go

പറന്നുയർന്ന് വീണ്ടും; ആഘോഷത്തിമിർപ്പിൽ കരിപ്പൂർ

malappuram-flight
ശുഭയാത്ര... ജിദ്ദയിലേക്കുള്ള സൗദി എയർലൈൻസിന്റെ എയർബസ് 330–300 വലിയ വിമാനം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയരുന്നു. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
SHARE

കരിപ്പൂർ∙ പുതുപ്പെണ്ണിനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്ന കല്യാണവീടു പോലെയായിരുന്നു ഇന്നലെ കോഴിക്കോട് വിമാനത്താവളം. ആദ്യ വിമാനത്തെ സ്വീകരിക്കാൻ വഴിനീളെ കൊടിതോരണങ്ങൾ, മധുരം നൽകൽ, കൊട്ടുംപാട്ടും ആഘോഷവും. സൗദിയുടെ വലിയ വിമാനത്തിൽ വന്നിറങ്ങിയവരും പോകാനെത്തിയവരും ആഘോഷങ്ങൾ കണ്ടുഞെട്ടി. ‌

malappuram-crowd
നാടിന്റെ ആവേശം: സൗദി എയർലൈൻസിന്റെ വലിയ വിമാനത്തിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയവരുടെ തിരക്ക്.

മൂന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ വലിയ വിമാന സർവീസ് പുനഃരാരംഭിച്ച ദിവസം അക്ഷരാർഥത്തിൽ കരിപ്പൂരിന്റെ ദേശീയോത്സവമായി മാറുകയായിരുന്നു. വലിയ വിമാനം നിരോധിച്ചപ്പോൾ‌ സമരം ചെയ്ത രാഷ്ട്രീയ പാർട്ടികൾ, പ്രവാസി സംഘടനകൾ, ഉപവാസത്തിനിറങ്ങിയ യുവജന പ്രസ്ഥാനങ്ങൾ തുടങ്ങി എല്ലാവരുടെയും വിജയദിനം കൂടിയായിരുന്നു ഇന്നലെ. എയർപോർട്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ശിങ്കാരിമേളമൊരുക്കിയാണ് യാത്രക്കാരെ സ്വീകരിച്ചത്. 

malappuram-ministers
ത്രിവർണ ലഡു കിട്ടുമോ? സൗദി എയർലൈൻസിന്റെ വലിയ വിമാനത്തെ സ്വീകരിക്കാൻ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി എംപിക്ക് യുഡിഎഫ് പ്രവർത്തകർ മധുരം നൽകുന്നു. എം.കെ.രാഘവൻ എംപി, സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.അബ്ദുൽ മജീദ് തുടങ്ങിയവർ സമീപം.

വിമാനത്താവള പരിസരത്ത് ഫ്ലാഷ് മോബും ഗാനമേളയുമുണ്ടായിരുന്നു. കെഎംസിസി ജിദ്ദ യൂണിറ്റ്, ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് മധുരം നൽകി.  മുസ്‍ലിം ലീഗ്, എസ്‌വൈഎസ്, മലബാർ ഡവലപ്മെന്റ് ഫോറം, മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രവർത്തകരും യാത്രക്കാരെ സ്വീകരിക്കാനെത്തിയിരുന്നു. 

malappuram-airport
ജിദ്ദയിലേക്കുള്ള സൗദി എയർലൈൻസ് വലിയ വിമാനത്തിന്റെ മടക്കയാത്ര പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഫ്ലാഗ്ഓഫ് ചെയ്യുന്നു. എംപിമാരായ എം.കെ.രാഘവൻ, ഇ.ടി.മുഹമ്മദ് ബഷീർ, എംഎൽഎമാരായ ടി.വി.ഇബ്രാഹിം, പി.അബ്ദുൽ ഹമീദ് തുടങ്ങിയവർ സമീപം.

ആഘോഷപരിപാടികളിൽ സൗദി എയർലൈൻസും പിന്നോട്ടുപോയില്ല. ഇന്ത്യയിലെ സൗദി അംബാസഡർ ഡോ.സൗദ് മുഹമ്മദ് അൽസാത്തിയുടെ നേതൃത്വത്തിൽ രാവിലെ   കോഴിക്കോട് വിമാനത്താവളത്തിൽ കേക്ക് മുറിച്ചു. ആദ്യ വിമാനത്തിലെ യാത്രക്കാർക്ക് സ്പെഷൽ കിറ്റുകളും സമ്മാനിച്ചു. 

എംഎൽഎമാരായ അബ്ദുൽ ഹമീദ്, പി.വി.ഇബ്രാഹിം, മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, കൊണ്ടോട്ടി നഗരസഭാധ്യക്ഷ കെ.സി.ഷീബ, വിമാനത്താവള ഉപദേശക സമിതി അംഗങ്ങൾ എന്നിവരും വിമാനത്തെ വരവേൽക്കാൻ കരിപ്പൂരിൽ എത്തിയിരുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama