള്ളത്. ബാക്കിയെല്ലാം ഉരുൾപൊട്ടൽ കൊണ്ടുപോയി. ചെങ്കുത്തായ മലയ്ക്കു താഴെ, സർക്കാർ പതിച്ചുനൽകിയ മിച്ചഭൂമിയിൽ ഇനി ജീവിതം തിരിച്ചുപിടിക്കുക എളുപ്പമല്ല. ഒരു വീട് മണ്ണിനടിയിലായി. മറ്റുവീടുകൾ  ഭാഗികമായി തകർന്നു. അര കിലോമീറ്ററോളം മണ്ണും പാറക്കൂട്ടങ്ങളും നിറഞ്ഞു.

എരുമമുണ്ട അങ്ങാടിയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ചെട്ടിയാംമല. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് അനുവദിച്ച മിച്ചഭൂമിയിൽ ഇരുപത്തിയഞ്ചും മുപ്പതും വർഷമായി താമസിക്കുന്ന കുടുംബങ്ങളുണ്ട്. മലയ്ക്കു മീതെ ഒരുമാസം മുൻപ് മണ്ണിടിച്ചിലുണ്ടായിരുന്നതായും  സർക്കാർ സംവിധാനങ്ങൾ അതു കാര്യമായെടുത്ത് നടപടികൾ സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറയുന്നു.

കനത്ത മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും രക്ഷാപ്രവർത്തനം അസാധ്യമാക്കിയിട്ടും തളരാതെ, കാണാതായവർക്കുവേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തി. ബുധനാഴ്ച രാത്രി തുടങ്ങിയ രക്ഷാപ്രവർത്തനം ഇന്നലെ വൈകിട്ട് ആറിന് വെളിച്ചക്കുറവ് തടസ്സമുണ്ടാക്കുംവരെ നീണ്ടു.

സുബ്രഹ്മണ്യൻ
സുബ്രഹ്മണ്യൻ

ഓരോരുത്തരെയും പുറത്തെടുക്കുമ്പോൾ ജീവന്റെ അവസാനസ്പന്ദനത്തിനു വേണ്ടി രക്ഷാപ്രവർത്തകർ കാതോർത്തു. നിലമ്പൂർ നഗരത്തിലും പ്രധാനറോഡുകളിലും വെള്ളം കയറിയതോടെ അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്ത് എത്തിച്ചേരാനോ കണ്ടെടുത്തവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാനോ കഴിയാത്ത സ്ഥിതിയായിരുന്നു.

വിരുന്നു വന്നു; മിഥുനെ മരണം കൊണ്ടുപോയി
എരുമമുണ്ട ∙ അവധിദിവസം ബന്ധുക്കൾക്കൊപ്പം ചെലവിടാനെത്തിയ മിഥുൻ അവർക്കൊപ്പം മരണത്തിലേക്കു മറഞ്ഞു. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് വീട്ടിൽനിന്ന് ഇറങ്ങിയോടിയ അവന്റെ മൃതദേഹം, തകർന്നടിഞ്ഞ വീട്ടിൽനിന്ന് 100 മീറ്റർ അകലെയാണ് കണ്ടെത്തിയത്. മാതൃസഹോദരിയായ കുഞ്ഞിയുടെ എരുമമുണ്ട ചെട്ടിയാംപാറയിലെ വീട്ടിൽ, മിഥുൻ ഇടയ്‌ക്കുവന്ന് നിൽക്കാറുണ്ട്. ഉരുൾപൊട്ടലുണ്ടായ ഉടൻ, കുഞ്ഞിയുടെ വീട്ടിൽ അഞ്ചുപേരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് രക്ഷാപ്രവർത്തകർ ആദ്യം ധരിച്ചത്. പിന്നെയാണ് വിരുന്നെത്തിയ ഒരാൾകൂടി ഉണ്ടെന്ന് അറിയുന്നത്.

ഉരുൾപൊട്ടലിൽ മരിച്ച മിഥുൻ, നവനീത്, നിവേദ്, ഗീത, കുഞ്ഞിലക്ഷ്മി
ഉരുൾപൊട്ടലിൽ മരിച്ച മിഥുൻ, നവനീത്, നിവേദ്, ഗീത, കുഞ്ഞിലക്ഷ്മി

തിരച്ചിലിനൊടുവിൽ, മിഥുന്റെ മൃതദേഹം വീടിന്റെ നൂറു മീറ്ററോളം താഴ്ഭാഗത്തുനിന്നു കണ്ടെത്തുകയായിരുന്നു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ വീടിനു സമീപത്തുനിന്നു തന്നെ കണ്ടെത്തി. നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ മിഥുൻ മഴ കാരണം സ്‌കൂൾ അവധിയായതിനാലാണ് ബുധനാഴ്‌ച വിരുന്നിനെത്തിയത്. അടുത്തുള്ള മുട്ടിയേൽ കോളനിയിലാണ് വീട്. ഉരുൾപൊട്ടലിന്റെ ഭയാനക ശബ്‌ദം കേട്ട് മിഥുൻ ഓടിയതാകും എന്നാണു കരുതുന്നത്. പ്ലസ് വൺ പ്രവേശനം ലഭിച്ച് ക്ലാസിൽ പോകാൻ തുടങ്ങിയിട്ട് ഒരാഴ്‌ചയേ ആയിരുന്നുള്ളു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama