തിരൂർ ∙‘ ഇവിടെ എന്നും ഇങ്ങനെ തന്നെയാണോ’ ? തിരൂരിലെ മാർക്കറ്റിൽ അവശ്യസാധനങ്ങൾ വാങ്ങിക്കാൻ എത്തുന്നവരുടെ ചോദ്യമാണിത്. ചാലുകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ രൂക്ഷമായ ദുർഗന്ധമാണ് മാർക്കറ്റിൽ. ഇതുമൂലം ആളുകൾ മൂക്കുപൊത്തിയാണ് ഇവിടേക്ക് സാധനങ്ങൾ വാങ്ങിക്കാൻ എത്തുന്നത്. ദിവസം മുഴുവനും ദുർഗന്ധം സഹിച്ച് പണിയെടുക്കുന്ന കച്ചവടക്കാരും ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്.
ചാലുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യത്തിനു നിറമാറ്റം സംഭവിച്ചതോടെ പുഴുക്കളരിക്കാനും തുടങ്ങിയിട്ടുണ്ട്. ദിവസവും നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ മാർക്കറ്റിലെത്തുന്നുണ്ടെങ്കിലും ചാലുകളിൽ വലിയ തോതിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നില്ലെന്ന് വ്യാപാരികൾ ആരോപിച്ചു. പകർച്ചരോഗ ഭീതിയിൽ ആളുകൾ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിക്കാൻ എത്തുന്നത് കുറഞ്ഞതും വ്യാപാരികൾക്ക് തിരിച്ചടിയായിട്ടുണ്ട്