go

ഭൂമിയുടെ നെഞ്ച് പിളർത്തി മഴ, മഴ, മഴ; ഉയിരെടുത്ത് ഉരുൾ

എരുമമുണ്ട ചെട്ടിയാംപാറയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് അഗ്നിശമനസേന തിരച്ചിൽ നടത്തുന്നു.
എരുമമുണ്ട ചെട്ടിയാംപാറയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് അഗ്നിശമനസേന തിരച്ചിൽ നടത്തുന്നു.
SHARE

നിലമ്പൂർ ∙ അതിതീവ്രമായ മഴയിൽ കുതിർന്നുപോയി നിലമ്പൂർ ഇന്നലെ. കാലാവസ്ഥാ വിഭാഗത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘എക്സപ്ഷനലി ഹെവി റെയിൻഫോൾ’ (അതിതീവ്രമായ മഴ). സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് നിലമ്പൂരിലാണ്; 40 സെന്റിമീറ്റർ. തിരിമുറിയാതെ ഒന്നരദിവസം മഴയോടു മഴ. പെയ്തിറങ്ങിയ വെള്ളം മണ്ണിനു താങ്ങാൻ കഴിയാതായതോടെ പലയിടത്തും ഉരുൾപൊട്ടി. ചാലിയാറിലേക്കു വെള്ളമെത്തിക്കുന്ന കൈവഴികളിലൂടെ വെള്ളം തിരിച്ചൊഴുകി. സുരക്ഷിതമെന്നു കരുതിയിരുന്ന സ്ഥലങ്ങളിൽപോലും നോക്കിനിൽക്കെ വെള്ളം കയറി.

കനത്ത മഴയിൽ വെള്ളംകയറിയ നിലമ്പൂർ ജനതപ്പടിയിൽ അകപ്പെട്ടുപോയ ചരക്കുലോറികൾ.                ചിത്രം: മനോരമ
കനത്ത മഴയിൽ വെള്ളംകയറിയ നിലമ്പൂർ ജനതപ്പടിയിൽ അകപ്പെട്ടുപോയ ചരക്കുലോറികൾ. ചിത്രം: മനോരമ

രക്ഷാപ്രവർത്തകർക്കുപോലും എത്തിപ്പെടാൻ കഴിയാത്ത വിധം നിലമ്പൂർ നഗരം വെള്ളത്തിലായി. ഇന്നലെ മഴയപകടങ്ങളുണ്ടായ വയനാട് മാനന്തവാടിയിൽ 31 സെന്റിമീറ്ററും ഇടുക്കി മൂന്നാർ, പീരുമേട് എന്നിവിടങ്ങളിൽ 25 സെന്റിമീറ്ററും പാലക്കാട്, ഇടുക്കി മൈലാടുംപാറ എന്നിവിടങ്ങളിൽ 21 സെന്റിമീറ്ററുമാണ് മഴ. എല്ലാം നിലമ്പൂരിനു പിന്നിൽ. 24 മണിക്കൂറിൽ 12 മുതൽ 20 വരെ സെന്റിമീറ്റർ മഴയാണെങ്കിൽ അത് അതിശക്തമായ മഴ (വെരി ഹെവി റെയിൻഫോൾ) വിഭാഗത്തിലാണ് പെടുത്തുക. ഏഴു മുതൽ 14 സെന്റിമീറ്റർ വരെയെങ്കിൽ ശക്തമായ മഴ (ഹെവി റെയിൻഫോൾ).

കണ്ണീർച്ചാലായി... കരുവാരകുണ്ട് ചേരിയിൽ ഉരുൾപൊട്ടി യ ഭാഗം.                        ചിത്രം: മനോരമ
കണ്ണീർച്ചാലായി... കരുവാരകുണ്ട് ചേരിയിൽ ഉരുൾപൊട്ടിയ ഭാഗം. ചിത്രം: മനോരമ

ഇരുപതും കടന്നു പെയ്യുന്ന അതിതീവ്ര മഴയുടെ ഇരട്ടി മഴയാണ് നിലമ്പൂരിൽ പെയ്തത്. ജില്ലയുടെ ദുരന്തനിവാരണ കർമരേഖ അനുസരിച്ച്, സംസ്ഥാന അതിർത്തിയായ നാടുകാണി മുതൽ നിലമ്പൂരും പിന്നിട്ട് ഏറനാട് താലൂക്കിന്റെ വടക്കുപടിഞ്ഞാറുവരെ ഉരുൾപൊട്ടൽ സാധ്യതാ മേഖലയാണ്. നിലമ്പൂർ, കരുവാരകുണ്ട്, വണ്ടൂർ, കാളികാവ് എന്നിവിടങ്ങളിലായി പല തവണ ഉരുൾപൊട്ടി, വെള്ളം കുതിച്ചുപാഞ്ഞതോടെ ചാലിയാറും കൈവഴികളും പുറത്തേക്കൊഴുകി. കാര്യമായ മഴയില്ലാതിരുന്നിട്ടും വൃഷ്ടിപ്രദേശത്തെ മഴ ഒഴുകിയെത്തിയതോടെ കൊണ്ടോട്ടി എടവണ്ണപ്പാറ – വാഴക്കാട് മേഖല വെള്ളത്തിലായി.

കരുവാരകുണ്ട് മണലിയാംപാടത്ത് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ വീട്ടിൽ അകപ്പെട്ടുപോയ കോതോലിൽ ജോർജിന്റെ ഭാര്യ മോളിയെ സന്നദ്ധ പ്രവർത്തകർ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുവരുന്നു.
കരുവാരകുണ്ട് മണലിയാംപാടത്ത് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ വീട്ടിൽ അകപ്പെട്ടുപോയ കോതോലിൽ ജോർജിന്റെ ഭാര്യ മോളിയെ സന്നദ്ധ പ്രവർത്തകർ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുവരുന്നു.

മഴക്കണക്ക് ഇന്നലെ രാവിലെ 8.30നുള്ള പ്രതിദിന മഴക്കണക്ക് ജില്ലയിൽ ഇങ്ങനെ

 • നിലമ്പൂർ 40 സെ.മീ.
 • മഞ്ചേരി 3.4
 • പെരിന്തൽമണ്ണ 3.1
 • അങ്ങാടിപ്പുറം 2.4
 • കരിപ്പൂർ 1.0
 • പൊന്നാനി 0.24  
MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama