go

ഇനി ഓടിയോടി വരാല്ലോ...

malappuram-air-bus
മടക്കയാത്രയ്ക്കു തയാറെടുക്കുന്ന സൗദി എയർലൈൻസിന്റെ എയർ ബസ് 330–300 വലിയ വിമാനം
SHARE

കരിപ്പൂർ ∙ വളഞ്ഞുചുറ്റിയുള്ള യാത്ര അവസാനിപ്പിച്ച് കോഴിക്കോട്– സൗദി യാത്ര നേർരേഖയിലായപ്പോൾ പ്രവാസികൾക്ക് ആശ്വാസം. നെടുമ്പാശേരി വഴി വട്ടംകറങ്ങിയും കണക്‌ഷൻ ഫ്ലൈറ്റിനായി മണിക്കൂറുകൾ കാത്തിരുന്നുമുള്ള ദുരിതയാത്ര അവസാനിച്ചതിന്റെ സന്തോഷമാണ് ഇന്നലെ ആദ്യ വിമാനത്തിൽ വന്നിറങ്ങിയവർ പങ്കുവച്ചത്. 

ജിദ്ദ– കോഴിക്കോട് സർവീസ് പുനരാരംഭിച്ചതിന്റെ സന്തോഷം ആദ്യ വിമാനത്തിൽത്തന്നെ നാട്ടിലെത്തി ആഘോഷിക്കുകയായിരുന്നു മലബാറിലെ പ്രവാസികൾ.

malappuram-passengers-receving
സൗദി എയർലൈൻസിന്റെ വലിയ വിമാനത്തിലെത്തുന്ന യാത്രക്കാർക്ക് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ ഒരുക്കിയ സ്വീകരണത്തിൽനിന്ന്.

ഇനി 6 മണിക്കൂർ യാത്ര വേണ്ട

കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശിയായ എം.എം.മുഹമ്മദ് കഴിഞ്ഞയാഴ്ചയാണ് അവധിക്കുശേഷം ജിദ്ദയിലേക്കു മടങ്ങിപ്പോയത്. പക്ഷേ, വലിയ വിമാനത്തിന്റെ വരവ് വിമാനം കയറിത്തന്നെ ആഘോഷിക്കാൻ തീരുമാനിച്ചതോടെ ഇന്നലെ വീണ്ടും കോഴിക്കോട്ടെത്തി. വിമാനത്താവളത്തിൽനിന്നു വെറും 6 കിലോമീറ്റർ അകലെ താമസിക്കുന്ന മുഹമ്മദ് കഴിഞ്ഞ മൂന്നര വർഷമായി വിമാനം കയറാൻ നെടുമ്പാശേരിയിലേക്ക് 6 മണിക്കൂറാണ് യാത്ര ചെയ്തിരുന്നത്.

ഷിയാസിന് ലാഭം 4 മണിക്കൂർ

ജിദ്ദയിൽ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന മലപ്പുറം മേൽമുറി സ്വദേശി ഷിയാസ് ബാബുവിന്റെ യാത്രാദുരിതം കണക്‌ഷൻ ഫ്ലൈറ്റുമായി ബന്ധപ്പെട്ടായിരുന്നു. കോഴിക്കോട്ടുനിന്ന് ഒമാനിലേക്കും അബുദാബിയിലേക്കും വിമാനം കയറിയിരുന്ന ഷിയാസിന് ജിദ്ദയിലേക്കുള്ള കണക്‌ഷൻ ഫ്ലൈറ്റിനായി അവിടെ 4 മണിക്കൂറിലേറെ കാത്തിരിക്കേണ്ട ഗതികേടായിരുന്നു ഇതുവരെ.

എല്ലാവർക്കും സന്തോഷം

22 വർഷമായി ജിദ്ദയിൽ ബിസിനസ് നടത്തുന്ന വാഴക്കാട് സ്വദേശി അബ്ദുൽ കരീമും 12 വർഷമായി സൗദിയിലുള്ള നെല്ലിക്കുത്ത് സ്വദേശി അബ്ദുൽ റഫീഖും പങ്കുവച്ചത് ഒരേ സന്തോഷം; വീട്ടിലെത്താൻ ഇനി വെറും 5 മണിക്കൂർ മതിയല്ലോ.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama