go

പണം അടച്ചിട്ട് 7 വർഷം; വെള്ളം ഇപ്പോഴും എത്തിയില്ല

malappuram news
SHARE

കുറ്റിപ്പുറം ∙ 7 വർഷം മുൻപ് 3500 രൂപ അടച്ച് ശുദ്ധജലത്തിനായി കാത്തിരുന്ന ആയിരത്തിൽപരം കുടുംബങ്ങൾക്ക് ഈ വേനലിലും ജലനിധി പദ്ധതിയിൽനിന്ന് വെള്ളം ലഭിക്കുന്നില്ല. കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂർ, പകരനെല്ലൂർ, കഴുത്തല്ലൂർ, പള്ളിപ്പടി, ലക്ഷംവീട്, പൊറ്റാരത്ത് കോളനി, അത്താണി ബസാർ, മാമ്പാറ, എംഎം സ്കൂൾ പ്രദേശം, ഊരോത്ത് പള്ളിയാൽ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ജലനിധി വഴി വെള്ളം എത്താത്തത്. 

പണം അടച്ച വീടുകളിലേക്ക് വർഷങ്ങൾക്ക് മുൻപുതന്നെ പൈപ്പ് ലൈനും മീറ്ററുകളും സ്ഥാപിച്ചെങ്കിലും ഒരുതവണ പോലും വെള്ളം എത്തിയിട്ടില്ലെന്നാണ് പരാതി. പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലേക്ക് ആഴ്ചയിൽ ചില ദിവസങ്ങളിൽ വെള്ളം എത്തുന്നുണ്ടെങ്കിലും തുടർച്ചയായി പമ്പിങ് നടക്കുന്നില്ല. 

കുറ്റിപ്പുറം പഞ്ചായത്തിലെ 20 വാർഡുകളിലേക്കുള്ള ജലനിധി കണക്‌ഷനിലേക്ക് തിരുനാവായ ശുദ്ധജല പദ്ധതിയിൽനിന്ന് വെള്ളം എത്തിക്കുന്നതിനാണ് ജലവകുപ്പുമായി കരാർ ഒപ്പിട്ടിട്ടുള്ളത്. എന്നാൽ തിരുനാവായ പദ്ധതിയിൽനിന്ന് വളരെ കുറച്ച് വെള്ളമാണ് ലഭിക്കുന്നതെന്ന് പരാതിയുണ്ട്. 

കൃത്യമായി പണം അടയ്ക്കാത്തതിനെ തുടർന്നും സാങ്കേതിക പ്രശ്നങ്ങളെ തുടർന്നുമാണ് കൃത്യമായി വെള്ളം എത്താത്തത് എന്ന് ബന്ധപ്പെട്ടവർ പറയുന്നു. അതേസമയം നിലവിലെ സ്കീം ലെവൽ കമ്മിറ്റിയും കുറ്റിപ്പുറം പഞ്ചായത്ത് ഭരണസമിതിയും തമ്മിലുള്ള അസ്വാരസ്യമാണ് കുറ്റിപ്പുറത്തെ ജലനിധി പദ്ധതിയുടെ പ്രവർത്തനത്തിന് തടസ്സമെന്ന് ആരോപണമുണ്ട്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama