go

കടലോരത്തെ സമാധാനം തകർക്കാൻ നീക്കം

SHARE

തിരൂർ∙ കടലോര മേഖലയിൽ സമാധാനം നിലനിർത്തുന്നതിനായുള്ള രാഷ്ട്രീയ സംഘടനകളുടെയും പൊലീസിന്റെയും ഒത്തൊരുമിച്ചുള്ള ശ്രമങ്ങൾ പൊളിക്കാൻ അക്രമി സംഘങ്ങളുടെ ആസൂത്രിത നീക്കം. കഴിഞ്ഞ ദിവസം പറവണ്ണയിൽ 3 ലീഗ് പ്രവർത്തകരെ വെട്ടിപ്പരുക്കേൽപിച്ച സംഭവം സമാധാനം ഇല്ലാതാക്കാനുള്ള അക്രമി സംഘങ്ങളുടെ ശ്രമമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അക്രമികളെ ഉടൻ പിടികൂടി കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലീഗും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങളായി കുടുംബങ്ങൾ ദുരിതം അനുഭവിച്ചിരുന്ന തിരൂർ, താനൂർ കടലോര മേഖലയിൽ ശാശ്വത സമാധാനം നിലനിർത്തുന്നതിനായി സിപിഎം-ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് വിവിധ പരിപാടികൾ നടക്കുന്നതിനിടെയാണ് അക്രമം.

ഒരു വർഷത്തിനിടെ തീരദേശമേഖലയിൽ 18 സംഘർഷങ്ങളിലായി ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും വീടും വാഹനങ്ങളും കത്തിക്കുകയും ചെയ്തെങ്കിലും രാഷ്ട്രീയ പാർട്ടികളൊന്നും പ്രതികളെ സംരക്ഷിക്കാനായി രംഗത്തെത്തിയില്ല. ചെറിയ സംഘർഷങ്ങൾക്കിടയിലും പൊലീസും വിവിധ സംഘടനകളുമായി ചേർന്ന് കടലോരത്ത് രാഷ്ട്രീയ പാർട്ടികൾ കലാ-കായിക പരിപാടികളും ബോധവൽക്കരണവും സംഘടിപ്പിച്ചതോടെ തീരത്ത് സമാധാനം കൈവന്നത് കുടുംബങ്ങളെ ആശ്വാസത്തിലാക്കിയിരുന്നു.

കടലോരത്ത് പിടിമുറുക്കിയിരുന്ന ലഹരിമരുന്നു സംഘങ്ങൾക്കെതിരെ യുവാക്കൾ സംഘടിച്ചതോടെയാണ് സമാധാന ശ്രമങ്ങൾ പൊളിക്കാനായി ഒരു വിഭാഗം അക്രമവുമായി രംഗത്ത് എത്തിയിരിക്കുന്നതെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, തീരദേശത്ത് അക്രമം നടത്തുന്നവരെ പിടികൂടി കർശന നടപടികൾ കൈക്കൊള്ളാൻ പൊലീസിന് കഴിയാത്തതാണ് അടിക്കടിയുള്ള അക്രമങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറ‍ഞ്ഞു. ഒരു വർഷത്തിനിടെ തീരദേശമേഖലയിൽ ഉണ്ടായത് 18 സംഘർഷങ്ങൾ.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama