go

സൗദിയിലേക്ക് ഇനി സന്തോഷയാത്ര; ഏഴ് വിമാനങ്ങളും തിരിച്ചെത്തിക്കും

saudi-airlines
SHARE

മലപ്പുറം ∙ മലബാറിലെ സൗദി പ്രവാസികൾക്ക് ഇനി ‘ഹാപ്പി ജേണി’. കോഴിക്കോട്ട് വലിയ വിമാനങ്ങളുടെ സർവീസ് നിലച്ചതോടെ കഴിഞ്ഞ മൂന്നുവർഷം മറ്റു വിമാനത്താവളങ്ങൾ വഴി സൗദിയിലേക്ക് വട്ടംചുറ്റിപ്പറന്നിരുന്നവർക്ക് ഇനി നേരിട്ടു പറക്കാം. യാത്രാസമയം ഏറെ ലാഭിക്കാം. 2015ൽ ഇവിടെ സർവീസ് നടത്തിയിരുന്ന ഏഴു വിമാനങ്ങളും തിരിച്ചെത്തിക്കുമെന്ന സൗദി എയർലൈൻസിന്റെ ഉറപ്പും പ്രവാസികളുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു. ‌മലബാർ മേഖലയിൽനിന്ന് ഏകദേശം 11.7 ലക്ഷം പേർ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.

ഓരോ വർഷവും 1.2 ലക്ഷത്തോളം പേർ ഹജ്– ഉംറ തീർഥാടകരായി മലബാറിൽനിന്ന് സൗദിയിലേക്കു പറക്കുന്നുണ്ട്. വിനോദസഞ്ചാരികളായി 15,000 പേരും പ്രതിവർഷം ഇവിടെനിന്ന് സൗദിയിലെത്തുന്നു. നീണ്ട കാത്തിരിപ്പിനുശേഷമുള്ള ഡിജിസിഎ അനുമതി ഈ പ്രവാസി ലക്ഷങ്ങളുടെ മനസ്സിലാണ് ആശ്വാസ ലാൻഡിങ് നടത്തിയത്.

വലിയ വിമാനം എത്തുന്നതോടെ സ്വകാര്യ സംഘങ്ങൾ വഴിയുള്ള ഹജ്, ഉംറ യാത്രകളും കോഴിക്കോട് വിമാനത്താവളം വഴി നടത്താനാകും പലയിടത്തായി ചിതറിപ്പോയ യാത്രക്കാർ തിരിച്ചെത്തുന്നത് കോഴിക്കോട് വിമാനത്താവളത്തിന്റെ വരുമാനത്തിലും പ്രതിഫലിക്കും. കരിപ്പൂർ– ജിദ്ദ സർവീസ് പുനരാരംഭിക്കാനായാൽ ഈ മേഖലയിലെ പ്രതിവർഷ യാത്രക്കാരുടെ എണ്ണം 15 ലക്ഷത്തിലേക്കുയരുമെന്ന് കോഴിക്കോട് വിമാനത്താവള അധികൃതർ ഡിജിസിഎക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

∙ വലിയ വിമാനം രണ്ടുമാസത്തിനകം സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങൾ രണ്ടു മാസത്തിനകം കോഴിക്കോട്ട് എത്തും. ‘ഇ’ ശ്രേണിയിൽപെട്ട ബോയിങ് 777 –200 ഇആർ, എയർ ബസ് 330 –300 വിമാനങ്ങളാണ് സർവീസ് നടത്തുകയെന്ന് സൗദി എയർലൈൻസ് അറിയിച്ചു. റിയാദിലേക്കും ജിദ്ദയിലേക്കും സർവീസ് നടത്തും. ബോയിങ് 777–200 ഇആർ വിമാനത്തിൽ 341 പേർക്കും എയർ ബസ് 330 –300 വിമാനത്തിൽ 298 പേർക്കും യാത്ര ചെയ്യാനാകും. പുറമെ കാർഗോയും കൊണ്ടുപോകാം.

സെപ്റ്റംബർ 15നു ശേഷം സർവീസ് നടത്താൻ തയാറാണെന്ന് സൗദി എയർലൈൻസ് നേരത്തെ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, വിമാന സമയം, വിമാനത്താവളത്തിലെ ക്രമീകരണം, പാർക്കിങ്, വിമാന ടിക്കറ്റ് തുടങ്ങി പല ഒരുക്കങ്ങളും വേണ്ടിവരുന്നതിനാൽ ഒരു മാസത്തിലേറെ നടപടികൾക്കു വേണ്ടിവരും. ഒക്ടോബറിലാണ് ശീതകാല വിമാന സമയപ്പട്ടിക നിലവിൽ വരുന്നത്. ഈ ഷെഡ്യൂളിൽ സൗദി എയർലൈൻസ് വിമാനങ്ങളും ഉണ്ടാകും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama