go

നാടിന്റെ കണ്ണീരൊപ്പാൻ കൈകോർത്ത് വിശ്വാസികൾ

malappuram-perunal
പ്രാർഥനയിൽ ഓർത്ത്... മലപ്പുറം മേൽമുറി മഅദിൻ ഗ്രാൻഡ് മസ്ജിദിൽ പ്രളയദുരിതബാധിതർക്കു വേണ്ടി പ്രത്യേക പ്രാർഥന നടത്തിയപ്പോൾ. പെരുന്നാൾ നമസ്കാരത്തിനു ശേഷമായിരുന്നു പ്രാർഥന.‌ ചിത്രം: മനോരമ
SHARE

മലപ്പുറം∙ ബലി പെരുന്നാൾ ദിനത്തിൽ പ്രാർഥനയ്ക്കൊപ്പം സഹജീവികളുടെ കണ്ണീരൊപ്പാൻ കൈകോർത്ത് വിശ്വാസികൾ. പ്രളയബാധിതരെ സഹായിക്കാനായി തങ്ങളാൽ കഴിയുന്നത് ചെയ്താണ് ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശവുമായെത്തിയ ബലി പെരുന്നാൾ വിശ്വാസികൾ അർഥപൂർണമാക്കിയത്.

malappuram-perunal-1
ജമാഅത്തെ ഇസ്‍ലാമിയുടെ നേതൃത്വത്തിൽ എടപ്പാൾ മസ്ജിദുന്നൂറിൽ നടന്ന പെരുന്നാൾ നമസ്കാരം. പ്രസിഡന്റ് പി.അബ്ദുറഹ്മാൻ പ്രഭാഷണം നടത്തി.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകാൻ ഖാസിമാരും ഇമാമുമാരും നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്ന‍ു. മസ്ജിദുകളിൽ ദുരിതബാധിതരോട് ഐക്യദാർഢ്യം അറിയിച്ച് പ്രാർഥന നടത്തി. ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള വിഭവ സമാഹരണത്തിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്ന‍ു. പെരുന്നാൾ നമസ്‍കാരത്തിനുശേഷം വിശ്വാസികൾ ദുരിതബാധിതർക്കുള്ള ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുന്നതിനുള്ള തിരക്കിലായിരുന്ന‍ു.

ആഘോഷത്തിനുളള സമയം മാറ്റിവച്ച് വാസയോഗ്യമല്ലാതായി തീർന്ന വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താന‍ും യുവാക്കൾ രംഗത്തെത്തി. വിവിധ മേഖലകളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ പുതുവസ്ത്രങ്ങൾ വാങ്ങാൻ കരുതിവച്ച തുക പോലും സഹജീവികളുടെ കണ്ണീരൊപ്പുന്നതിനായി നൽകി.

ദുരിതാശ്വാസ ക്യാംപിൽ പെരുന്നാളാഘോഷം

കോട്ടയ്‍ക്കൽ∙ പുതുപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‍കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലെ ലളിതമായ പെരുന്നാൾ ആഘോഷം വേറിട്ട കാഴ്‍ചയായി. വിവിധ മതസ്‍ഥർ താമസിക്കുന്ന ക്യാംപിൽ ഉച്ചഭക്ഷണം കഴിക്കാൻ പഞ്ചായത്ത്, വില്ലേജ് അധികൃതരുമെത്തി. എടരിക്കോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 120 ആളുകളാണ് കഴിഞ്ഞ 3 ദിവസമായി ഇവിടെ താമസിക്കുന്നത്. പഞ്ചായത്ത് ഉപാധ്യക്ഷൻ വി.ടി.സുബൈർ തങ്ങൾ, വില്ലേജ് ഓഫിസർ രാധാകൃഷ്‍ണൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പെരുന്നാളിനോടനുബന്ധിച്ച് ക്യാംപിൽ സൗഹൃദകൂട്ടായ്‍മ  സംഘടിപ്പിച്ചത്. വീടുകൾ വൃത്തിയാക്കുന്ന മുറയ്‍ക്ക് ആളുകൾ ക്യാംപിനോടു വിടപറയും. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama