go

പെരുമഴ ബാക്കിവച്ചതിനിടയിൽ വീടുതിരഞ്ഞ് ചന്തൻ

malappuram-chandan
ദുരന്തം ബാക്കിവച്ചത്... ഉരുൾപൊട്ടലിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കരികെ ചന്തൻ. വീടിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റിന്റെ കുറച്ചുഭാഗം മാത്രമാണ് പുറമെ കാണാനുള്ളത്. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
SHARE

ചുങ്കത്തറ ∙ ദുരിതാശ്വാസ ക്യാംപിൽ 35 ദിവസത്തെ വാസത്തിനു ശേഷം ചെറിയ ചന്തൻ (55) സ്വന്തം വീടുണ്ടായിരുന്ന സ്‌ഥലം കാണാനെത്തി; ചെട്ടിയാംപാറ മലമുകളിലൊരിടത്ത്. കൂറ്റൻപാറകളും മണ്ണും കല്ലും മരങ്ങളും വീണ് അടിഞ്ഞു കിടക്കുന്ന മലഞ്ചെരിവ്. വീടു നിന്നിരുന്ന സ്‌ഥലം തിരിച്ചറിയാനാകുന്നില്ല. എല്ലാ മൺകൂനകളും ഒരുപോലെ. അതിരുകളും അധ്വാനവും വിയർപ്പും വിളകളുമെല്ലാം കവർന്നെടുത്തതിന്റെ ശേഷിപ്പ്. 

‘ഇവിടെയായിരുന്നു ഞങ്ങളുടെ വീട്’. കായ്‌ച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു പ്ലാവിൽ മുട്ടോളം ഉയരത്തിൽ പടർന്നു കയറിയ കുരുമുളകു വള്ളിയിൽ പിടിച്ച് ചന്തൻ പറഞ്ഞു. സ്വന്തം വീടുണ്ടായിരുന്ന സ്‌ഥലം തിരിച്ചറിയാൻ പ്രകൃതി ബാക്കിവച്ചത് അതുമാത്രം. ആ പ്ലാവാണു ചന്തനെയും ഭാര്യ ശാന്തയെയും ഉരുൾപൊട്ടലിൽ നിന്നു രക്ഷപ്പെടുത്തിയത്.  കനത്ത മഴയോടൊപ്പം മലപിളരുന്ന വലിയ ശബ്‌ദം കേട്ടാണു ചന്തനും ഭാര്യ ശാന്തയും വീടിന്റെ മുറ്റത്തേക്ക്  ഓടിയത്. അപ്പോഴേക്കും വെള്ളവും മണ്ണും കല്ലും വീടിനുമേൽ വീണിരുന്നു. കുത്തൊഴുക്കിൽ നിന്നു രക്ഷപ്പെടാൻ മുറ്റത്തെ പ്ലാവിൽ കെട്ടിപ്പിടിച്ചു നിന്നു.

ചന്തന്റെ കഴുത്തിനൊപ്പം മണ്ണു മൂടി. ശാന്ത പൂർണമായും മണ്ണിനടിയിലായി. അപ്പോഴും പ്ലാവിലെ പിടിത്തം വിട്ടിട്ടുണ്ടായിരുന്നില്ല. നിന്ന നിൽപിൽ കൈകൊണ്ടു മണ്ണും കല്ലും നീക്കി ചന്തൻ ശരീരം രക്ഷപ്പെടുത്തി. മണ്ണിനടിയിൽ പെട്ട ഭാര്യയെയും മണ്ണു നീക്കി പുറത്തെടുത്തു. രക്ഷാപ്രവർത്തകരെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയത്. അതിനു ശേഷം എരഞ്ഞിമങ്ങാട് ക്യാംപിലായിരുന്നു. ദുരന്തത്തെ അതിജീവിച്ച ചന്തൻ ഇന്നലെയാണ് ആദ്യമായി ചെട്ടിയാംപാറയിലെത്തുന്നത്. 

വീടിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റിന്റെ ചെറിയ ഒരു മൂലമാത്രമാണു മണ്ണിനു വെളിയിൽ കാണാനുള്ളത്. തൊട്ടടുത്ത 2 വീടുകളിലുണ്ടായിരുന്ന 6 പേരെ മരണം കൊണ്ടുപോയി. ‘എല്ലാം പോയി, 33 സെന്റ് സ്‌ഥലം, ഇരുമുറി വീട്, പ്രമാണങ്ങൾ, വീട്ടുപകരണങ്ങൾ... ജീവൻ തിരിച്ചു കിട്ടിയല്ലോ, ഇനി ആദ്യം തൊട്ടു തുടങ്ങണം.’ വാക്കുകളിൽ ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും ആ കണ്ണുകൾ നനഞ്ഞിരുന്നു. 

Read more : Kerala Floods

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama