go

വൻ കഞ്ചാവുവേട്ട; വിറ്റവരും വാങ്ങിയവരുമായി 8 പേർ അകത്ത്

 Malappuram News
അറസ്റ്റിലായ അബ്ദുൽ ഹക്കീമും മുഹമ്മദ് ഷരീഫും.
SHARE

പെരിന്തൽമണ്ണ∙ ടൗണിലും പരിസരങ്ങളിലും വ്യാപക കഞ്ചാവുവേട്ട. 1.760 കിലോഗ്രാം കഞ്ചാവ് പിടികൂടി. ചെറുകിട കച്ചവടക്കാരനും മൊത്ത വിതരണക്കാരനുമടക്കം 8 പേർ അറസ്‌റ്റിലായി. രഹസ്യവിവരത്തെ തുടർന്ന് ഡിവൈഎസ്‌പി എം.പി.മോഹനചന്ദ്രൻ, സിഐ ടി.എസ്.ബിനു എന്നിവരുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞു നടത്തിയ രഹസ്യപരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. 

കഞ്ചാവ് മൊത്തവിതരണക്കാരനായ വൈലോങ്ങര സ്വദേശി പാലത്തിങ്ങൽ അബ്‌ദുൽ ഹക്കീമിനെ (20) 1.7 കിലോഗ്രാം കഞ്ചാവുമായി മുനിസിപ്പൽ സ്‌റ്റേഡിയത്തിനു സമീപത്തുനിന്ന് എസ്‌ഐ മഞ്ജിത് ലാലും സംഘവുമാണ് അറസ്‌റ്റ് ചെയ്‍തത്. ചെറുകിട വിൽപനക്കാരനായ നാട്യമംഗലം സ്വദേശി കുറുപ്പത്ത് മുഹമ്മദ്  ഷരീഫിനെ((39) പട്ടാമ്പി റോഡിൽനിന്ന് 60 ഗ്രാം ക‍ഞ്ചാവുമായി അറസ്‌റ്റ് ചെയ്‍തു. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ ഉപയോഗിച്ചതിന് ടിഎൻ പുരം സ്വദേശി പൊക്കക്കില്ലത്ത് മുഹമ്മദ് സവാദ് (33), നാട്യമംഗലം സ്വദേശി പള്ളിയാലിൽ സഹീർബാബു (39), പുഴക്കാട്ടിരി സ്വദേശികളായ ആൽപ്പാറ നാരായണൻ(60), കരിമ്പനപ്പള്ളിയാലിൽ മനോജ്‌കുമാർ(35), നെല്ലിക്കുത്ത് വീട്ടിൽ ലാൽ (52), മണ്ണാർമല സ്വദേശി പള്ളിപ്പാറ വീട്ടിൽ മുഹമ്മദ് ഷഹീർ (24) എന്നിവരെ അറസ്‌റ്റ് ചെയ്‍തത്. 

തമിഴ്‍നാട്ടിലെ ഡിണ്ടിഗൽ, ഓട്ടൻഛത്രം ഭാഗങ്ങളിലെ ഊരുകളിൽ പോയി കിലോഗ്രാമിന് 15,000 രൂപയ്‌ക്കാണ് ക‍ഞ്ചാവ് വാങ്ങുന്നതെന്നും ട്രെയിൻ മാർഗം ബാഗിലാണ് കൊണ്ടുവരുന്നതെന്നും മുഖ്യപ്രതി അബ്‌ദുൽ  ഹക്കീം പൊലീസിനു മൊഴി നൽകി. മുഖ്യവിതരണക്കാരായ പട്ടാമ്പി, കൊപ്പം ഭാഗങ്ങളിലെ ആളുകളെക്കുറിച്ച് വിവരം ലഭിച്ചതായും തുടർന്നും പരിശോധന ശക്തമാക്കുമെന്നും ഡിവൈഎസ്‌പി അറിയിച്ചു. 

പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്‌ണകുമാർ, എം.മനോജ് കുമാർ, സുകുമാരൻ, പി.അനീഷ്, പ്രമോദ്, പ്രഫുൽ, വിപിൻചന്ദ്രൻ, അജീഷ്, ജയൻ, ജയമണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

മഞ്ചേരിയിലും  രണ്ടുപേർ  പിടിയിൽ

മഞ്ചേരി∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവു വിൽക്കുന്ന 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ ബസാർ സ്വദേശികളായ ചിറക്കൽ റാഷിദ് (21), ചെമ്മംകാട്ട് ഉനൈസുദ്ദീൻ (21) എന്നിവരാണ് 200 ഗ്രാം കഞ്ചാവ് സഹിതം പിടിയിലായത്.      ഇവരുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.  മഞ്ചേരി സിഐ എൻ.ബി.ഷൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ ജലീൽ കറുത്തേടത്തും സംഘവുമാണ് പിടികൂടിയത്.

സാധനം കയ്യിലുണ്ടോ...?

∙ പൊലീസ് പിടികൂടിയ സംഘം കഞ്ചാവ് വിൽപന നടത്തുന്നത് കോഡ് ഭാഷയിലൂടെ. പ്രത്യേക കോഡ് പറഞ്ഞാലേ കഞ്ചാവു ലഭിക്കൂ. മുനിസിപ്പൽ സ്‌റ്റേഡിയത്തിനു സമീപത്ത് കഞ്ചാവ് ബീഡി വലിച്ചയാളെ മഫ്‌ടി പൊലീസ് പിടികൂടി ചോദ്യം ചെയ്‌തതിൽ നിന്നാണ് രഹസ്യ കോഡ് കണ്ടെത്തിയത്.  ഇതുപയോഗിച്ച് മഫ്‌ടി പൊലീസ് ആവശ്യക്കാരായി നടിച്ച് വിൽപനക്കാരനെ സമീപിക്കുകയായിരുന്നു.

ഇതെത്തുടർന്നാണ് മുഖ്യ വിതരണക്കാരനെയടക്കം 8 പേരെ അറസ്‌റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്. ജില്ലയിലെ സ്‍കൂൾ–കോളജ് പരിസരങ്ങളിലും പ്രധാന ടൗണുകളും കേന്ദ്രീകരിച്ച് കഞ്ചാവ്–ലഹരിമരുന്നുകളുടെ വിൽപന സജീവമായതായി പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama